തിരുവനന്തപുരം: ഒരു ഒളിമ്പ്യൻ വന്ന വഴി സാമാജികർക്കു പറഞ്ഞു കൊടുക്കുകയായിരുന്നു എം. മുകേഷ്. കൊല്ലത്തെ പട്ടത്താനം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആണു വേദി.
അവിട്ടം നാളിൽ പകൽ കായികമത്സരങ്ങളും രാത്രി കലാമത്സരങ്ങളും പതിവ്. കായിക മത്സരങ്ങളിൽ പേരു കൊടുക്കാൻ വരി നിൽക്കുകയാണ് മുകേഷ്.
ബന്ധുകൂടിയായ ചെറുപ്പക്കാരൻ ആ വഴി സൈക്കിൾ ചവിട്ടി വന്നു. എന്താണു നിൽക്കുന്നതെന്നു ചോദിച്ചപ്പോൾ കായിക മത്സരങ്ങളിൽ പങ്കെടുക്കാനാണെന്നു പറഞ്ഞു.
താനും മത്സരിക്കട്ടേ എന്നായി ചെറുപ്പക്കാരൻ. ഏത് ഇനത്തിൽ പങ്കെടുക്കാമെന്നും ചോദിച്ചു. കാലിനു നീളമുള്ള ആൾ എന്ന നിലയിൽ ജംപ് ഇനത്തിൽ മത്സരിക്കാൻ മുകേഷ് പറഞ്ഞു.
പേരു കൊടുക്കാറായപ്പോൾ ഏത് ജംപിൽ പങ്കെടുക്കണമെന്നു ചോദിച്ചു. ഹൈജംപിൽ പങ്കെടുക്കണമെങ്കിൽ പരിശീലനം വേണം. ലോംഗ്ജംപിൽ പങ്കെടുക്കാൻ മുകേഷ് ഉപദേശിച്ചു.
ആദ്യ ചാട്ടത്തിൽ തന്നെ ചെറുപ്പക്കാരൻ പിറ്റിനുമപ്പുറത്തേക്കു ചാടി ഒന്നാം സ്ഥാനം നേടി. പിന്നീട് ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും ദേശീയ തലത്തിലും ആ ചെറുപ്പക്കാരൻ സമ്മാനങ്ങൾ നേടി.
ഒടുവിൽ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ആ ചെറുപ്പക്കാരനാണത്രെ സുരേഷ് ബാബു.
ഒരുപക്ഷേ ആ അവിട്ടം നാളിൽ മുകേഷിനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ പിൽക്കാലത്ത് രാജ്യത്തിന്റെ അഭിമാനമായി മാറിയ ആ അത്ലറ്റിനെ രാജ്യത്തിനു ലഭിക്കുമായിരുന്നില്ലെന്നു വേണം കരുതാൻ.
കേരളം സന്തോഷ് ട്രോഫിയിൽ ആദ്യമായി ജേതാക്കളായ കളി കാണാൻ പോയ കഥയും മുകേഷ് പറഞ്ഞു. ക്യാപ്റ്റൻ മണിയുടെ ഓട്ടോഗ്രാഫ് വാങ്ങണമെന്നുണ്ടായിരുന്നു.
അതിനു സാധിച്ചില്ല. മുകേഷ് ഓട്ടോഗ്രാഫിൽ സ്വയം എഴുതി വച്ചു: പ്രിയ മുകേഷ്, ഫുട്ബോളിൽ നിങ്ങൾ ഉയരങ്ങളിലെത്തും. എന്ന് സ്വന്തം മണി.
കായികവിനോദങ്ങളേക്കുറിച്ചുള്ള ധനാഭ്യർഥനാചർച്ചയിൽ പങ്കെടുത്തു സംസാരിക്കാൻ ഈ യോഗ്യത ധാരാളം.
കല, സംസ്കാരം എന്നീ വകുപ്പുകളേക്കുറിച്ചു പറയാനും മുകേഷിനോളം യോഗ്യതയുള്ളവർ നിയമസഭയിൽ അധികമില്ലെന്ന കാര്യത്തിൽ സംശയമില്ല.
