മലയാള സിനിമയില്‍ പുതുചരിത്രം രചിക്കുമെന്ന് കരുതിയ മഹാഭാരതം അകാലചരമം അടയുമോയെന്ന് ഉറ്റുനോക്കുകയാണ് സിനിമ ആരാധകര്‍. എംടി തിരക്കഥ തിരികെ ചോദിച്ച് കേസുകൊടുത്തതും സംവിധായകന് ശ്രീകുമാര്‍ മേനോന് തിരിഞ്ഞു കളിക്കുന്നതുമെല്ലാം ആരാധകരെ നിരാശരാക്കുകയാണ്. ഇതിനിടെ ശ്രീകുമാര്‍ മേനോനുമായി ഇനിയൊരു ബന്ധവുമില്ലെന്നും എംടിയുടെ തിരക്കഥയില്ലെങ്കിലും മഹാഭാരതം നിര്‍മിക്കുമെന്നും പറഞ്ഞ് നിര്‍മാതാവ് ബി ആര് ഷെട്ടി രംഗത്തു വരികയും ചെയ്തു.
ഇപ്പോള്‍ മറ്റൊരു മഹാഭാരത വാര്‍ത്ത വരുകയാണ് അങ്ങ് ബോളിവുഡില്‍ നിന്ന്. മികച്ച അഭിനയത്തിലൂടെയും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും ഇന്ത്യന്‍ സിനിമാലോകത്തെ വിസ്മയിപ്പിച്ച നടന് ആമിര്‍ ഖാനെ നായകനാക്കി ബോളിവുഡില്‍ മഹാഭാരതമൊരുങ്ങുന്നു. 1000 കോടി ബജറ്റിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രം മുകേഷ് അംബാനിയാകും നിര്‍മ്മിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴ് ഭാഗങ്ങളിലായി വരുന്ന സിനിമയില്‍ ആമിര്‍ ശ്രീ കൃഷ്ണന്റെ വേഷത്തിലാകും അഭിനയിക്കുക. ഏഴ് ഭാഗങ്ങളിലായി വരുന്ന സിനിമയുടെ ഓരോ സീരീസും വ്യത്യസ്ത സംവിധായകരാകും സംവിധാനം ചെയ്യുക. ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.
തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ പൂര്‍ത്തീകരിച്ച ആമിര്‍, മഹാഭാരതം ചെയ്യാനുളള തയ്യാറെടുപ്പിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. കൃഷ്ണനായി ആമിര്‍ തന്നെ എത്തുമ്പോള്‍ ദ്രൗപതിയുടെ വേഷത്തില്‍ ദീപിക പദുക്കോണിനെ പരിഗണിക്കുന്നു. സിനിമയില്‍ അര്‍ജുനന്റെ വേഷത്തില്‍ പ്രഭാസ് എത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. എന്തായാലും രണ്ടാമൂഴം സിനിമയാകുമോയെന്ന് ശങ്കിച്ചിരുന്നവര്ക്ക് ആശ്വസമേകുന്നതാണ് പുതിയ മഹാഭാരതത്തിന്റെ വാര്‍ത്തകള്‍.