ഫോബ്‌സ് പുറത്തിറക്കിയ ലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയില്‍ ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനി 13ാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറ് സ്ഥാനം മുന്നോട്ട് കടന്നാണ് അദ്ദേഹം ഈ സ്ഥാനത്തെത്തിയത്. ആമസോണിന്റെ സ്ഥാപകനും ചെയര്‍മാനുമായ ജെഫ് ബെസോസ് ആണ് ഇത്തവണയും ഒന്നാം സ്ഥാനത്ത്. പിന്നാലെ ബില്‍ഗേറ്റ്‌സ്, വാരണ്‍ ബഫറ്റ് എന്നിവരുണ്ട്. 131 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് ഇപ്പോള്‍ ബെസോസിനുളളത്.
2018ല്‍ 40.1 ബില്യണ്‍ ഡോളറോടെ 19ാം സ്ഥാനത്തായിരുന്ന അംബാനി 2019 ആയപ്പോള്‍ 50 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ 13ാം സ്ഥാനത്തേക്ക് കുതിച്ചു. വിപ്രോ ചെയര്‍മാനായ അസീം പ്രേംജി 22.6 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ 36ാം സ്ഥാനത്താണ്. എച്ച്‌സിഎല്‍ സഹസ്ഥാപകനായ ശിവ് നാടാര്‍ 82ാം സ്ഥാനത്താണ്.
ഇന്ത്യയിലെ ബില്യണയര്‍മാരില്‍ ഒന്നാമന്‍ മുകേഷ് അംബാനി തന്നെയാണ്. കുമാര്‍ ബിര്‍ല (122), ഗൗതം അദാനി (167), സുനില്‍ മിത്തല്‍ (244) പതഞ്ജലി ആയുര്‍വേദ ആചാര്യന്‍ ബാലകൃഷ്ണ (265), അജയ് പിരമല്‍ (436), കിരണ്‍ മുസംദാര്‍ ഷാ (617), എന്‍ആര്‍ നാരായണമൂര്‍ത്തി (962), അനില്‍ അംബാനി (1349) എന്നിവരും പട്ടികയിലുണ്ട്.