ചെങ്ങന്നൂർ: കെ.കെ രാമചന്ദ്രൻ നായർ തുടങ്ങിവച്ച പദ്ധതികളുടെ പൂർത്തീകരണത്തിന് എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയം അനിവാര്യമാണെന്ന് നടനും എംഎൽഎയുമായ മുകേഷ്. കേരളം ഉറ്റുനോക്കിയ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ.കെ ആറിന് വിജയിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനവും ജനങ്ങളോടുള്ള വ്യക്തി ബന്ധവും കൊണ്ടാണെന്ന് കെ.കെ.ആറുമായുള്ള തന്റെ വ്യക്തി ബന്ധം അനുസ്മരിച്ചു കൊണ്ട് മുകേഷ് പറഞ്ഞു.
ഒരു ജീവിതം ജീവിച്ച് അഥവാ ഒരു സ്വപ്നം സഫലമാക്കിക്കടന്നു പോയ ആളല്ല കെ.കെ.ആർ. 18 മാസത്തെ ചുരുങ്ങിയ കാലയളവുകൊണ്ട് ഒരു എംഎൽഎക്കോ മന്ത്രിക്കോ പോലും ചെയ്യുവാൻ കഴിയാത്ത നിരവധി പദ്ധതികളാണ് അദ്ദേഹം ചെങ്ങന്നൂരിൽ തുടങ്ങിവെച്ചത്.
ചെങ്ങന്നൂരിനു വേണ്ടി അദ്ദേഹം എന്താണോ ആഗ്രഹിച്ചത്, എന്താണോ പ്രവർത്തിച്ചത് അത് പൂർത്തിയാക്കാൻ അവസരം നൽകുകയാണ് ഈ തെരഞ്ഞെടുപ്പിലൂടെ നാം ചെയ്യേണ്ടതെന്നും മുകേഷ് പറഞ്ഞു. പലപ്പോഴും സജീവ രാഷ്ട്രീയത്തിൽ നിൽക്കുന്നവരല്ല ഒരു സ്ഥാനാർഥിയുടെ വിജയപരാജയങ്ങൾക്ക് നിർണായകമാകുന്നത് അതിനപ്പുറം നാടിന്റെ വികസനത്തെ നോക്കിക്കാണുന്ന നിഷ്പക്ഷമതികളാണ്.
അങ്ങനെയുള്ളവർക്കുള്ള ഓർമപ്പെടുത്തലാണ് കെ.കെ.ആറിന്റെ സ്വപ്ന പദ്ധതികൾ എന്നും മുകേഷ് പറഞ്ഞു.
എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ചെങ്ങന്നൂരിലെ വിവിധ കുടുംബയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.