മുക്കം: പഴംപറമ്പിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നടുങ്ങി നാട്. നാട്ടിക്കല്ലിങ്ങൽ കുട്ട്യാലിയുടെ മകൻ ഷഹീറാണ് ഭാര്യ മുഹ്സിലയെ കഴുത്തറുത്തു കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ച പുലർച്ചെ നാലോടെയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന മുഹ്സിലയുടെ കഴുത്തിൽ ഷഹീർ കത്തി കൊണ്ടു കുത്തുകയായിരുന്നു.
കഴുത്തിൽ കുത്തേറ്റ മുഹ്സില ആക്രമണത്തിൽനിന്നു രക്ഷപ്പെടാനായി വാതിലിനടുത്തേക്ക് ഓടി. പിന്നാലെ എത്തിയ ഷഹീർ കഴുത്തിനു പിന്നിലും കത്തി കൊണ്ടു കുത്തുകയായിരുന്നു.
ആറു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിനുശേഷം ഷഹീർ അധികം പുറത്തിറങ്ങാറില്ലായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.
ഭാര്യയെ സംശയമുള്ള ഷഹീര്‍ ഇക്കാരണം പറഞ്ഞ് എല്ലായ്പ്പോഴും വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിനു കാരണമായതെന്നും സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് യുവതി സ്വന്തം വീട്ടിൽനിന്ന് പഴംപറമ്പിലെ ഭർതൃ വീട്ടിലെത്തിയത്. വീട്ടില്‍നിന്നും വരാന്‍ വൈകിയതിനെ സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായതായി സൂചനയുണ്ട്.
എന്നാൽ ഇരുവരും തമ്മിൽ യാതൊരു പ്രശ്നവും ഇല്ലായിരുന്നുവെന്നും വളരെ സൗഹാർദപരമായാണ് ബന്ധം മുന്നോട്ടു പോയിരുന്നതെന്നും ഷഹീറിന്റെ സഹോദരൻ പറഞ്ഞു. സംഭവം നടക്കുമ്പോൾ ഇവർക്ക് പുറമേ ഉമ്മയും ഉപ്പയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വിവാഹത്തിനു ശേഷം ഷഹീർ ജോലിക്ക് പോകുന്നത് കുറവായിരുന്നുവെന്നും തീരെ പുറത്തിറങ്ങാറില്ലെന്നും സഹോദരൻ പറഞ്ഞു. ഷഹീറിനെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.