റാന്നി: റോഡരികില്‍ യുവാവിനെ രക്തം വാര്‍ന്ന നിലയില്‍ കാണുകയും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയും ചെയ്ത സംഭവത്തിലെ ദുരൂഹത അന്വേക്ഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ്.
മന്ദമരുതി തെക്കേച്ചരുവില്‍ മുകേഷ്കുമാറിന്റെ (35) മരണത്തിനു പിന്നിലെ ദുരൂഹതയില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് ടി.എന്‍. മധുവാണ് റാന്നി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.
ഓഗസ്റ്റ് 25ന് രാത്രിയിലാണ് ഇടമുറി തോമ്പിക്കണ്ടത്തിന് സമീപത്തെ ഹോളോബ്രിക്സ് കമ്പനിക്കു സമീപം മുകേഷിനെ അവശനിലയില്‍ കണ്ടത്.
പരുക്കേറ്റു കിടന്ന സമയത്ത് മുകേഷ് ഭാര്യ റെനിയെ ഫോണില്‍ വിളിച്ച് ഒരു വാഹന നമ്പരും പേരും പറഞ്ഞിട്ടുള്ളതായി പരാതിയില്‍ പറയുന്നു.
മുകേഷിന്റെ ശരീരത്തില്‍ വാഹനാപകടത്തില്‍ സംഭവിച്ചതല്ലാത്ത രീതിയിലുള്ള പരിക്കാണുള്ളതെന്നും പരാതിയില്‍ പറയുന്നു.
മറ്റേതോ സ്ഥലത്തുവച്ച് മുകേഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പരിക്കേറ്റതാകാമെന്നും അവിടുന്ന് രക്ഷപെട്ടു ഇരുചക്ര വാഹനം ഓടിച്ചെത്തി റോഡരികില്‍ അവശനായി വീണതാകാമെന്നു സംശയിക്കുന്നതായും പിതാവ് പരാതിയില്‍ പറയുന്നു.
യുവാവിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് വാഹനത്തിന്റെ എന്ജിന് നിലയ്ക്കാത്ത നിലയിലും ലൈറ്റ് കത്തിച്ച നിലയിലുമാണ് ഉണ്ടായിരുന്നത്.
സ്കൂട്ടറിന് ചെറിയ പോറല്‍ പോലും ഏറ്റിട്ടുമില്ലെന്ന് പരാതിയില്‍ ഉണ്ട്. മുകേഷിന്റെ ചെരുപ്പ് സംഭവ സ്ഥലത്ത് കാണാത്തതും സംശയം ജനിപ്പിക്കുന്നതായി മധു നല്കിയ പരാതിയില്‍ പറയുന്നു.
മുകേഷിന്റെ വാടക വീട് സ്ഥിതി ചെയ്യുന്ന കണ്ണമ്പള്ളിക്കുള്ള യാത്രക്കിടെയാണ് ഇടമുറിയില്‍ അപകടം ഉണ്ടായത്.
അത്തിക്കയത്തെ സ്ഥാപനം അടച്ച് വരുന്ന വഴി അപകടം കണ്ട പാറേക്കടവ് സ്വദേശിയാണ് യുവാവിനെ റാന്നി താലൂക്കാശുപത്രിയിലെത്തിച്ചത്.
അവിടെനിന്ന് വീട്ടുകാരുടെ നേതൃത്വത്തില്‍ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തിന് മാറ്റുന്നതിനിടെ പാമ്പാടി താലൂക്കാശുപത്രിയില്വച്ചാണ് മരണം സംഭവിച്ചത്.