കൊല്ലം: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയിൽ മുകേഷ് എംഎൽഎ നടത്തിയ പരാമർശങ്ങൾക്കെതിരേ സിപിഎം ജില്ലാ കമ്മറ്റിക്ക് അതൃപ്തി. അമ്മയുടെ വാർത്താ സമ്മേളനത്തിൽ മുകേഷ് നടത്തിയ പരാമർശങ്ങൾ ഒഴിവാക്കാമായിരുന്നെന്നും ഇക്കാര്യത്തിൽ മുകേഷിൽനിന്നു വിശദീകരണം തേടുമെന്നും കൊല്ലം ജില്ലാ കമ്മറ്റി വ്യക്തമാക്കി. അമ്മ യോഗത്തിനുശേഷം മുകേഷ് കൊല്ലത്തു തിരിച്ചെത്തുന്പോഴായിരിക്കും വിശദീകരണം ആവശ്യപ്പെടുക.
പാർട്ടി അംഗമല്ലെങ്കിൽ കൂടി ജനപ്രതിനിധി എന്ന നിലയിലാകും പാർട്ടി വിശദീകരണം തേടുക. പത്രസമ്മേളനത്തിലെ മുകേഷിന്റെ പരാമർശത്തെ ആക്രമണത്തിനിരയായ നടിക്കെതിരായ പരാമർശമായികൂടി പാർട്ടി നോക്കിക്കാണുന്നുണ്ട്.
നേരത്തെ, താരസംഘടനയായ അമ്മയുടെ വാർഷിക യോഗത്തിനുശേഷം നടന്ന വാർത്താ സമ്മേളനത്തിൽ മുകേഷ് മാധ്യമങ്ങൾക്കെതിരേ പൊട്ടിത്തെറിച്ചിരുന്നു. ദിലീപിനെ വേട്ടയാടാൻ ആരെയും അനുവദിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കരുതെന്നും മുകേഷ് വാർത്താ സമ്മേളനത്തിനിടെ ക്ഷുഭിതനായി പറഞ്ഞു.