വിദ്യാഭ്യാസവും കലയും സംസ്കാരവും പട്ടികജാതി- പട്ടികവർഗ – പിന്നാക്കക്ഷേമവും സാമൂഹ്യക്ഷേമവുമുൾപ്പെടെ ഒരുപിടി വകുപ്പുകളുടെ ധനാഭ്യർഥകൾ ഒരുമിച്ചു ചർച്ച ചെയ്തപ്പോൾ പങ്കെടുത്തവർക്ക് ഇഷ്ടവിഷയങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരവുമായി.
എങ്കിലും രാവിലെ അടിയന്തരപ്രമേയ രൂപത്തിൽ പ്രതിപക്ഷം സഭയിലെത്തിച്ച ഷോളയൂർ ഉൗരിൽ ആദിവാസി മൂപ്പനെയും കുടുംബത്തെയും പോലീസ് മർദിച്ച സംഭവമായിരുന്നു പ്രതിപക്ഷത്തു നിന്നുള്ളവർക്ക് ഇഷ്ടപ്പെട്ട വിഷയം.
ആദിവാസി മൂപ്പനെ മർദിച്ച സംഭവത്തിൽ ശൂന്യവേളയിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി പ്രസംഗിച്ചത് എൻ. ഷംസുദീൻ ആയിരുന്നു.
രാവിലെ ആറിന് ആദിവാസി കോളനിയിൽ കയറിയ വൻ പോലീസ് സന്നാഹം ഉൗരു മൂപ്പനെയും മകനെയും മർദിച്ച് പോലീസ് ജീപ്പിൽ കയറ്റിയെന്നാണ് പരാതി.
മൂപ്പന്റെ പതിനേഴു വയസുള്ള ഭിന്നശേഷിക്കാരനായ കൊച്ചുമകന്റെ മുഖത്തടിച്ചെന്നും ഷംസുദ്ദീൻ പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് പ്രതികളെയോ മരംമുറി ബ്രദേഴ്സിനെയോ പിടിക്കാൻ പോലീസിന് ഈ ആവേശമൊന്നും ഇല്ലായിരുന്നല്ലോ എന്നും ഷംസുദീൻ ചോദിച്ചു.
പോലീസിനെ വാനോളം പുകഴ്ത്തിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പ്രളയകാലത്തും കോവിഡ് കാലത്തും പോലീസ് നടത്തിയ സേവനങ്ങൾ മുഖ്യമന്ത്രി എണ്ണിയെണ്ണി പറഞ്ഞു.
അട്ടപ്പാടിയിലേത് ഒറ്റപ്പെട്ട സംഭവം എന്നാണു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. അതിരാവിലെ പോയി അറസ്റ്റ് ചെയ്തത് എന്തിനാണെന്നു വേണമെങ്കിൽ അന്വേഷിക്കാമെന്നാണു മുഖ്യമന്ത്രിയുടെ നിലപാട്.
അതിനപ്പുറം വീഴ്ചയൊന്നുമുള്ളതായി മുഖ്യമന്ത്രിക്കു തോന്നുന്നില്ല. സംസ്ഥാനത്തു നടക്കുന്ന പോലീസ് അതിക്രമങ്ങളെ വീരകൃത്യങ്ങളായി മുഖ്യമന്ത്രി ചിത്രീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാക്കൗട്ട് പ്രസംഗത്തിൽ പറഞ്ഞു.
കൈനകരിയിൽ ഡോക്ടറുടെ കരണത്തടിച്ച സിപിഎം ലോക്കൽ സെക്രട്ടറിയെയും പഞ്ചായത്ത് പ്രസിഡന്റിനെയും അറസ്റ്റ് ചെയ്യാൻ തയാറാകാത്ത പോലീസ് ആണ് ആദിവാസികളെ ഉൾപ്പെടെ ആക്രമിക്കുന്നത്.
മഹാമാരിക്കാലത്ത് ജനങ്ങളെ സഹായിച്ച പോലീസ് തന്നെയാണല്ലോ 2000 രൂപ പെറ്റി നൽകി 500 രൂപയുടെ രസീത് നൽകിയതെന്നും സതീശൻ ചോദിച്ചു.
ഷംസുദ്ദീനും പിന്നാലെ വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും ചേർന്ന് മരംമുറി ബ്രദേഴ്സ് എന്നൊരു പ്രയോഗവും ഭാഷയ്ക്കു സമ്മാനിച്ചു.
