മുകേഷും മമ്മൂട്ടിയും അടക്കമുള്ളവര്‍ അഭിനയിച്ച ഹിറ്റ് ചിത്രമായിരുന്നു നായര്‍സാബ്. മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച പട്ടാള ചിത്രങ്ങളിലൊന്നു കൂടിയാണിത്.
ഇപ്പോള്‍ ഈ സിനിമയുടെ ചിത്രീകരണ സമയത്തു നടന്ന ചില സംഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് നടന് മുകേഷ്. മുകേഷ് സ്പീക്കിംഗ് എന്ന തന്റെ പുതിയ യൂട്യൂബ് ചാനലിലൂടെയാണ് മുകേഷിന്റെ ഈ തുറന്നു പറച്ചില്.
ആ സിനിമയുടെ ചിത്രീകരണ സമയത്ത് മമ്മൂട്ടിയുടെ പേരു പറഞ്ഞ് പട്ടാള ഉദ്യോഗസ്ഥരില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങിയ സംഭവമാണ് മുകേഷ് വെളിപ്പെടുത്തിയിരിക്കുന്നത്.
മദ്യം ഒരു തുള്ളിപോലും കഴിക്കാത്ത മമ്മൂക്ക ഈ കഥ അറിയുന്നത് വീഡിയോ കാണുമ്പോള്‍ ആകുമെന്നും മുകേഷ് പറയുന്നു…
മുകേഷിന്റെ വാക്കുകള്‍ ഇങ്ങനെ…
നായര്‍ സാബ് എന്ന സിനിമയുടെ ഷൂട്ടിങ് കാശ്മീരിലാണ് നടക്കുന്നത്. ഒരു ദിവസം കാശ്മീരിലെ ഒരു പുല്മേടയില് വച്ച് പരേഡ് എക്സര്‍സെസ് സീന്‍ അഭിനയിക്കുകയാണ്.
അപ്പോള്‍ ആ റെജിമെന്റിന്റെ ഏറ്റവും വലിയ ഒരു ഉദ്യോഗസ്ഥന് അതുവഴി വന്നു. ഞങ്ങളത് ശ്രദ്ധിച്ചില്ല. മാര്‍ച്ച് ചെയ്ത് നില്ക്കുന്ന ഞങ്ങള്‍ 9 പേര് നിന്ന് മമ്മൂക്കയ്ക്ക് സല്യൂട്ട് ചെയ്യുന്നു.
ആ ഉദ്യോഗസ്ഥന് ഞങ്ങളെ പരിചയപ്പെടാനായി വന്നു. ഇത്രയും ഊര്‍ജസ്വലനും സുന്ദരനുമായ ഉദ്യോഗസ്ഥന് ഞങ്ങളുടെ ഇടയില്‍ ഇല്ലെന്ന് അദ്ദേഹം മമ്മൂക്കയുടെ ചെവിയില്‍ പറഞ്ഞ് പൊട്ടിചിരിച്ചു.
ആ ഉദ്യോഗസ്ഥന് പറഞ്ഞത് സത്യമായിരുന്നു, കാരണം അത്രമാത്രം എനര്‍ജിയും ചുറുചുറുക്കും ജീവിതത്തില്‍ കൊണ്ടുനടക്കുന്ന വ്യക്തിയാണ് മമ്മൂട്ടി.
ഇതുപോലെ മറ്റൊരു പട്ടാള ചിത്രമായ സൈന്യത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. രാജ്യത്തിന്റെ വിവിധ പട്ടാള ക്യാംപുകളിലാണ് ഷൂട്ടിങ്. എല്ലായിടത്തും വളരെ മികച്ച സ്വീകരണം.
