കൊല്ലം: ഫോണിൽ പത്താം ക്ലാസുകാരനെ ശകാരിച്ച സംഭവത്തിൽ വിശദീകരണവുമായി മുകേഷ് എംഎൽഎ.
ബോധപൂർവം തന്നെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. പിന്നിലാരെന്ന് ഊഹിക്കാനാവും. പോലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ബോധപൂർവം പ്രകോപിപ്പിക്കാനുള്ള ശ്രമമായിരുന്നു. തുടർച്ചയായി വിളിച്ച് ശല്യം ചെയ്തു. ഇത് ആസൂത്രിത രാഷ്ട്രീയ നീക്കമാണ്.
കുട്ടിയെക്കൊണ്ട് വിളിപ്പിച്ച് സംഭാക്ഷണം റെക്കോർഡ് ചെയ്തത് കരുതിക്കൂട്ടിയാണ്. പിന്നിലാരെന്ന് തനിക്ക് ഊഹിക്കാനാവും. പോലീസിൽ പരാതി നൽകുമെന്നും മുകേഷ് അറിയിച്ചു.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ വിദ്യാർഥിയാണ് മുകേഷിനെ വിളിച്ചത്. പാലക്കാടുള്ള ആൾ കൊല്ലം എംഎൽഎ ആയ തന്നെ എന്തിനു വിളിക്കുന്നുവെന്ന് ചോദിച്ചാണ് വിദ്യാർഥിയെ മുകേഷ് ശകാരിച്ചത്.
ആറു തവണയായി വിളിക്കുന്നല്ലോ. ഞാനൊരു പ്രധാനപ്പെട്ട മീറ്റിങ്ങിലിരിക്കുവല്ലേ. പാലക്കാടുനിന്ന് കൊല്ലം എംഎൽഎയെ വിളിച്ച് പറയേണ്ട കാര്യമുണ്ടോ?
പാലക്കാട് എംഎൽഎയില്ലേയെന്നും മുകേഷ് ചോദിക്കുന്നു. തനിക്ക് കൂട്ടുകാരനാണ് നമ്പർ തന്നതെന്ന് വിദ്യാർഥി പറയുമ്പോൾ പാലക്കാടുള്ള എംഎൽഎയുടെ നമ്പർ നൽകാതെ കൊല്ലം എംഎൽഎയുടെ നമ്പർ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി നോക്കി ഒന്ന് കൊടുക്കണമെന്നായിരുന്നു മുകേഷിന്റെ മറുപടി.
വേറെ ഏതോ രാജ്യത്തുള്ള, വേറെ ഏതോ ജില്ലയിലുള്ള എംഎൽഎയെ ആണോ വിളിക്കേണ്ടത്? അയാൾ മരിച്ചുപോയ പോലെയാണല്ലോ നീ എന്നെ വിളിക്കുന്നത്.
ഇത് വിളച്ചിലാണ്. ഞാൻ വളരെ പ്രധാനപ്പെട്ട മീറ്റിങ്ങിലാണ്. ഫോൺ വരുമ്പോൾ എല്ലാവരും എന്നെ നോക്കി ചിരിക്കുകയാണ്. സ്വന്തം എംഎൽഎയെ ബഫൂണാക്കിയിട്ട് വേറെ ഏതോ നാട്ടിലുള്ള എംഎൽഎയെ വിളിക്കുന്നു.
നിന്റെ നാട്ടിലെ എംഎൽഎ ആരാണെന്ന് അറിയുവോ എന്ന് മുകേഷ് ചോദിക്കുമ്പോൾ അറിയില്ലെന്നായിരുന്നു വിദ്യാർഥിയുടെ മറുപടി.
നീ പത്താം ക്ലാസിലല്ലേ പഠിക്കുന്നത്. സ്വന്തം എംഎൽഎയെ അറിയാത്ത നിന്നെ ചൂരൽ വച്ച് അടിക്കണം. മേലാൽ എംഎൽഎയുടെ അടുത്ത് സംസാരിക്കാതെ എന്നെ വിളിക്കരുത് എന്ന് പറഞ്ഞ് മുകേഷ് ഫോൺ വച്ചു.