ആദിവാസികൾക്കായി സ്പെഷൽ റിക്രൂട്ട്മെന്റ് തുടങ്ങിയത് ലീഡർ കെ. കരുണാകരൻ ആണെന്ന് ഐ.സി. ബാലകൃഷ്ണൻ പറഞ്ഞു.
ആദിവാസികൾക്ക് ഒരു ലക്ഷം രൂപ ചികിത്സാസഹായത്തിനു വ്യവസ്ഥയുണ്ടെങ്കിലും അതു ലഭിക്കാൻ കടന്പകളേറെയാണെന്ന് സ്വന്തം മണ്ഡലത്തിലെ ഉദാഹരണം സഹിതം ബാലകൃഷ്ണൻ പറഞ്ഞു.
ആദിവാസി ഉൗരുകളിൽ കയറി പോലീസ് നടത്തിയ അതിക്രമം സർക്കാരിനു ഭൂഷണമല്ലെന്ന് അനൂപ് ജേക്കബ് പറഞ്ഞു.
പഴയ മുത്തങ്ങ സംഭവം പൊടിതട്ടിയെടുത്താണ് ഒ.ആർ. കേളുവും കെ.എം. സച്ചിൻ ദേവും ഷോളയൂർ ഉൗരിലെ സംഭവത്തിൽ സർക്കാർ പക്ഷത്തെ പ്രതിരോധിച്ചത്.
അത്രയും അതിക്രമം ഇപ്പോൾ ഇല്ലല്ലോ എന്ന് അർഥം! പെറ്റി സർക്കാർ എന്നു ചിലർ പിണറായി സർക്കാരിനെ ആക്ഷേപിക്കുന്പോൾ കേരളത്തിലെ വിദ്യാർഥികൾ ഇപ്പോൾ വിളിക്കുന്നത് പ്രെറ്റി സർക്കാർ എന്നാണെന്ന് പ്രമോദ് നാരായണ് പറഞ്ഞു.
കേരളത്തിൽ സ്ഥിരം സാംസ്കാരിക വേദികൾ തുറന്നു കലാകാരന്മാർക്ക് സ്ഥിരവരുമാനത്തിനു മാർഗമുണ്ടാക്കണമെന്ന് കെ.ബി. ഗണേഷ്കുമാർ ആവശ്യപ്പെട്ടു.
സാഹചര്യം അനുകൂലമാകുകയാണെങ്കിൽ രണ്ടോ മൂന്നോ ആഴ്ച കഴിയുന്പോഴെങ്കിലും തീയറ്ററുകൾ തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലണ്ടനിലും മറ്റുമുള്ള ബ്രോഡ്വേ തീയറ്ററുകളിൽ മാസങ്ങൾക്കു മുന്പേ ടിക്കറ്റുകൾ വിറ്റു തീരുമെന്ന് എം. മുകേഷും ചൂണ്ടിക്കാട്ടി. അതേ മാതൃകയിൽ സ്ഥിരം തീയറ്റർ കേരളത്തിലും ആരംഭിക്കണം.
എംഎൽഎമാർ ഇരിക്കുന്ന ബഞ്ചിനും ഡസ്കിനും മുകളിലൂടെ സ്പൈഡർമാനേപ്പോലെ പറന്നു നടന്ന വ്യക്തി പൊതുവിദ്യാഭ്യാസ മന്ത്രിയായിരിക്കുന്നതു വിദ്യാർഥികൾക്കു നല്ലൊരു മാതൃകയല്ല നൽകുന്നതെന്ന് സനീഷ്കുമാർ ജോസഫ് പറഞ്ഞു.
പി. നന്ദകുമാർ, വി. ശശി, പി. അബ്ദുൾ ഹമീദ്, കെ.കെ. രമ, കെ. ശാന്തകുമാരി, എൻ. ഷംസുദീൻ, എം.എസ്. അരുണ്കുമാർ, ജി. സ്റ്റീഫൻ, ടി.വി. ഇബ്രാഹിം, വി.ആർ. സുനിൽകുമാർ, എം. വിജിൻ, എ.പി. അനിൽകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ആറു മന്ത്രിമാരാണു മറുപടി പറഞ്ഞത്.
സാബു ജോണ്