ഷൂട്ടിന് ഒഴിവുസമയങ്ങളില്‍ നമ്മള് വിചാരിക്കും മമ്മൂക്ക ആ സ്ഥലത്തെക്കുറിച്ച് ചിന്തിച്ചിരിക്കുകയാണെന്ന്. എന്നാല്‍ അങ്ങനല്ല, അടുത്ത ഷോട്ട് എങ്ങനെയാകും, അടുത്ത ഡയലോഗ് എങ്ങനെയാകും അങ്ങനെ 24 മണിക്കൂറും ചിന്തിക്കുന്ന മനുഷ്യന്.
അങ്ങനെ ഒരു പട്ടാള ക്യാംപിലെത്തി. അവിടുത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥന് മലയാളി ആയിരുന്നു.
മമ്മൂട്ടിയെ കണ്ടപ്പോള്‍ അദ്ദേഹത്തിന് വലിയ സന്തോഷം. മമ്മൂട്ടിയുടെ ആരാധകനായിരുന്നു അദ്ദേഹം. ആ ഉദ്യോഗസ്ഥന് തന്റെ ജൂനിയര്‍ ഉദ്യോഗസ്ഥനെ ഞങ്ങള്‍ക്ക് എല്ലാ സഹായങ്ങളും ചെയ്യണമെന്ന് പറഞ്ഞ് നിര്‍ത്തി.
അദ്ദേഹവും ഒരു മലയാളിയായിരുന്നു. അങ്ങനെ പോകുമ്പോഴാണ് പട്ടാള ക്യാന്റീനില്‍ സാധനങ്ങള്‍ക്ക് വളരെ വിലക്കുറവാണെന്ന് അറിയുന്നത്. മദ്യത്തിനും വിലക്കുറവാണെന്ന് ഒപ്പം അഭിനയിക്കുന്നവര്‍ പറഞ്ഞു.
ഒരുദിവസം ഞങ്ങളുടെ ഒപ്പമുള്ള നടന്റെ പിറന്നാള്‍ വന്നു. പാര്‍ട്ടിക്കായി കുപ്പി കിട്ടിയാല്‍ കൊള്ളാമെന്ന് അവര്‍ എന്നോടു പറഞ്ഞു.
അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി മനസില്ലാ മനസോടെ ഈ ഉദ്യോഗസ്ഥനോട് മദ്യം വാങ്ങിക്കുന്ന കാര്യം പറഞ്ഞു. കേട്ടപ്പോള്‍ തന്നെ അദ്ദേഹം ആവേശത്തോടെ ഞങ്ങള്‍ക്ക് കുപ്പി എത്തിച്ചു. 300 രൂപ അന്ന് പുറത്തുവിലയുള്ള സാധനം അവിടെ 100 രൂപയ്ക്ക് കിട്ടും.
പിറ്റേ ദിവസം എല്ലാവരിലും ഇത് ചര്‍ച്ചയായി, എങ്ങനെയെങ്കിലും ഒരു കുപ്പി കൂടി വേണം. ഇനി ഞാന്‍ ചോദിക്കില്ലെന്ന് പറഞ്ഞു. പക്ഷേ അവരുടെനിര്ബന്ധം സഹിച്ച് ജൂനിയര്‍ ഓഫിസറോട് പറഞ്ഞു.
‘ഒരു ചെറിയ കാര്യമുണ്ട്. ബര്‍ത്ത് ഡെ സെലിബ്രേഷനില്‍ മമ്മൂക്കയും വന്നിരുന്നു. പുള്ളി കഴിക്കാത്തതാണ്. വളരെ അപൂര്‍വമായെ കഴിക്കാറുള്ളു. ഞങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒരു സിപ് കഴിച്ചു,. അദ്ദേഹം പറഞ്ഞു കൊള്ളാവല്ലോന്ന്. ഒരു ബോട്ടില്‍ കിട്ടുമോയെന്ന്.’
ഇതുകേട്ടതും ജൂനിയര്‍ ഓഫിസര്‍ പറഞ്ഞു, ‘രണ്ട് ബോട്ടില്‍ തരാം എന്റെ കെയര്‍ ഓഫില്‍ തന്നെ, പൈസ വേണ്ട എന്ന്’. പൈസ വേണം എന്ന് പറഞ്ഞ് 200 രൂപ കൊടുത്ത് 2 കുപ്പി വാങ്ങി.
