കൊല്ലം: പ്രതിഷേധങ്ങൾ തണുത്തുറഞ്ഞ സാഹചര്യത്തിൽ കൊല്ലത്ത് സജീവമായി എം. മുകേഷ് എംഎൽഎ. ജനപ്രതിനിധി എന്ന നിലയിൽ ഇനി പൊതുപരിപാടികളിൽനിന്നു വിട്ടു നിൽക്കുന്നത് അനുചിതമാകും എന്ന നിലപാടിലാണ് അദ്ദേഹം. സിപിഎം ജില്ലാ നേതൃത്വവും ഇതിനു പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. ഇതേ തുടർന്നാണ് മണ്ഡലത്തിൽ സജീവമാകാൻ അദ്ദേഹം തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം കൊല്ലം കെഎസ്ആർടിസിയുടെ പുതിയ കെട്ടിടത്തിന്റെ പ്ലാൻ അന്തിമമാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥ സംഘം എത്തിയപ്പോൾ അവരോടൊപ്പം എംഎൽഎയും ഡിപ്പോ സന്ദർശിക്കുകയുണ്ടായി.ഇതിന്റെ വിശദമായ വിവരങ്ങളും ചിത്രങ്ങളും എംഎൽഎ തന്നെ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുമുണ്ട്.
മാത്രമല്ല എംഎൽഎയുടെ പൊതുപരിപാടികളും മറ്റും അറിയിക്കാനായി രൂപപ്പെടുത്തിയ മാധ്യമ പ്രവർത്തകർ അടങ്ങിയ വാട്സ് ആപ്പ് ഗ്രൂപ്പിലും അദ്ദേഹത്തിന്റെ ഡിപ്പോ സന്ദർശനം സംബന്ധിച്ച വാർത്തയും ചിത്രവും പ്രസിദ്ധീകരണത്തിന് നൽകുകയുമുണ്ടായി.പട്ടയ വിതരണ വേളയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൊല്ലം കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിലും മുകേഷ് പങ്കെടുക്കുകയുണ്ടായി.
കൂടാതെ മണ്ഡലത്തിലെ നിരവധി മരണ വീടുകളിലും വിവാഹം നടന്ന വീടുകളിലും അടക്കം അദ്ദേഹം സന്ദർശനം നടത്തുകയുമുണ്ടായി. സിപിഎം പ്രവർത്തകർ എംഎൽഎയെ അനുഗമിക്കുന്നുമുണ്ട്.എംഎൽഎക്കെതിരേ ലൈംഗിക അതിക്രമ കേസ് ഉയർന്നു വന്നപ്പോൾ അദ്ദേഹത്തിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ നിരവധി സംഘടനകൾ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് വന്നിരുന്നു.
എംഎൽഎയുടെ വീട്ടിലേയ്ക്കും ഓഫീസിലേയ്ക്കുമൊക്കെ മാർച്ച് വരെ നടന്നു. ചില സമരങ്ങൾ അക്രമാസക്തമാക്കുകയും ചെയ്തു. ഇത്തരം സമരങ്ങൾ ഒക്കെ ഇപ്പോൾ അലിഞ്ഞ് ഇല്ലാതായ അവസ്ഥയാണ്.ഇപ്പോഴത്തെ അവസ്ഥയിൽ മുകേഷ് രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് സിപിഎം ജില്ലാ നേതൃത്വത്തിനുള്ളത്. എൽഡിഎഫിലെ ഘടകകക്ഷികൾ ആരും തന്നെ മറിച്ചൊരു അഭിപ്രായം പരസ്യമായി പറഞ്ഞിട്ടുമില്ല.
മുകേഷിൻ്റെ അറസ്റ്റ് കൊല്ലത്ത് എൽഡിഎഫിൻ്റെ പ്രതിഛായക്ക് മങ്ങൽ ഏൽപ്പിച്ചുവെന്ന ബോധ്യം സിപിഐയ്ക്ക് ഉണ്ടെങ്കിലും അത് തുറന്ന് പറയാൻ അവരും തയാറായിട്ടില്ല.നിലവിൽ മുകേഷിന് സിപിഎമ്മിൽ അംഗത്വമില്ല. അതുകൊണ്ട് തന്നെ സാങ്കേതികമായി പാർട്ടിക്ക് രാജി ആവശ്യപ്പെടാനും സാധിക്കില്ല.
ബലാത്സംഗ കേസിൽ അറസ്റ്റിലായി എന്ന ഒറ്റക്കാരണത്താൽ രാജിവയ്ക്കണം എന്ന പ്രതിപക്ഷ ആവശ്യം ബാലിശമാണെന്നാണ് സിപിഎം വിലയിരുത്തുന്നത്.മാത്രമല്ല എംഎൽഎയ്ക്ക് കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയുമുണ്ടായി. അതിനു ശേഷം അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചു വരുത്തി അറസ്റ്റ് റിക്കാർഡ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചത്. ഇതൊരു സ്വാഭാവിക നടപടി മാത്രമായാണ് സിപിഎം ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.
കേസ് ഇനി കോടതിയുടെ പരിഗണനയിലാണ്. അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ അപ്പോൾ രാജി ആവശ്യം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കാം എന്നു തന്നെയാണ് സിപിഎം ജില്ലാ നേതൃത്വത്തിൻ്റെ നിലപാട്. സംസ്ഥാന നേതൃത്വവും ഈ നിലപാടിന് പിന്തുണ നൽകുകയാണ്.
എഴുത്തുകാരി സാറാ ജോസഫ് അടക്കമുള്ളവരുടെ നേതൃത്യത്തിലുള്ള വനിതാ കൂട്ടായ്മ ഇപ്പോഴും മുകേഷിൻ്റെ രാജി ആവശ്യപ്പെട്ട് സ്വരം കടുപ്പിച്ച് നിൽപ്പാണ്. സമാനമായ കേസിൽ പ്രതിയാക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരും രാജിവച്ച ചരിത്രം ഇല്ലെന്ന ന്യായമാണ് ഇതിനുള്ള മറുപടിയായി സിപിഎം ചൂണ്ടിക്കാട്ടുന്നത്.
- എസ്.ആർ. സുധീർ കുമാർ