മുംബൈ: ടാറ്റയും ബിര്‍ലയും അരങ്ങുവാണിടത്താണ് ഒറ്റയ്ക്കു പടപൊരുതി ധീരുഭായ് അംബാനി എന്ന ഗുജറാത്തുകാരന് കയറിവന്ന് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായത്. എന്നാല്‍ ധീരുഭായ് അംബാനി മരിച്ചതോടെ മക്കളായ മുകേഷും അനിലും സ്വത്തുക്കള്‍ പങ്കുവച്ചതോടെ ആളുകള്‍ കരുതി അംബാനി സാമ്രാജ്യത്തിന് ഇനി അധികം വളര്‍ച്ചയുണ്ടാവില്ലെന്ന്. പുലിയ്ക്കു പിറന്നത് പൂച്ചക്കുട്ടിയാവുമോ എന്നു പറഞ്ഞതു പോലെയായിരുന്നു പിന്നീട് ധീരുഭായിയുടെ മൂത്തമകന് മുകേഷ് അംബാനിയുടെ വളര്‍ച്ച. അനുജന് അനില്‍ ഒരു മികച്ച ബിസിനസ്മാനായി പേരെടുത്ത് അച്ഛന്റെ മഹിമ കാത്തെങ്കില്‍ മുകേഷ് വളര്‍ന്നത് ധീരുഭായ് അംബാനിയ്ക്കും മുകളിലേക്കായിരുന്നു.
തൊട്ടതെല്ലാം പൊന്നാക്കിയെടുത്താണ് മുകേഷ് അംബാനിയുടെ മുന്നേറ്റം. മുകേഷ് അംബാനിയെന്ന വ്യവസായ ഭീമന് മുന്നില്‍ ഇന്ന് ഇന്ത്യാ രാജ്യത്തിന്റെ വ്യവസായ നയങ്ങള്‍ പോലും വഴിമാറുന്ന അവസ്ഥയാണുള്ളത്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഫോബ്സ് പട്ടിക പ്രകാരം അതിസമ്പന്നരുടെ പട്ടികയില്‍ ഈ ഇന്ത്യന്‍ വ്യവസായി വന്‍ കുതിപ്പാണ് നടത്തിയത്. ഫോര്‍ബ്സിന്റെ ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി 13-ാം സ്ഥാനത്താണ് മുകേഷ് അംബാനി. 50 ബില്യന്‍ ഡോളാറാണ് അദ്ദേഹത്തിന്റെ ആസ്തി. അധികം വൈകാതെ അംബാനി ലോകത്തെ ഏറ്റവും വലിയ സമ്പന്നന് എന്ന പദവി സ്വന്തമാക്കിയാല്‍ അതില്‍ ആരും അത്ഭുതപ്പെടേണ്ടതില്ല. അതിവേഗമാണ് മുകേഷ് സര്‍വ്വതും വെട്ടിപ്പിടിച്ച് കുതിക്കുന്നത്. കഴിഞ്ഞ വര്‍ഷം 19-ാം സ്ഥാനത്തായിരുന്നു അംബാനി. മുമ്പൊരിക്കല്‍ ഇന്ത്യന്‍ ഓഹരി വന്‍നേട്ടത്തില്‍ എത്തിയപ്പോള്‍ 12 ദിവസം മുകേഷ് ലോകസമ്പന്നനായിരുന്നു.എന്നാല്‍ ഇനി മുകേഷിന്റെ ലക്ഷ്യം സ്ഥിരമായ ഒന്നാം നമ്പര്‍ സ്ഥാനമാകും.
ആമസോണ്‍ സ്ഥാപകനും ചെയര്‍മാനുമായ ജെഫ് ബെസോസ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ബില്‍ ഗേറ്റ്സ്, വാറന്‍ ബഫറ്റ് എന്നിവരുടെ ആസ്തി ഒരു വര്‍ഷം കൊണ്ട് 19 ബില്ല്യന്‍ ഡോളറാണ്. ഇപ്പോള്‍ 131 ബില്യണ്‍ ഡോളറാണ് അദ്ദേഹം. 2018ല്‍ അംബാനി 19-ാം സ്ഥാനത്തായിരുന്നു. സമ്പത്ത് 40.1 ബില്ല്യണ്‍ ഡോളര്‍ ആയിരുന്നു. 2019 ല്‍ 13-ാം സ്ഥാനത്തേക്ക് ഉയരുമ്പോള്‍ അത് 50 ശതകോടി ഡോളറിലേക്ക് വര്‍ധിച്ചു.