ഒരു തുള്ളി പോലും കഴിക്കാത്ത മമ്മൂക്ക ഇതൊന്നും തന്നെ അറിയുന്നില്ല. ജൂനിയര്‍ ഓഫിസര്‍ക്ക് മമ്മൂക്കയോടുള്ള ആരാധന കൂടി വന്നു. താന്‍ എല്ലാം നന്നായി നോക്കുന്നുണ്ടെന്ന് അയാള്‍ക്ക് മമ്മൂക്കയെ അറിയിക്കണം.
എന്നും വന്ന് അദ്ദേഹം മമ്മൂട്ടിയോട് ചോദിക്കും. ഏങ്ങനെ ഉണ്ടായിരുന്നു സര് ഇന്നലെ എന്ന്. സിനിമാ ഷൂട്ടിങിനെ പറ്റിയാണ് കരുതി മമ്മൂട്ടി ഗംഭീരമായിരുന്നു എന്ന് മറുപടിയും കൊടുക്കും.
അങ്ങനെ കുറേ ദിനങ്ങള്‍. ഒടുവില്‍ ഷൂട്ടിങ് തീരുന്ന ദിനം ഓഫിസര്‍ മമ്മൂക്കയോട് വന്നു പറഞ്ഞു, ‘കാറിനകത്ത് കുറച്ച് കേറ്റി വയ്ക്കട്ടെ’ എന്ന്. മമ്മൂക്ക ചോദിച്ചു ‘എന്ത്’, ‘അല്ല കാന്റീനില്‍ നല്ല ഇനം വന്നിട്ടുണ്ട്’ ഓഫിസര്‍ പറഞ്ഞു.
വേണ്ട കാറിനകത്ത് ഒന്നും കേറ്റി വയ്ക്കണ്ടെന്ന് മമ്മൂക്ക പറഞ്ഞു. ഇദ്ദേഹം തിരിച്ചുപോയപ്പോള്‍ മമ്മൂക്ക അന്ന് തന്നോട് ആദ്യമായി ചോദിച്ചു, ‘അദ്ദേഹം എന്താണ് പറഞ്ഞതെന്ന്’.
ഞാന്‍ പറഞ്ഞു, ആത്മാര്‍ത്ഥ കൂടി പോയതാണ് ജ്യൂസ് അടിക്കുന്ന രണ്ടു മിക്സി കാറില്‍ കയറ്റി വയ്ക്കട്ടെ എന്നാണ് ചോദിച്ചത്.
ഞാന്‍ പറഞ്ഞു, മമ്മൂക്കയുടെ വീട്ടില്‍ 200 മിക്സി ഉണ്ടെന്ന്. അതും ലോകത്തിന്റെ പല ഭാഗത്തു നിന്നും വാങ്ങിയതെന്ന്. മമ്മൂക്ക പറഞ്ഞു 200 ഉണ്ടെന്ന് പറയണ്ടായിരുന്നുന്നെന്ന്.
ഞാന്‍ പറഞ്ഞു നൂറ് എന്ന് പറഞ്ഞിരുന്നേല്‍ പുള്ളി മിക്സി കാറില്‍ വച്ചേനെ എന്ന്. ഞാന്‍ ഏതായാലും ഒരു മിക്സി വാങ്ങുന്നുണെന്നും മമ്മൂക്കയോട് പറഞ്ഞു.
തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് ഇപ്പോള്‍ ഈ കഥ കേള്‍ക്കുമ്പോഴാകും അദ്ദേഹത്തിന്റെ പേരില്‍ ഞങ്ങള്‍ കുപ്പികള്‍ വാങ്ങിയത് അറിയുക. സിനിമയാണ് അദ്ദേഹത്തിനെല്ലാം… മമ്മൂക്ക മാപ്പ്…