മുംബൈ: എങ്ങനെ പണമുണ്ടാക്കാമെന്ന വിഷയത്തില്‍ ഒരു യൂണിവേഴ്സിറ്റി സ്ഥാപിച്ചാല്‍ അതിന്റെ വൈസ് ചാന്‍സലര്‍ ആക്കാന്‍ മുകേഷ് അംബാനിയേക്കാള്‍ പറ്റിയ ആള് വേറെ ഉണ്ടാകില്ല. എന്തു തൊട്ടാലും സ്വര്‍ണമാകുന്ന ഗ്രീക്ക് ഇതിഹാസത്തിലെ മിഡാസിനെപ്പോലെയാണ് അംബാനി. കൈവയ്ക്കുന്നിടത്തെല്ലാം പൊന്നുവിളയും. ടെലികോം രംഗത്ത് ജിയോയുടെ മുന്നേറ്റം തന്നെ ഏറ്റവുമടുത്ത ഉദാഹരണം. ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് വിപണിയായ ഇന്ത്യയില്‍ മേധാവിത്വം സ്ഥാപിച്ചിരിക്കുന്ന ആമസോണിനെയും ഫ്ളിപ്പ് കാര്‍ട്ടിനെയും കടത്തിവെട്ടാന്‍ ഓണ്‍ലൈന്‍ ബിസിനസിലേക്കും അംബാനി കൈവച്ചു കഴിഞ്ഞു.
എന്നാല്‍ ഇതുകൊണ്ടൊന്നും തീരുന്നില്ല അംബാനിയുടെ പദ്ധതികള്‍. മുംബൈയ്ക്ക് സമീപം സിംഗപ്പൂര്‍ മാതൃകയില്‍ മെഗാസിറ്റി പണിയാനാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തയ്യാറെടുക്കുന്നത്. ദീര്‍ഘകാലമായി അംബാനിയുടെ മനസ്സിലുള്ള പദ്ധതിയാണിത്. അച്ഛന് ധീരുഭായി അംബാനി തന്നെ സ്വപ്നം കണ്ട യൂറോപ്യന്‍ രാജ്യങ്ങളോട് കിടപിടിക്കുന്ന ഇന്ത്യന്‍ നഗരം എന്ന സ്വപ്നത്തിലേക്കാണ് മകന് കാലെടുത്തു വെക്കുന്നത്. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തങ്ങളിലേക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസ് കടന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
മുംബൈയില്‍ പുതിയ നഗര വികസനത്തിന് റിലയന്‍സിന് സ്പെഷ്യല്‍ പ്ലാനിങ് അഥോറിറ്റി അനുമതിയാണ് ലഭിച്ചിരിക്കുന്നത്. നഗര വികസനത്തില്‍ ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകയാകുന്ന തരത്തിലാകും റിലയന്‍സ് സിറ്റിയുടെ നിര്‍മ്മാണം. ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ പണക്കാരുടെ വിഹാരകേന്ദ്രമാക്കിയുള്ള ആഡംബര നഗരമാണ് മുകേഷ് അംബാനിയുടെ മനസില്‍. ഇപ്പോള്‍ ലോകത്തിന് മുമ്പില്‍ മുംബൈയുടെ മുഖത്തിന്റെ ഒരു വശം സമ്പന്നതയുടെയും മറുവശം ചേരികളുടെയുമാണ്. എന്നാല്‍ പുതിയ പദ്ധതിയിലൂടെ ഈ മുംബൈയുടെ ഈ പ്രതിച്ഛായ മാറ്റുകയാണ് അംബാനിയുടെ ലക്ഷ്യം.
പുതിയ വിമാനത്താവളം, ജവഹര്‍ലാല്‍ നെഹ്റു തുറമുഖം എന്നിവയുടെ സമീപത്താണ് പദ്ധതി നടപ്പാക്കുന്നത്. ഏകദേശം 7,500 കോടി ഡോളറിന്റെ വന്‍ നിക്ഷേപമാണ് പദ്ധതിയുടെ നടത്തിപ്പിനായി പ്രതീക്ഷിക്കുന്നത്. ഇതിനായി 4,300 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടിയും വരും.പുതിയ നഗരത്തിനുള്ളില്‍ റിലയന്‍സിന്റെ പദ്ധതികള്‍ മാത്രമല്ല ഉണ്ടാകുക, മറ്റ് കോര്‍പ്പറേറ്റ് സംരംഭങ്ങളും നഗരത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാകും. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ രംഗത്ത് അംബാനിയുടെ മാസ് എന്‍ട്രിയാകും പദ്ധതിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ഇന്ത്യന്‍ നഗര വികസനത്തിന് പുതിയ നാഴികകല്ല് എഴുതിചേര്ക്കാനാണ് ഉദ്ദേശം. റിലയന്‍സ് മെഗാസിറ്റിയുടെ വരവോടെ മുംബൈ നഗരത്തിന്റെ മൊത്തം പ്രതിച്ഛായ മാറുമെന്നാണ് വിലയിരുത്തല്‍. അതേസമയം നഗരം വികസിപ്പിക്കുന്നതിന് അപ്പുറത്തേക്ക് ആ നഗരത്തിലെ എല്ലാം നിയന്ത്രിക്കുകയും റിലയന്‍സ് ഗ്രൂപ്പായിരിക്കും എന്നും വാര്‍ത്തകളില്‍ പറയുന്നു. എന്നാല്‍ പദ്ധതി യാഥാര്‍ഥ്യമാകണമെങ്കില്‍ നിരവധി പ്രതിബന്ധങ്ങളെ മറികടക്കേണ്ടതുണ്ട്.
മുകേഷിന്റെ പിതാവ് ധീരുഭായി അംബാനിയാണ് നവി മുംബൈയ്ക്ക് സമീപം ലോക നിലവാരത്തിലുള്ള നഗരമെന്ന ആശയം മുമ്പ് പങ്കുവെച്ചത്. എണ്‍പതുകളില്‍ ഈ നഗരപദ്ധതിയെ കുറിച്ച് അദ്ദേഹം ആലോചിച്ചിരുന്നു. നവി മുംബൈ സെസ് പദ്ധതിയുടെ ഭാഗമയാണ് ഇപ്പോള്‍ പുതിയ പദ്ധതിയെ കുറിച്ച് മുകേഷ് അംബാനി ആലോചിക്കുന്നത്. എന്തായാലും മുകേഷിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായാല്‍ ലോകം ഉറ്റുനോക്കുന്ന ആഡംബര നഗരമായി മുംബൈ നഗരം മാറുമെന്നത് ഉറപ്പാണ്. നിലവില്‍ ലോകസമ്പന്നരുടെ പട്ടികയില്‍ 13-ാം സ്ഥാനത്തുള്ള മുകേഷ് അധികം വൈകാതെ ആദ്യപത്തില്‍ ഇടംപിടിക്കുമെന്നു തന്നെയാണ് കരുതപ്പെടുന്നത്.