ഇരയോടൊപ്പം അല്ലെന്ന് തെളിയിച്ചു! പള്‍സര്‍ സുനിമാരുടെ ഏജന്റ്; ജനകീയ വിഷയങ്ങളില്‍ നോക്കുകുത്തി; മുകേഷിന്റെ ചിത്രത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് സമര്‍പ്പിച്ച് പ്രതിഷേധിച്ചു

MUKESH

കൊല്ലം: എം.മുകേഷ് എംഎൽഎക്കെതിരേ ഗുരുതര ആരോപണങ്ങളുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. ജനകീയ വിഷയങ്ങളിൽ നോക്കുകുത്തിയായി മാറിയ എംഎൽഎ പൾസർ സുനിമാരുടെ ഏജന്റായി മാറിയെന്നാണ് പ്രധാന ആരോപണം. കൊല്ലം ജില്ലയിൽ പനിബാധിക്കുന്നവരുടെ എണ്ണം പ്രതിദിനം വർധിച്ച് വരികയാണ്. പനി ഇത്രയേറെ വ്യാപകമായിട്ടും സാധാരണക്കാരന്റെ അത്താണിയായ ജില്ലാ ആശുപത്രിയിൽ എക്സ്റേ ഉൾപ്പെടെയുള്ള ലാബ് സംവിധാനങ്ങൾ പ്രവർത്തന രഹിതമായി കിടക്കുന്നു.

ഈയവസരത്തിൽ ജില്ലാ ആശുപത്രിയിലെത്തി രോഗികളെയും ഡോക്ടർമാരെയും നേരിൽ കണ്ട് വിവരങ്ങൾ തിരക്കാതെ എംഎൽഎ ഒളിച്ചോടുകയാണെന്ന് യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി മണ്ഡലം കമ്മിറ്റി ആരോപിച്ചു.
ഇതിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകർ ജില്ലാ ആശുപത്രിയിലേയ്ക്ക് മാർച്ചും ധർണയും നടത്തി. യൂത്ത് കോൺഗ്രസ് പാർലമെന്റ് ജനറൽ സെക്രട്ടറി ആർ.എസ്.അബിൻ ഉദ്ഘാടനം ചെയ്തു.

കൊല്ലം അസംബ്ലി മണ്ഡലം പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം അധ്യക്ഷത വഹിച്ചു. മംഗലത്ത് വിനു, വിഷ്ണു വിജയൻ, ഒ.ബി.രാജേഷ്, ഷെഹീർ പള്ളിത്തോട്ടം, ഉളിയക്കോവിൽ ഉല്ലാസ്, സച്ചിൻ പ്രതാപ്, രാഹുൽ പത്തനാപുരം, അയത്തിൽ ഫൈസൽ, അനിൽ കോട്ടയ്ക്കകം, രഞ്ജിത്ത് കലിങ്ക്മുഖം, നവാസ്, വെട്ടുവിള നൗഷഷാദ്, ഷാജി മോഹൻ അൻവർഷാ എന്നിവർ നേതൃത്വം നൽകി.

നോക്കുകുത്തിയായി പ്രതീകാത്മകമായി പ്രദർശിപ്പിച്ച എംഎൽഎയുടെ ചിത്രത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചു. സംസ്‌ഥാനം ചർച്ചചെയ്ത് വരുന്ന നടിക്കെതിരായ ആക്രമണക്കേസിൽ താൻ ഇരയോടൊപ്പം അല്ലെന്ന് സ്ത്രീ സുരക്ഷയ്ക്കായി വോട്ടുചെയ്ത് വിജയിച്ച മുകേഷ് എംഎൽഎ തെളിയിച്ചിരിക്കയാണെന്ന് ഡിസിസി വൈസ്പ്രസിഡന്റ് സൂരജ് രവി കുറ്റപ്പെടുത്തി.

ഈ സംഭവത്തിൽ പോലീസ് അന്വേഷണം നേരിടുന്ന നടനായ സഹപ്രവർത്തകനെ ന്യായീകരിക്കാൻ കാണിക്കുന്ന വ്യഗ്രതയുടെ പകുതിയെങ്കിലും അക്രമത്തിനും അപമാനത്തിനും ഇരയായ സഹപ്രവർത്തകയെ സഹായിക്കാനും സംരക്ഷിക്കാനും മുകേഷ് കാണിക്കണമായിരുന്നു.

കേസിൽ ഒന്നാം പ്രതിയായിട്ടുള്ള പൾസർ സുനി നേരത്തേ മുകേഷിന്റെ ഡ്രൈവർ ആയിരുന്നു. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്ന പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തിൽ ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചും പോലീസ് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണത്തിന് തയാറാകണമെന്നും സൂരജ് രവി ആവശ്യപ്പെട്ടു.

സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കടയിൽ ഇന്നസെന്റ് എംപി, എം.മുകേഷ് എംഎൽഎ, കെ.ബി.ഗണേഷ്കുമാർ എംഎൽഎ എന്നിവരുടെ കോലം കത്തിച്ചു. അമ്മ സംഘടനയുടെ വിശ്വാസം പൊതുസമൂഹത്തിൽ നഷ്ടമായെന്നും നടിക്കെതിരായ അക്രമം സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ കൂടിയായ മുകേഷും ഗണേഷ്കുമാറും അവർ അർഹിക്കുന്ന പദവി മറന്ന് ആർക്കോ വേണ്ടി മാധ്യമ പ്രവർത്തകർക്ക് എതിരേ ആക്രോശം നടത്തുകയാണ്. ഇതിലൂടെ ഇവരുടെ സ്ത്രീവിരുദ്ധ സമീപനമാണ് വെളിവാകുന്നതെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. ജനവിരുദ്ധ സമീപനങ്ങൾ സ്‌ഥിരമായി സ്വീകരച്ച് വരുന്ന ഇരു എംൽഎമാരും തൽസ്‌ഥാനങ്ങളിൽ നിന്ന് മാറിനിൽക്കണമെന്ന് പൊതുജനവും സമൂഹവും ചിന്തിച്ചാൽ കുറ്റപ്പെടുത്താൻ ആകില്ലെന്നും ബിന്ദുകൃഷ്ണ ചൂണ്ടിക്കാട്ടി.

Related posts