വണ്ടിത്താവളം: ചടങ്ങുകൾക്കുശേഷം വിവാഹമണ്ഡപത്തിൽനിന്നും വധൂവരൻമാരെ വീട്ടിലെത്തിച്ചത് അലങ്കരിച്ച ഓട്ടോറിക്ഷയിൽ. മേലേ എഴുത്താണി വേലപ്പന്റെ മകൻ മുകേഷും പനയൂർ അത്തിക്കോട് സുബ്രഹ്മണ്യന്റെ മകൾ ജയന്തിയുമാണ് ഇന്നലെ വിവാഹിതരായത്.
മേലെ എഴുത്താണി റിഥം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബാണ് വധൂവരൻമാരെ ആനയിക്കാൻ അലങ്കരിച്ച പെട്ടി ഓട്ടോറിക്ഷ ഏർപ്പാടുചെയ്തത്. പെട്ടി ഓട്ടോയിൽ യാത്ര ചെയ്ത വധൂവരൻമാരെ കാണാൻ നാട്ടുകാരും അണിനിരന്നത് കൗതുക കാഴ്ചയായിമാറി. വിവാഹചടങ്ങുകൾക്ക് പണം ധൂർത്തടിക്കുന്നതിനെതിരെയുള്ള ക്ലബ് അംഗങ്ങളുടെ സന്ദേശംകൂടിയായിരുന്നു ഓട്ടോ യാത്രയിലൂടെ നൽകിയത്.