രാഹുല് ഗാന്ധി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില് നിന്ന് കമ്മ്യൂണിറ്റി ഹെല്ത്ത് സെന്റര് കെട്ടിടത്തിന്റെ നിര്മാണത്തിനായി അനുവദിച്ച 40 ലക്ഷം രൂപ വേണ്ടെന്ന നിലപാടുമായി മുക്കം നഗരസഭ.
ഈ തീരുമാനത്തിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്. തുക ഈവര്ഷം ചെലവഴിക്കുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നാണ് നഗരസഭാ അധികൃതരുടെ വിശദീകരണം.
സിപിഎം ഭരിക്കുന്ന നഗരസഭ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്ഗ്രസ് ആരോപിക്കുന്നു. രാഹുല് ഗാന്ധി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില് നിന്ന് അനുവദിച്ച 40 ലക്ഷം രൂപ റദ്ദാക്കാന് തീരുമാനിച്ചത് ഈ മാസം ആറിനു ചേര്ന്ന നഗരസഭാ ഭരണ സമിതിയാണ്.
കമ്യൂണിറ്റി ഹെല്ത്ത് സെന്ററിന്റെ നിര്മാണവുമായി ബന്ധപ്പെട്ട മാസ്റ്റര് പ്ലാന് തയാറാകുന്നതിനാല് അനുവദിച്ച തുക ഈ വര്ഷം ചെലവഴിക്കാന് സാധിക്കില്ലെന്നാണ് നഗരസഭ പറയുന്നു.
ഇത് ചൂണ്ടിക്കാണ്ടി നഗരസഭാ സെക്രട്ടറി കളക്ടര്ക്ക് കത്ത് നല്കിയിരുന്നു. എന്നാല് സിപിഎം ഭരിക്കുന്ന നഗരസഭ രാഷ്ട്രീയം കളിക്കുകയാണെന്നും ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കോണ്ഗ്രസ് ആരോപിക്കുന്നു.
കമ്യൂണിറ്റി ഹെല്ത്ത് സെന്ററിന് തൊട്ടടുത്തുള്ള സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയെ സംരക്ഷിക്കാനാണ് ഈ നീക്കമെന്നും ആരോപണമുണ്ട്.
ജനങ്ങളെ അണിനിരത്തി നഗരസഭയുടെ ഈ തീരുമാനത്തിനെതിരേ പ്രക്ഷോഭം ആരംഭിക്കാനൊരുങ്ങുകയാണ് കോണ്ഗ്രസ്.