കൊല്ലം: തന്നെ ഒരു വിദ്യാർഥി ഫോണിൽവിളിച്ച സംഭവം വിവാദമായതോടെ മുകേഷ് എംഎൽഎ പോലീസിൽ പരാതി നൽകുമെന്നാണ് സൂചന.
സഹായം ചോദിച്ച് ഫോണിൽ വിളിച്ച പത്താംക്ലാസ് വിദ്യാർഥിയോട് എം മുകേഷ് എംഎൽഎ കയർത്ത് സംസാരിച്ചത് വിവാദത്തിലായിരിക്കുകയാണ് .
ആരാണ് വിളിച്ചതെന്ന് വ്യക്തമല്ലെങ്കിലും പാലക്കാട് നിന്നൊരു കുട്ടി എന്നു പറഞ്ഞാണ് എംഎൽഎയെ വിളിക്കുന്നത്.
അതേസമയം ആസൂത്രിതമായുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ ഫോൺവിളിയെന്നാണ് എംഎൽഎയുടെ ആരോപണം. ഇതിനു പിന്നിലുളഅളവരെ കണ്ടെത്താൻ പോലീസിനും സൈബർ സെല്ലിനും പരാതി നൽകാനാണ് മുകേഷിന്റെ തീരുമാനം.
ആറുതവണ എന്തിന് വിളിച്ചെന്ന് അസഹിഷ്ണുതയുടെസ്വരത്തിലാണ് മുകേഷിന്റെ സംസാരം. കുട്ടി എന്തിനാണ് വിളിച്ചതെന്ന് മുകേഷ് ചോദിക്കുന്നുമില്ല.
പാലക്കാട്ടെ എംഎൽഎയെ എന്തുകൊണ്ടു വിളിച്ചില്ലെന്ന് ചോദിക്കുമ്പോൾ ഒരാൾ സാറിന്റെ നമ്പർ തന്നു എന്നാണ് കുട്ടിയുടെ മറുപടി.
ഇതുകേട്ട് അവന്റെ ചെവികുറ്റിക്ക് ഒന്ന് കൊടുക്കണമെന്നാണ് മുകേഷിന്റെ പ്രതികരണം. സ്വന്തം എംഎൽഎയുടെ ഫോൺ നമ്പർ നൽകാതെ മറ്റൊരു ജില്ലയിലെ എംഎൽയുടെ നമ്പർ തന്നതും പ്രധാനപ്പെട്ട മീറ്റിങ്ങിൽ ഇരിക്കുമ്പോൾ ആറുതവണ വിളിക്കുന്നത് എന്തിനെന്നും ചോദിച്ചാണ് മുകേഷ് തട്ടിക്കയറുന്നത്.
താൻ പത്താംക്ലാസുകാരനാണെന്നും ഒരു അത്യാവശ്യത്തിനാണ് വിളിക്കുന്നതെന്നും കുട്ടി പറയുന്നുണ്ട്.
തന്റെ മുന്നിൽ ഉണ്ടായിരുന്നെങ്കിൽ ചൂരൽ കൊണ്ട് അടിച്ചേനേ, ആരാണ് നിന്റെ എംഎൽഎ, മേലാൽ സ്വന്തം എംഎൽഎ യോട് സംസാരിക്കാതെ എന്നെ വിളിക്കരുതെന്നും കുട്ടി സോറി പറയുമ്പോൾ വിളച്ചിലാണ് ഇതെന്നും മുകേഷ് പറയുന്നു.
പാലക്കാട് ഒറ്റപ്പാലത്താണ് വീടെന്നും മുകേഷിന്റെ ചോദ്യത്തിന് മറുപടിയായി കുട്ടി പറയുന്നുണ്ട്.
കുറച്ചുനാൾ മുന്പ് രാത്രി 11ന് ആരാധകനെന്ന് പറഞ്ഞ് വിളിച്ചയാളിനോട് വളരെ മോശമായി മുകേഷ് പെരുമാറിയത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
അതേസമയം മുകേഷിനെ നിരന്തരം ഫോണിൽവിളിച്ച് ശല്യപ്പെടുത്തുന്നതായാണ് അദ്ദേഹത്തിന്റെ പരാതി. ഇതിനെതുടർന്നാണ് അദ്ദേഹം നിയമനടപടിക്കൊരുങ്ങുന്നത്. ഫോണിൽവിളിച്ച കുട്ടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
തനിക്കെതിരേ നടക്കുന്നത് ആസൂത്രിതനീക്കം: മുകേഷ്
കൊല്ലം: തനിക്കെതിരായി ആസൂത്രണം ചെയ്ത് നടക്കുന്ന പദ്ധതിയുടെ ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്ന ശബ്ദരേഖയെന്ന് മുകേഷ് എംഎൽഎ.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പലരീതിയിൽ ഇത്തരം ഫോൺ വിളികൾ നേരിടുന്നുണ്ട്. അതിന്റെ ഭാഗമായാണ് തനിക്ക് വന്ന ഫോൺകോളെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളോട് പെരുമാറേണ്ടത് എങ്ങനെയാണെന്ന് തനിക്കാരും പറഞ്ഞു തരേണ്ട. രാഷ്ട്രീയ പ്രചാരണമാണ് നിലവിൽ നടക്കുന്നത്. ആരും ഇത് വിശ്വസിക്കരുത്.
ഇതുസംബന്ധിച്ച് പോലിസിൽ പരാതി നൽകിയിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു. റെക്കോർഡ് ചെയ്യാൻ ലക്ഷ്യമിട്ടാണ് ഇത്തരം ഫോൺ വിളികളെന്നും ആരാണ് പിന്നിലെന്നും തനിക്ക് ഊഹിക്കാമെന്നും മുകേഷ് പറഞ്ഞു.
ചൂരൽ വച്ച് അടിക്കും എന്നത് ഒരു പ്രയാോഗമാണ്. താനും ഒരുപാട് ചൂരലിന്റെ അടികൊണ്ടാണ് ഇവിടംവരെ എത്തിയതെന്നും തന്റെ വീട്ടിലും കുട്ടികളുണ്ടെന്നും മുകേഷ് പറഞ്ഞു.