തിരുവനന്തപുരം: കേരളാ സർവകലാശാല മലയാളം മഹാനിഘണ്ടു എഡിറ്റർ നിയമനം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി സർവകലാശാല.
ഡെപ്യൂട്ടേഷൻ വ്യവസ്ഥകൾ പാലിച്ചു താത്കാലിക നിയമനമാണ് നടത്തിയിട്ടുളളതെന്നു സർവകലാശാല അറിയിച്ചു.
പിഎസ്സി വഴി സ്ഥിരനിയമനം നടത്തുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. ഇതിനാവശ്യമായ സ്പെഷൽ റൂൾസ് തയാറാകേണ്ടതുണ്ട് .
അതിന്റെ അടിസ്ഥാനത്തിൽ മലയാളത്തിലെ പ്രമുഖ പ്രഫസർമാർ അടങ്ങുന്ന വിഷയവിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി, മലയാളത്തിലോ സംസ്കൃതത്തിലോ ഡോക്ടറേറ്റും സർവകലാശാല,
കോളജ് തലത്തിൽ നിശ്ചിത അധ്യാപനപരിചയവും പ്രസിദ്ധീകരണങ്ങളും ഗവേഷണ പരിചയവുമുള്ള സർവകലാശാലാ പ്രഫസർമാരിൽനിന്ന് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിക്കാനും താൽകാലികമായി നിയമനം നടത്താനുമാണ് നിർദേശിച്ചത്.
ജനുവരിയിൽ ഇതിനായി അപേക്ഷ ക്ഷണിച്ചു. ഭാഷാപദങ്ങളുടെ നിരുക്തിയും ധാതുവും കണ്ടുപിടിക്കുന്നതിന് സംസ്കൃതത്തിലെ അഗാധമായ അറിവുകൂടി പ്രയോജനം ചെയ്യുമെന്നതിനാലാണ് സംസ്കൃതംകൂടി യോഗ്യതയുടെ കൂടെ ചേർത്തത്.
യോഗ്യതയുള്ള ഒരു അപേക്ഷ മാത്രമാണ് ഇതിനായി സർവകലാശാലയിൽ ലഭിച്ചിട്ടുള്ളത്. അപേക്ഷ പരിശോധിച്ച വിഷയവിദഗ്ധരടങ്ങുന്ന സെലക്ഷൻ കമ്മിറ്റി ഇന്റർവ്യൂ നടത്തി നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിലാണ് അപേക്ഷകയായിരുന്ന സംസ്കൃതസർവകലാശാലയിലെ പ്രഫസറെ താല്കാലികമായി ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ചതെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.