മുംബൈ: എഷ്യയിലെ ഏറ്റവും സന്പന്നനെന്ന ഖ്യാതി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കു സ്വന്തം. ചൈനീസ് വ്യവസായി ഹുയി കാ യാനെ കടത്തിവെട്ടിയാണ് അംബാനിയുടെ കുതിപ്പ്. 4210 കോടി ഡോളർ(2.71 ലക്ഷം കോടി ഇന്ത്യൻ രൂപ) ആണ് നിലവിൽ അംബാനിയുടെ ആസ്തി.
ഫോബ്സ് പുറത്തിറക്കിയിട്ടുള്ള ഏറ്റവും പുതിയ പട്ടികയനുസരിച്ച് അംബാനിയുടെ വ്യക്തിഗത സ്വത്ത് 466 മില്യണ്‍ ഡോളറായി ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരിമൂല്യത്തിൽ ബുധനാഴ്ച 1.22 ശതമാനം വർധനവുണ്ടായതിനെ തുടർന്നാണ് അംബാനിയുടെ വ്യക്തിഗത സ്വത്തിലും വർധനവുണ്ടായത്. അതേസമയം, എവർഗ്രാൻഡെ ഗ്രൂപ്പ് ചെയർമാൻ ഹൂയി കാ യാനിന്റെ ആസ്തി 1.28 ശതകോടി കുറഞ്ഞ് 40.6 ശതകോടി ഡോളറിലെത്തി.
ആഗോള സന്പന്നൻമാരുടെ പട്ടികയിൽ 14-ാം സ്ഥാനത്താണ് മുകേഷ് അംബാനി. ഇദ്ദേഹത്തിന്റെ കന്പനിയുടെ കഴിഞ്ഞ വർഷത്തെ 7,209 കോടിയുടെ മൊത്തലാഭം ഈ വർഷം സെപ്റ്റംബറിൽ 8,109 കോടിയായി ഉയർന്നിട്ടുണ്ട്.