കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണം നടനും എംഎൽഎയുമായ മുകേഷിലേക്കും. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം മുകേഷിനെ ചോദ്യം ചെയ്യും. പൾസർ സുനി മുകേഷിന്റെ ഡ്രൈവറായി പ്രവർത്തിച്ചിരുന്ന പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യുന്നത്.
ഒരു വർഷത്തോളം പൾസർ സുനി തന്റെ ഡ്രൈവറായിരുന്നുവെന്ന് മുകേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ സുനിയുടെ രീതി അത്ര നല്ലതല്ലായെന്ന് മനസിലായപ്പോഴാണ് മാറ്റിയതെന്നും മുകേഷ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ കൂടുതൽ പേർ പ്രതികളായേക്കുമെന്നാണ് സൂചന. അറസ്റ്റിലായ നടൻ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയേയും, മാനേജർ അപ്പുണ്ണിയേയും പ്രതിചേർക്കുമെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും കുറ്റകൃത്യം മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്നുമുള്ള കുറ്റങ്ങൾ ചുമത്തിയായിരിക്കും ഇവരെ പ്രതിചേർക്കുക.