അടുത്ത മുപ്പത് വര്‍ഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകം! 100 ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പദ്ഘടനയായി മാറുന്നതിനുള്ള സാഹചര്യം ശക്തമാണ്; നരേന്ദ്രമോദിയുടെ ആത്മമിത്രം മുകേഷ് അംബാനിയുടെ അവകാശവാദങ്ങള്‍ ഇങ്ങനെ

നോട്ടുനിരോധനത്തിനുശേഷം കണ്ടെടുക്കുന്ന കള്ളനോട്ടുകള്‍ രാജ്യത്തെ ജനങ്ങളുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്നൊക്കെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് കണ്ടത് ബിജെപി നേതാക്കളുടെ മക്കളും അംബാനി പോലുള്ള വമ്പന്മാരും സാമ്പത്തികമായി വീണ്ടും വളരുന്നത് മാത്രമാണ്. ഈയവസരത്തിലാണ് ചില പ്രസ്താവനകളുമായി മുകേഷ് അംബാനി രംഗത്തെത്തിയിരിക്കുന്നത്.

രണ്ടായിരത്തി മുപ്പതോടെ ഇന്ത്യ 100 ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പദ്ഘടനയായി മാറുന്നതിനുള്ള സാഹചര്യം ശക്തമാണെന്നാണ് ഇന്ത്യന്‍ സമ്പന്നരില്‍ മുമ്പനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനി പറയുന്നത്. ലോകം ഇന്ന് ഉറ്റുനോക്കുന്നത് ഇന്ത്യയെ ആണ്. അടുത്ത 30 വര്‍ഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ് ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച ലീഡര്‍ഷിപ് സമ്മിറ്റില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ലോകം ഇത് വരെ മൂന്ന് സുപ്രധാന വ്യവസായ വിപ്ലവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ഇപ്പോള്‍ അത് നാലാമത്തെ വ്യവസായ വിപ്ലവത്തിന്റെ ശക്തമായ പിടിയിലാണ്. ഡാറ്റ കണക്ടിവിറ്റി ആണ് ഇപ്പോള്‍ സജീവമായ വിപ്ലവം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, കമ്പ്യൂട്ടിംഗ് എന്നിവ ഇതിന്റെ അനുബന്ധ ഭാഗങ്ങളാണ്. ഈ മൂന്ന് ഘടകങ്ങളാണ് ഇന്ത്യയെ ലോകത്തിന്റെ മുന്‍നിരയില്‍ എത്തിക്കുക. മൊബൈല്‍ ഫോണ്‍, റോബോട്ടുകള്‍, ഡ്രൈവര്‍ ഇല്ലാ കാറുകള്‍ തുടങ്ങിയവ ഏതാനും വര്‍ഷം മുന്‍പ് വരെ ശാസ്ത്ര കഥകളിലാണ് കേട്ടിരുന്നത്. ഇന്ന് അവ യാഥാര്‍ഥ്യമാണ്. ഈ മേഖലകളില്‍ ആദ്യം നിലയുറപ്പിക്കുന്നവരാണ് നേട്ടം കൊയ്യുക.

ഡാറ്റ കണക്ടിവിറ്റി ആഗോള തലത്തില്‍ വിലകളെ വളരെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്നു. ഇന്ത്യക്ക് ഈ രംഗങ്ങളില്‍ മുന്നിലെത്താനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നും അംബാനി പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് സാങ്കേതിക വൈഭവം ആര്‍ജിക്കുന്നതിനുള്ള പ്രത്യേക ചാതുര്യം ഉണ്ട്. ലോകത്തിനു ഇന്റലിജിന്‍സ് സേവനം നല്കാന്‍ കഴിയുന്ന ഒരു ടെക്നോളജി കേന്ദ്രമായി ഇന്ത്യക്ക് മാറാന്‍ കഴിയും. ആധാര്‍ നടപ്പാക്കാന്‍ കഴിഞ്ഞതും 104 ഉപഗൃഹങ്ങള്‍ വളരെ കുറഞ്ഞ ചെലവില്‍ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഐഎസ്ആര്‍ഒയ്ക്കു കഴിഞ്ഞതും സാങ്കേതിക രംഗത്തെ ഇന്ത്യയുടെ മുന്നേറ്റത്തിന് സഹായകമാണ്. മുകേഷ് പറഞ്ഞു.

 

Related posts