മുംബൈ: അനിൽ അംബാനി എറിക്സൺ കന്പനിക്കു നൽകേണ്ടിയിരുന്ന തുകയിൽ 450 കോടി രൂപ മൂത്ത സഹോദരൻ മുകേഷ് അംബാനി നൽകി. വായ്പ അല്ല ഈ തുക. സംഭാവന എന്നു കരുതാം.എല്ലാവരും മുകേഷിന്റെ സഹോദര സ്നേഹത്തെ വാഴ്ത്തി. പക്ഷേ, ഏല്ലാവരും അറിയാത്ത ചില കാര്യങ്ങൾ ഉണ്ട്.
പണം നൽകും മുന്പ് അനിൽ അംബാനിയുമായി നേരത്തേ ഉണ്ടാക്കിയ ഒരു കരാർ മുകേഷ് റദ്ദാക്കി. ഉഭയസമ്മത പ്രകാരമായിരുന്നു റദ്ദാക്കൽ. 2017 ഡിസംബറിലുണ്ടാക്കിയ വില്പനക്കരാറാണു റദ്ദായത്. അതനുസരിച്ച് റിലയൻസ് കമ്യൂണിക്കേഷൻസിന്റെ (ആർകോം) സ്പെക്ട്രം, ടവറുകൾ, ഓപ്റ്റിക്കൽ ഫൈബർ നെറ്റ്വർക് തുടങ്ങിയവ റിലയൻസ് ജിയോ വാങ്ങണം. വില 17,300 കോടി രൂപ. ആർകോം അനിലിന്റെ കടക്കെണിയിലായ കന്പനി. ജിയോ ഏഷ്യയിലെ ഏറ്റവും സന്പന്നനായ മുകേഷിന്റെ കന്പനി.
ഈ കരാർ റദ്ദാക്കിയതിനാൽ എന്തു സംഭവിക്കുന്നു?
ആർകോം പാപ്പർ നടപടികളിലേക്കു നീങ്ങേണ്ടിവരും. ബാങ്കുകൾക്കും മറ്റുമായി 46,000 കോടി രൂപയാണ് ആർകോം നൽകാനുള്ളത്. സർക്കാരിനു സ്പെക്ട്രം ഫീസ് പുറമേ. എറിക്സൺപോലെ മറ്റു കന്പനികൾക്കും കുറേയേറെ നൽകാനുണ്ട്.
ജിയോ കരാർ റദ്ദാക്കിയതിനാൽ ഇനി പാപ്പർ നടപടി വേഗമാകും. കന്പനിയുടെ ആസ്തി ഏറ്റെടുക്കാൻ ആരെങ്കിലും ഉണ്ടോ എന്നു തിരക്കും. അപ്പോൾ റിലയൻസ് ജിയോ രംഗത്തുവരും. 17,300 കോടിക്കു പകരം മൂവായിരമോ നാലായിരമോ കോടി രൂപ കൊടുത്ത് സ്പെക്ട്രവും ടവറുകളും നെറ്റ്വർക്കും നേടിയെടുക്കും.
ജിയോ അല്ലാതെ വേറെ ടെലികോം കന്പനികളൊന്നും ആർകോമിന്റെ ആസ്തികൾ വാങ്ങാൻ പറ്റിയ നിലയിലല്ല. എയർടെലും വോഡഫോൺ-ഐഡിയയും ജിയോയുമായുള്ള പോരിലേറ്റ മുറിവുകൾ ഉണക്കിവരുന്നതേയുള്ളൂ.ചുളുവിലയ്ക്ക് പാപ്പർ കന്പനികളെ വാങ്ങുന്നതിൽ റിലയൻസ് വിദഗ്ധരാണ്.
ഈയിടെ മുംബൈയിലെ അലോക് ഇൻഡസ്ട്രീസിനെ റിലയൻസ് ഇങ്ങനെ വാങ്ങി. 32,000 കോടിയുടെ കടബാധ്യത ഉണ്ടായിരുന്ന കന്പനിയെ 5000 കോടി രൂപയ്ക്കാണു മുകേഷ് അംബാനി വാങ്ങിയെടുത്തത്. 68,000 ടൺ കോട്ടൺ നൂലും 1,70,000 ടൺ പോളിസ്റ്റർ നൂലും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കന്പനിയാണു തുരുന്പുവിലയ്ക്കു കൈയടക്കിയത്.
റിലയൻസ് കമ്യൂണിക്കേഷൻസിനെ ഈ രീതിയിൽ സ്വന്തമാക്കുന്പോൾ കിട്ടാവുന്ന ലാഭം പതിനായിരത്തിലേറെ കോടി രൂപയാണ്. അതുവച്ചു നോക്കുന്പോൾ 450 കോടി നൽകി അനുജന്റെ നന്ദിയും സ്നേഹവുംകൂടി സ്വന്തമാക്കിയത് ഉന്നംതെറ്റാത്ത ബിസിനസ് നീക്കമെന്നു ചുരുക്കം.