ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ രസകരമായി അവതരിപ്പിക്കാന്‍ കഴിവുള്ള നടനാണ് മുകേഷ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ലാവിന്റെ ആകര്‍ഷണവും മുകേഷ് തന്നെയാണ്. അത്തരത്തില്‍ പണ്ട് നടന്നൊരു സംഭവം അദേഹം തുറന്നുപറഞ്ഞു. ഒരു സിനിമയില്‍ സില്‍ക്ക് സ്മിതയുടെ നായകനായി അഭിനയിക്കേണ്ടി വന്നതില്‍ നിന്നും രക്ഷപ്പെട്ട കഥയാണ് മുകേഷിന് പറയാനുള്ളത്.
സംഭവം ഇങ്ങനെ- ഒരുകൂട്ടര്‍ ഒരു കഥയുമായി മുകേഷിനെ സമീപിക്കുന്നു. നല്ലൊരു പ്രണയ കഥയായിരുന്നു അത്. ഒരു ഭാര്യയും ഭര്‍ത്താവും. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ബൈക്ക് യാത്ര നടത്തവെ അപകടത്തില്‍ ഭര്‍ത്താവിന് പരിക്ക് പറ്റുന്നു. അയാള്‍ തളര്‍ന്ന് കിടക്കുമ്പോഴും ഭാര്യ വിട്ടു പോവുന്നില്ല. സ്നേഹത്തോടുള്ള പരിചരണത്തിലൂടെ അവള് ഭര്‍ത്താവിനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നു. കഥ മുകേഷിന് ശരിക്കും ഇഷ്ടപ്പെട്ടു.
അങ്ങനെ എല്ലാം ഭംഗിയായി നടക്കുന്നതിനിടെ മുകേഷ് നായിക ആരാണെന്ന് ചോദിച്ചു. കോട്ടയത്തുകാരിയായ ഒരു പുതുമുഖം ആണെന്നായിരുന്നു മറുപടി. അവര്‍ പഠിക്കുകയാണ്. ഷൂട്ടിംഗ് നടക്കുക ചെന്നൈയില്‍ വച്ചാണ്. അങ്ങനെ ഇരുകൂട്ടരും കൈകൊടുത്ത് പിരിഞ്ഞു. ഷൂട്ടിംഗ് ദിവസമെത്തി. അവിടെ എത്തിയപ്പോള്‍ ഒരുമുറിയില്‍ നിന്ന് ചെറുതായി പാട്ട് കേള്‍ക്കുന്നു. എന്താണ് സംഭവം എന്ന് ചോദിച്ചപ്പോള്‍ ഒരു ഗാന രംഗം ഷൂട്ട് ചെയ്യുകയാണെന്ന് പറഞ്ഞു.. അതെന്താ നായകന് വേണ്ടേ എന്ന് ചോദിച്ചപ്പോള്‍ നായിക മാത്രമുള്ള ഗാനരംഗമാണെന്ന് പറഞ്ഞു.. ഞാന്‍ കരുതി ഏതോ ഫല്‍ഷ് ബാക്ക് രംഗം ഷൂട്ട് ചെയ്യുകയാണെന്ന്.
ഒരു രസത്തിന് ചുമ്മാ ജനലിലൂടെ ഷൂട്ട് ചെയ്യുന്നത് നോക്കി. നോക്കുമ്പോഴതാ സില്‍ക് സ്മിത.. ഇവരെന്താ ഇവിടെ എന്ന് ചോദിച്ചപ്പോള്‍.. ‘അത് കോട്ടയംകാരിയെ കിട്ടിയില്ല.. പരീക്ഷയാണ്. സ്മിതയുടെ ഡേറ്റ് ഓപ്പണായിരുന്നു’ എന്ന് പറഞ്ഞു. ഞാന്‍ നോക്കിയപ്പോള്‍ ഈ കഥ മാറാനുള്ള എല്ലാ സാധ്യതയും ഉണ്ട്. എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുമ്പോഴാണ് പ്രതാപ് ചന്ദ്രന് അങ്ങോട്ട് വരുന്നത്. അദ്ദേഹം എന്തോ ചെറിയ റോള്‍ ചിത്രത്തില്‍ ചെയ്യുന്നുണ്ട്. ‘നീ എന്താ ഇവിടെ’ എന്ന് എന്നോട് ചോദിച്ചപ്പോള്‍ ഒന്ന് പരുങ്ങി ഞാന്‍ കാര്യം പറഞ്ഞു. ഓടടാ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം- മുകേഷ് പറഞ്ഞു. ബാബുരാജ് പങ്കെടുത്ത ബഡായി ബംഗ്ലാവിലാണ് മുകേഷ് ഈ കഥ പറഞ്ഞത്.