മഞ്ചേരി: കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വയോധികയെ രക്ഷപ്പെടുത്തി. പന്തല്ലൂർ കടന്പോട് പറക്കോട്ട്പലത്ത് മുഹമ്മദിന്റെ ഭാര്യ ഓലിക്കൽ ഫാത്തിമയെന്ന എഴുപതുകാരിയാണ് ഒഴുക്കിൽ പെട്ടത്.
ഇന്നലെ രാവിലെയാണ് സംഭവം. കടന്പോട് കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു ഫാത്തിമ. ശക്തമായ ഒഴുക്കിൽ നീന്തലറിയാമെങ്കിലും ഫാത്തിമക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.എങ്കിലും വെള്ളത്തിൽ മലർന്ന് ഒഴുകാനായത് ഇവർക്ക് രക്ഷയായി.
പുഴയിലൂടെ സ്ത്രീ ഒഴുകി പോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരൻ മൊബൈൽ ഫോണിൽ ആനക്കയം ചെക്ക്പോസ്റ്റ്കടവിലുള്ള മണൽ തൊഴിലാളികൾക്ക് വിവരം കൈമാറുകയായിരുന്നു.
എട്ടു കിലോമീറ്റർ ഒഴുകിയെത്തിയ ഫാത്തിമയെ ആനക്കയം ചെക്ക് പോസ്റ്റ് കടവിൽ വെച്ച് മണൽ തൊഴിലാളികൾ കരയ്ക്കു കയറ്റുകയായിരുന്നു.ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ഫാത്തിമ വൈകീട്ടോടെ അപകടനിലതരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.