4ജി ഫോണ്‍ സേവന ജിയോ വിക്ഷേപണത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ടെലികോം കമ്പനിയായി റിലയന്‍സ് ജിയോ മാറി. സൗജന്യ ആഭ്യന്തര വോയിസ് കോളുകള്‍ വാഗ്ദാനം ചെയ്ത് 280 ദശലക്ഷം ഉപഭോക്താക്കളില്‍ ഒപ്പുവെച്ചു. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡാറ്റ സേവനങ്ങള്‍ ലഭ്യമാക്കി. ഫോബ്സിന്റെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും 106 കോടീശ്വരന്മാരില് മുന്നിട്ട് നിന്നത് അംബാനി ആണ്.
2017 ല്‍ ഫോബ്സിന്റെ പട്ടികയില്‍ അംബാനി 33-ാംസ്ഥാനത്തായിരുന്നു. അവിടെ നിന്നും തുടര്‍ച്ചയായി അദ്ദേഹം കുതിക്കുകയായിരുന്നു. ലോകത്തെ അതിസമ്പന്നരുടെ ഒന്നും രണ്ടും സ്ഥാനത്തുള്ളത് രണ്ട് ഓണ്‍ലൈന്‍ വ്യവസായികളാണ്. മുകേഷ് അംബാനിയും ഈ പാതയിലൂടെ നീങ്ങാനുള്ള ശ്രമത്തിലാണ്. ഓണ്‍ലൈന്‍ കൊമേഴ്സ് രംഗത്തെ ഏറ്റവും വലിയ മാര്‍ക്കറ്റായ ഇന്ത്യയാണ് ജെഫ് ബെസോസിനെ അതിസമ്പന്നനാക്കുന്നതില് മുഖ്യപങ്കു വഹിച്ചത്. ആമസോണും ഫ്ളിപ്കാര്‍ട്ടും കൈയ്യടക്കി വച്ചിരിക്കുന്ന കുത്തക പിടിച്ചെടുക്കാനായാല്‍ അതിസമ്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്താമെന്ന് മുകേഷ് ഉറച്ചു വിശ്വസിക്കുന്നു. ഗുജറാത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ആദ്യം അവതരിപ്പിക്കുക.
ഗുജറാത്തിലെ 12 ലക്ഷത്തോളം വരുന്ന ചെറുകിട വ്യാപാരികളെ ചേര്‍ത്തുകൊണ്ടായിരിക്കും റിലയന്‍സിന്റെ ഇ-കൊമേഴ്സ് ചുവടുവെപ്പ്. ടെലികോം സംരംഭമായ ജിയോ, റീട്ടെയില്‍ സംരംഭമായ റിലയന്‍സ് റീട്ടെയില്‍ എന്നിവയുടെ പിന്തുണയോടെയാവും ഇത്. ജിയോയ്ക്ക് രാജ്യത്തൊട്ടാകെ 28 കോടി വരിക്കാരുണ്ട്. റിലയന്‍സ് റീട്ടെയിലിനാകനട്ടെ 6,500 ഓളം പട്ടണങ്ങളിലായി ഏതാണ്ട് 10,000 സ്റ്റോറുകളുണ്ട്. ജിയോയുടെ ആപ്പിലൂടെയും ഡിവൈസിലൂടെയും ചെറുകിട വ്യാപാരികളെ ബന്ധിപ്പിച്ച് അവര്‍ക്ക് കൂടുതല്‍ വരുമാന സാധ്യത ഒരുക്കിയാവും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം അവതരിപ്പിക്കുക.
വൈബ്രന്റ് ഗുജറാത്ത് നിക്ഷേപക സംഗമത്തിലാണ് മുകേഷ് അംബാനി തന്റെ ഇ-കൊമേഴ്സ് സ്വപ്നങ്ങള്‍ പങ്കുവച്ചത്. ഇന്ത്യയിലെ അതിസമ്പന്നന് എന്നതില്‍ ഉപരിയായി ജീവകാരുണ്യ രംഗത്തും മുന്നിലാണ് മുകേഷ് അംബാനി. 2017 ഒക്ടോബര്‍ മുതല്‍ 2018 സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ 437 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ടത്. വിദ്യാഭ്യാസ മേഖലയിലാണ് അദ്ദേഹം ഇതില്‍ നല്ലൊരു പങ്കും ചെലവഴിച്ചത്. ഹുറുണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട ഇന്ത്യക്കാരുടെ ജീവകാരുണ്യ പട്ടികയിലാണ് മുകേഷ് അംബാനി ഒന്നാമതെത്തിയത്. തൊട്ടതെല്ലാം പൊന്നാക്കുന്ന അംബാനി മാജിക് ഇ-കൊമേഴ്സ് രംഗത്തും വിജയം കൈവരിച്ചാല്‍ പിന്നെ ലോക സമ്പന്നന് എന്ന പദവി അംബാനിക്ക് സ്വന്തമാകുമെന്നുറപ്പ്.