ഇന്ത്യന്‍ ടെലികോം രംഗത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു രണ്ടു വര്‍ഷം മുമ്പ് ജിയോയുടെ രംഗപ്രവേശം.ഫ്രീയായി 4ജി ഡേറ്റയും കോളും നല്‍കിയതോടെ വിപണിയില്‍ കുത്തക പുലര്‍ത്തിക്കൊണ്ടിരുന്ന ടെലികോം കമ്പനികള്‍ തകര്‍ന്നടിഞ്ഞു. പിന്നീട് ഇന്ത്യ കണ്ടത് ജിയോയുടെ അധീശത്വമായിരുന്നു. ഫ്രീ പരിപാടി കഴിഞ്ഞിട്ടും മയക്കുമരുന്നിന് അടിമയാക്കുന്നതു പോലെ ആളുകളെ പിടിച്ചു നിര്‍ത്തുന്നതില്‍ അംബാനി വിജയിച്ചു. ഇപ്പോള്‍ അംബാനി വീണ്ടും ഇന്ത്യയെ ഞെട്ടിക്കാനൊരുങ്ങുകയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
അമേരിക്കന്‍ കമ്പനിയുമൊത്ത് കിടയറ്റ സ്മാര്‍ട്ട് ഫോണ്‍ നിര്‍മിക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് അറിയുന്നത്. തുച്ഛമായ വിലയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തിറക്കിയാല്‍ മറ്റു കമ്പനികളെ തൂത്തെറിയാമെന്നാണ് അംബാനിയുടെ കണക്കുകൂട്ടല്‍. ടെലികോം മേഖലയില്‍ മറ്റൊരു ഫ്രീ സുനാമിയും ഇതോടൊപ്പം പ്രതീക്ഷിക്കാമെന്നാണ് മറ്റു ടെലികോം കമ്പനികള്‍ക്ക് ചെറുത്തു നില്‍ക്കാനാകാത്ത സാഹചര്യം ഉടലെടുക്കുകയും ചെയ്യാമെന്നു പറയുന്നു. അതായത് ടെലികോം മേഖലയില്‍ രണ്ടാം ‘ഫ്രീ സൂനാമി’ പ്രതീക്ഷിക്കാമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.
ഇതര ടെലികോം സേവനദാദാക്കള്‍ അവരുടെ ഫോണുകള്‍ക്കായി വിപണിയിലുള്ള കമ്പനികളെയാണ് ആശ്രയിക്കുന്നത്. അതേസമയം ജിയോയുടെ പ്ലാന്‍ നടക്കുകയാണെങ്കില്‍ താഴ്ന്ന വിലയില്‍ തരക്കേടില്ലാത്ത ഹാന്‍ഡ്സെറ്റും കുറഞ്ഞ താരിഫും ഒരുമിപ്പിച്ചൊരു ആക്രമണമായിരിക്കാം ജിയോ പ്ലാന്‍ ചെയ്യുക. ജിയോ പദ്ധതിയെ കുറിച്ചുള്ള പ്രധാന അഭ്യൂഹങ്ങള്‍ ഇവയാണ്. കോണ്‍ട്രാക്ടായി ഹാന്‍ഡ്സെറ്റുകള്‍ നിര്‍മിച്ചു നല്‍കുന്ന അമേരിക്കന്‍ കമ്പനിയായ ഫ്ളെക്സും മുകേഷ് അംബാനിയുടെ കമ്പനിയും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ജിയോ അവതരിപ്പിക്കാന്‍ പോകുന്നത് പ്രതീക്ഷിക്കാത്തത്ര എണ്ണം ഫോണുകള്‍ ആണത്രെ. ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്കു കടക്കുകയാണ്. ജിയോയുടെ വമ്പന്‍ ഓര്‍ഡര്‍ ടെലികോം മേഖലയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയെന്നാണ് വിവരം.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നതിലൂടെ നികുതി കുറച്ചു കിട്ടുമെന്നതിലൂടെ ഫോണിന്റെ വില പരമാവധി ഇടിച്ചു വില്‍ക്കാമെന്നു കരുതുന്നു. അതുകൊണ്ട് ഒരു സ്പെഷ്യല്‍ ഇക്കണോമിക് സോണിലായിരിക്കും ഇരു കമ്പനികളും ചേര്‍ന്നുള്ള നിര്‍മാണശാല തുടങ്ങുക. സ്മാര്‍ടട്ട് ഫോണുകളില്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭ്യമായ മികച്ച ഫീച്ചറുകള്‍ മിക്കതും ഉള്‍ക്കൊള്ളിച്ച് ആകര്‍ഷകമാക്കുന്നതിലൂടെയാവും ഇത്. ഫ്ളെക്സിന് ഇപ്പോള്‍ പ്രതിമാസം അമ്പതു ലക്ഷത്തോളം ഫോണ്‍ നിര്‍മിക്കാനുള്ള കഴിവുണ്ടെന്നു പറയപ്പെടുന്നു. അവര്‍ക്ക് ഇപ്പോള്‍ ഇന്ത്യയിലുള്ള ഫാക്ടറി ചെന്നൈയ്ക്കു സമീപമുള്ള സ്പെഷ്യല്‍ ഇക്കണോമിക് സോണിലാണ്.
ഡേറ്റയും ഫോണും നല്‍കല്‍ മാത്രമായിരിക്കില്ല ജിയോ ചെയ്യാന്‍ പോകുന്നത്. ഫോണുകള്‍ക്ക് തകരാര്‍ വന്നാല്‍ അതു ശരിയാക്കാനുള്ള സര്‍വീസ് സെന്ററുകളും തുടങ്ങിയേക്കും. ഒരു ജിബി ഡേറ്റ പ്രതിമാസം എന്ന തോതിലായിരിക്കാം ഫോണ്‍ വാങ്ങുന്നവര്‍ക്കു നല്‍കുന്ന ഓഫര്‍. സ്‌ക്രീനിനും മറ്റും തകരാര്‍ വന്നാല്‍ നന്നാക്കിത്തരാമെന്നും ജിയോയുടെ ഓഫറില്‍ ഉണ്ടാകാം. ജിയോയുടെ രംഗപ്രവേശത്തോടെ തന്നെ തകര്‍ന്നു തുടങ്ങിയ മറ്റു ടെലികോം കമ്പനികള്‍ക്ക് കൂടുതല്‍ ആഘാതമേല്‍പ്പിക്കുന്നതാണ് ജിയോയുടെ പുതിയ നീക്കം.