മുക്കം: കോവിഡ് മഹാമാരി മൂലം ജീവിതം വഴിമുട്ടിയപ്പോൾ അതിനെ വ്യത്യസ്ത രീതിയിൽ അതിജീവിച്ച് പിതാവും മകനും.
കാരശേരി പഞ്ചായത്തിലെ കാരമൂല സ്വദേശിയായ മുനീർ കൊയ്ലത്തുകണ്ടിയും മകൻ ദിൽഷാദുമാണ് പ്രതിസന്ധിക്ക് മുന്പിൽ തളരാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.
കാരമൂലക്കടുത്ത് മണ്ടാംകടവിൽ ഷെഡ് കെട്ടി കടയിട്ടാണ് ഇവർ പ്രതിസന്ധിയെ തരണം ചെയ്തത്. സൗദി അറേബ്യയിൽ ജോലി ചെയ്യുകയായിരുന്ന മുനീർ ജനുവരി ആദ്യത്തെ ആഴ്ചയിലാണ് നാട്ടിലെത്തിയത്.
ആഴ്ചകൾക്കകം കോവിഡ് പടർന്നതോടെ ഗൾഫിലേക്ക് തിരിച്ചു പോകാൻ പറ്റാത്ത അവസ്ഥയായി. ഇതോടെയാണ് അതിജീവനത്തിനായി മറ്റു മാർഗങ്ങൾ തേടാൻ മുനീർ തീരുമാനിച്ചത്.
ജ്യേഷ്ഠൻ നടത്തുന്ന ഫ്ലോർമില്ലിൽ ജോലിയെടുത്ത് പരിചയമുള്ളതിനാൽ മാർക്കറ്റിൽനിന്ന് മുളകും മല്ലിയും അടക്കമുള്ളവ വാങ്ങി കഴുകി പൊടിച്ച് വിൽക്കാൻ തീരുമാനിച്ചു.
അങ്ങനെയാണ് മണ്ടാംകടവിനടുത്ത് കട സജ്ജമാക്കുന്നത്. മുളകുപൊടി, മല്ലിപ്പൊടി, വിവിധയിനം മസാല പൊടികൾ, വിവിധയിനം അച്ചാറുകൾ, ശുദ്ധമായ നാടൻ വെളിച്ചെണ്ണ, അലങ്കാര മത്സ്യങ്ങൾ എന്നിവയാണ് കടയിലെ പ്രധാന വിൽപ്പന സാധനങ്ങൾ. ബന്ധുവീട്ടിൽ നിന്നാണ് അച്ചാർ ഉണ്ടാക്കുന്നത്.
ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയ മകൻ ക്ലാസുകൾ ഓൺലൈൻ ആയതോടെ അലങ്കാര മത്സ്യ കച്ചവടവുമായി പിതാവിനൊപ്പം കൂടുകയായിരുന്നു.
ഗപ്പി, ഫൈറ്റർ, എയ്ഞ്ചൽ, ഗ്രാസ് ഗോൾഡ്, വൈറ്റ് മോളി, ബ്ലാക്ക് മോളി എന്നീ ഇനങ്ങളിൽപെട്ട മത്സ്യമാണ് ഇവിടെയുള്ളത്. വിവിധ ഫാമുകളിൽ നിന്നും മുക്കത്തെ കടകളിൽ നിന്നുമാണ് അലങ്കാര മത്സ്യങ്ങൾ വിൽപ്പനക്കായി എത്തിച്ചിരിക്കുന്നത്.
ഗപ്പിയെ ഇവർ സ്വന്തമായി വിരിയിച്ചെടുക്കുകയാണ്. ഗ്ലാസ് ബോൾ, അക്വേറിയങ്ങൾ എന്നിവയും ഇവിടെ വിൽപ്പനയ്ക്കായി ലഭ്യമാണ്. പ്രതിസന്ധിയൊഴിഞ്ഞ ശേഷം സൗദി അറേബ്യയിലേക്ക് തന്നെ തിരിച്ചു പോകാനാണ് മുനീറിന്റെ തീരുമാനം.
പ്രവാസികളും കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടവരും ഇത്തരത്തിൽ വിവിധ മാർഗങ്ങളിലൂടെയാണ് പ്രതിസന്ധിയെ മറികടക്കുന്നത്.