കൊച്ചി: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ നടന് എം. മുകേഷ് എംഎല്‍എയുടെ എറണാകുളം മരടിലെ വില്ലയില്‍ ഇന്നലെ എസ്ഐടിക്ക് പരിശോധന നടത്താനായില്ല. പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും മരടിലെ വില്ലയുടെ താക്കോല്‍ മുകേഷ് കൈമാറിയിരുന്നില്ല.
ഇന്നലെ വൈകിട്ട് എസ്ഐടി സംഘം വില്ലയില്‍ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ മടങ്ങി. കെയര്‍ ടേക്കറുടെ കൈയില്‍ മറ്റൊരു താക്കോല്‍ ഇല്ലെന്നാണ് അന്വേഷണ സംഘത്തെ അറിയിച്ചത്. തുടര്‍ന്ന് പരിശോധന നടത്താനാവാതെ സംഘം മടങ്ങുകയായിരുന്നു.
ഇന്ന് താക്കോല്‍ എത്തിക്കാമെന്ന് എസ്ഐടി സംഘത്തെ അറിയിച്ചിട്ടുണ്ട്. ഇതിനു ശേഷമാകും വില്ലയില്‍ പരിശോധന നടക്കുക. മരടിലെ വില്ലയില്‍ വച്ച് മുകേഷ് തന്നെ പീഡിപ്പിച്ചുവെന്നാണ് എറണാകുളം സ്വദേശിനിയുടെ പരാതിയിലുള്ളത്.
മുകേഷിനെതിരേ തൃശൂരിലും കേസ്
അതേസമയം എറണാകുളം സ്വദേശിനിയായ നടിയുടെ പരാതിയില്‍ മുകേഷിനെതിരെ തൃശൂര്‍ പോലീസും കേസ് രജിസ്റ്റര്‍ ചെയ്തു. എസ്ഐടി അന്വേഷണ സംഘത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ഇന്നലെ നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് മുമ്പാണ് എസ്ഐടി സംഘം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇതില്‍ നടന്മാര് ഉള്‍പ്പെടെയുളളവര്‍ക്കെതിരേ ഗുരുതര ലൈംഗിക ആരോപണമാണ് നടി ഉന്നയിച്ചിരിക്കുന്നത്. എറണാകുളം മരട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈഎസ്പി കെ.വി. ബെന്നിയും സംഘത്തിലുണ്ടായിരുന്നു.
മൊഴിയെടുക്കലിന്റെ അടിസ്ഥാനത്തിലാണ് മുകേഷിനെതിരേ മറ്റൊരു കേസുകൂടി തൃശൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൃശൂരില്‍വച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. പരാതിക്കാരിയായ നടിയുടെ രഹസ്യമൊഴിയും ഇന്നലെ എറണാകുളം മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തുകയുണ്ടായി.
കൂടുതല്‍ പരാതികള്‍
എസ്ഐടി മുമ്പാകെ കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുണ്ടെന്നാണ് വിവരം. ഇ-മെയിലില്‍ ലഭിക്കുന്ന പരാതികളില്‍ ഗുരുതരമായ ലൈംഗികാരോപണം ഉള്ളതിനാല്‍ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയാണ് അന്വേഷണ സംഘം മുന്നോട്ടു പോകുന്നത്. അതേസമയം നടന്മാര് ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേ ലൈംഗികാതിക്രമ പരാതി നല്കിയ നടിയുടെ മൊഴിയെടുക്കല്‍ ഇന്നും തുടരും. മറ്റു നടന്മാര്ക്കെതിരെയുള്ള പരാതിയിലാണ് ഇന്നും മൊഴിയെടുക്കല്‍ തുടരുന്നത്.
സ്വന്തം ലേഖിക