നീലേശ്വരം: ബസിൽ വച്ച് അബോധാവസ്ഥയിലായ കുട്ടിയെ ജീവനക്കാരുടെ സമയോചിത ഇടപ്പെടലിലൂടെ ആശുപത്രിയിലെത്തിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ചായ്യോം ബസാറിൽ വച്ചായിരുന്നു സംഭവം. മൂകാംബിക ബസാണ് കുട്ടിയുടെ രക്ഷകരായത്.
കൊന്നക്കാടുനിന്ന് വരികയായിരുന്ന മൂകാംബിക ബസിലാണ് ഒന്നര വയസ് പ്രായമുള്ള കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചത്. ഉടൻതന്നെ അബോധാവസ്ഥയിലാകുകയും ചെയ്തു. എന്തുചെയ്യണമെന്നറിയാതെ കുട്ടിയുടെ അമ്മയും യാത്രക്കാരും പകച്ചുനിന്ന സമയത്ത് ഡ്രൈവറായ ശിവപ്രസാദ് ബസ് മുന്നോട്ടെടുക്കുകയായിരുന്നു.
പിന്നെ കണ്ടത് കുട്ടിയുമായി കുതിച്ചോടുന്ന മൂകാംബിക ബസിനെയാണ്. കണ്ടക്ടറായ റോബിന്റെയും ക്ലീനറായ ഉണ്ണിയുടെയും സമയോചിത ഇടപെടലും യാത്രക്കാർ കണ്ടു. ചായ്യോത്ത് ബസാർ മുതലുള്ള എല്ലാ സ്റ്റോപ്പുകളും ഒഴിവാക്കി കുട്ടിയുടെ ജീവനുവേണ്ടിയുള്ള യാത്രയായിരുന്നു പിന്നീട്.
മിനിറ്റുകൾക്കുള്ളിൽ ബസ് നീലേശ്വരം വള്ളിക്കുന്നിലെ താലൂക്ക് ആശുപത്രിയിലെത്തി. കുട്ടിയെ ഉടൻ പ്രാഥമികശുശ്രൂഷകൾ നൽകി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി സുഖം പ്രാപിച്ചുവരികയാണ്. ബസിലുണ്ടായിരുന്ന യാത്രക്കാരെല്ലാം ബസ് ജീവനക്കാരെ അഭിനന്ദിച്ചു. ഒരു ജീവൻ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാൻ സാധിച്ച സംതൃപ്തിയിൽ ബസ് പിന്നെയും ഓട്ടം തുടർന്നു.