കൊച്ചി: താന്‍ ഇ -മെയില്‍ അയച്ചെന്ന മുകേഷിന്റെ ആരോപണം “കുക്ക്ഡ് അപ്പ്’ (മനപ്പൂർവം ഉണ്ടാക്കിയെടുത്തത്) സ്റ്റോറിയെന്ന് എറണാകുളം സ്വദേശിനിയായ പരാതിക്കാരി. മുന്‍കൂര്‍ ജാമ്യം തേടി നടനും എംഎല്‍എയുമായ മുകേഷ് കോടതിയില്‍ സമര്‍പ്പിച്ച തെളിവുകള്‍ ഇവര്‍ നിഷേധിക്കുകയാണ്.
മുകേഷിന് താന്‍ അയച്ചതായി പറയുന്ന ഇമെയിലിനെ കുറിച്ച് ഓര്‍മയില്ലെന്നും ഇമെയില്‍ മുകേഷിന്റെ ‘കുക്ക്ഡ് അപ്പ്’ സ്റ്റോറി ആണെന്നുമാണ് പരാതിക്കാരി പറയുന്നത്. എന്നാല്‍, മുകേഷും ആദ്യ ഭാര്യയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ഇടപെടാം എന്ന് താന്‍ പറഞ്ഞകാര്യം സത്യമാണ്. മുകേഷിന്റെ മരടിലെ വീട്ടില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവമെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി അവകാശപ്പെട്ടു.
2009 ല്‍ തന്നെ ലാപ്ടോപ്പ് പഠിപ്പിക്കാമോ എന്ന് മുകേഷ് ചോദിച്ചിരുന്നുവെന്നും ലാപ്ടോപ്പ് ഉപയോഗിക്കാന്‍ അറിയാത്ത ആള്‍ക്ക് എങ്ങനെ ഇ-മെയില്‍ അയയ്ക്കുമെന്നും നടി ചോദിക്കുന്നു. താന്‍ ഇ-മെയില്‍ അയച്ചെന്ന മുകേഷിന്റെ ആരോപണം കെട്ടിച്ചമച്ചതാണ്.
മുകേഷും ആദ്യ ഭാര്യയും തമ്മില്‍ ഉള്ള പ്രശ്നം പരിഹരിക്കാന്‍ ഇടപെടാമെന്ന് പറഞ്ഞുവെന്ന കാര്യം മാത്രമാണ് മുകേഷ് പറഞ്ഞതില്‍ സത്യമുള്ളത്. ഒരു ഘട്ടത്തിലും താന്‍ അക്കൗണ്ട് നമ്പര്‍ അയച്ചു കൊടുത്തിട്ടില്ല. കാശിന്റെ ഒരിടപാടും ഉണ്ടായിട്ടില്ലെന്നും നടി പറഞ്ഞു.
മുകേഷിന്റെ വീട്ടില്‍ പോയിട്ടില്ല. ആ വീട് ഫോട്ടോയില്‍ പോലും കണ്ടിട്ടില്ല. മുകേഷിന്റെ മരടിലെ വില്ലയില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. അവിടെ എത്താന്‍ ഇടയായ സാഹചര്യത്തെക്കുറിച്ചുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു.