എവിടെയായിരുന്നു? ഇവിടെങ്ങും കണ്ടില്ലല്ലോ? തമാശയുമായി കടല്‍ത്തീരത്തെത്തി! നിയന്ത്രണം വിട്ട മത്സ്യത്തൊഴിലാളികള്‍ നടനും എംഎല്‍എയുമായ മുകേഷിനെ അന്തസ് ശരിക്കും പഠിപ്പിച്ചു

പ്രകൃതി അതിന്റെ ഏറ്റവും രൗദ്ര ഭാവം പുറത്തെടുത്തിരിക്കുകയാണ്, ഏതാനും ദിവസങ്ങളായി. ജനങ്ങളെല്ലാം പ്രത്യേകിച്ച്, കടല്‍ത്തീരത്തെ ജനങ്ങള്‍ ജീവന്‍ കൈയ്യില്‍ പിടിച്ചാണ് കഴിയുന്നത്. മത്സ്യബന്ധനത്തിന് പോയി കാണാതായ ഉറ്റവര്‍ക്കുവേണ്ടിയുള്ള വിലാപം വേറെയും. കേരളത്തില്‍ ദുരന്തനിവാരണ സേന നിരുത്തരവാദിത്വപരമായാണ് പെരുമാറുന്നതെന്ന് പരാതികള്‍ ഉയരുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ അത്രപോലും അനങ്ങുന്നില്ലെന്നത് മാധ്യമങ്ങളിലൂടെയും നേരിട്ടും ജനങ്ങള്‍ക്ക് ബോധ്യമായതാണ്.

പലയിടങ്ങളിലും ജനങ്ങള്‍ പ്രതിഷേധവുമായി റോഡിലിറങ്ങുക പോലുമുണ്ടായി. ഈ സാഹചര്യത്തില്‍ അത്യന്തം ഭീതിജനകമായ സാഹചര്യം നിലനില്‍ക്കുന്ന കൊല്ലത്തേയ്ക്ക് അവിടുത്തെ, നടനും കൂടിയായ എംഎല്‍എ മുകേഷ് കടന്നു ചെന്നപ്പോഴുണ്ടായ ജനങ്ങളുടെ പ്രതികരണമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. അന്തസ് വേണമെട അന്തസ്, ഒന്നുമില്ലെങ്കിലും എന്റെ പ്രായമെങ്കിലും നോക്കണ്ടേട എന്ന മുകേഷിന്റ ഹിറ്റ് ഡയലോഗ് മലയാളികള്‍ ആരും മറന്നിട്ടില്ല. എന്നാല്‍ എന്താണ് യഥാര്‍ഥ അന്തസ് എന്ന് കൊല്ലം എം.എല്‍.എയായ നടനെ പഠിപ്പിച്ചു കൊടുത്തിരിക്കെയാണ് കൊല്ലത്തെ മല്‍സ്യ തൊഴിലാളികള്‍.

ചുഴലിക്കാറ്റിലും മഴയിലും തീരദേശമേഖല ദുരിതക്കയത്തില്‍ ആയപ്പോള്‍ ആ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാതിരുന്നതാണ് മുകേഷിനെതിരെ ജനവികാരം ഉയരാന്‍ ഇടയാക്കിയത്. വ്യാഴാഴ്ച്ച ഉച്ച മുതല്‍ കടലില്‍ കാണാതായ മല്‍സ്യതൊഴിലാളിക്ക് വേണ്ടി തീരദേശം അലമുറയിടുമ്പോള്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ ആശ്വാസവാക്കുമായി സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് മാത്രമാണ് മുകേഷ് തീരദേശത്തേക്ക് വന്നത്. വൈകിട്ട് മന്ദം മന്ദം ജോനകപ്പുറം കടപ്പുറത്തേക്ക് സംസ്ഥാന കമ്മിറ്റി അംഗം കെ .വരദരാജനൊപ്പം വന്ന മുകേഷ് ലേല ഹാളിലെ കസേരയില്‍ ഇരുന്നു.

എം.എല്‍.എ സ്ഥലത്ത് എത്താത്തിന്റെ രോക്ഷം മല്‍സ്യതൊഴിലാളികള്‍ക്കിടയില്‍ ശക്തമായതിനിടയിലാണ് മുകേഷ് എത്തിയത്. എവിടെയായിരുന്നു? ഇവിടെ എങ്ങും കണ്ടില്ലല്ലോ? മല്‍സ്യതൊഴിലാളിയായ സ്ത്രീ ചോദിച്ചു. ഉടനേ വന്നു മുകേഷിന്റെ കോമഡി. ‘നമ്മള്‍ ഇവിടെ തന്നെ ഉണ്ടേ, വിദേശത്തെങ്ങും പോയിട്ടില്ലേ’ തമാശയാണ് പറഞ്ഞതെങ്കിലും ഇതോടെ മല്‍സ്യതൊഴിലാളികളുടെ നിയന്ത്രണം വിട്ടു. പിന്നെ അവിടെ കേട്ട വാക്കുകളൊന്നും പ്രസിദ്ധീകരണ യോഗ്യമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഒടുവില്‍ സി.പി.എം പ്രവര്‍ത്തകരും സംസ്ഥാന സമിതി അംഗം കെ.വരദരാജനും മുകേഷിനോട് പറയേണ്ടി വന്നത്രേ….തോമസുകുട്ടി വിട്ടോട… എന്ന്.

 

Related posts