തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിന്റെ ഗൂഢാലോചനയിൽ മുകേഷിന് പങ്കുണ്ടെന്ന ആരോപണം ശക്തമാകുന്നു. കൊല്ലത്തെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ഈ ആരോപണം ഉന്നയിച്ച് പ്രതിഷേധങ്ങൾ തുടങ്ങിക്കഴിഞ്ഞു. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്ത 2013 കാലയളവിനോടനുബന്ധിച്ച് പൾസർ സുനി മുകേഷിന്റെ ഡ്രൈവറായി ജോലി നോക്കിവരികയായിരുന്നുവെന്നും പൾസർ സുനിയെ ദിലീപിന് പരിചയപ്പെടുത്തികൊടുത്തത് മുകേഷാണെന്നുമാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.
എന്നാൽ ഈ ആരോപണങ്ങളെക്കുറിച്ചുള്ള പ്രതികരണം ചോദിക്കാനായി മുകേഷിനെ രാഷ്ട്രദീപികയിൽ നിന്ന് വിളിച്ച പ്പോൾ കഴിഞ്ഞ ദിവസം താൻ പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ ഒന്നും പറയാനില്ലെന്നാണ് മുകേഷ് പ്രതികരിച്ചത്. സിപിഎമ്മിലെ ഒരു വിഭാഗത്തിന് മുകേഷ് കാരണം പാർട്ടി പ്രതിരോധത്തിലായിരിക്കുന്നുവെന്ന അഭിപ്രായം സംസ്ഥാന നേതാക്കളെയും പാർട്ടി സെക്രട്ടറിയെയും ധരിപ്പിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിൽ അമ്മ ജനറൽ ബോഡിയോഗത്തിൽ മാധ്യമപ്രവർത്തകർക്ക് നേരെ കയർത്ത് സംസാരിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി മുകേഷിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കൂടാതെ പരസ്യമായി ഖേദ പ്രകടനം വാർത്തസമ്മേളനത്തിലൂടെ നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് മുകേഷ് മാധ്യമപ്രവർത്തകർക്ക് നേരെ താൻ നടത്തിയ നടപടിയിൽ ഖേദം പ്രകടിപ്പിച്ചത്.
അതേ സമയം സംശയത്തിന്റെ പേരിൽ അന്വേഷണ സംഘത്തിന് മുകേഷിനെ ചോദ്യം ചെയ്യാമെന്ന കോടിയേരി ബാലകൃഷ്ണന്റെ നിലപാട് കൊല്ലം ജില്ലാ കമ്മിറ്റിയുടെ കൂട്ടായ തീരുമാനത്തിന്റെ ഫലമായിട്ടുണ്ടായതാണെന്നാണ് വിലയിരുത്തുന്നത്. പൾസർ സുനിയും മുകേഷിന്റെ കുടുംബാംഗങ്ങളും തമ്മിലുള്ള ബന്ധം തെളിയിക്കാൻ നവമാധ്യമങ്ങളിൽ പൾസർ സുനിയോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു.
മുകേഷിന്റെ രാജി ആവശ്യപ്പെട്ട് സമരപരിപരിപാടികൾ ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. നടിയെ ആക്രമിച്ച കേസിൽ മുകേഷിനെ ചോദ്യം ചെയ്യുമെന്ന് ഇന്നലെ വാർത്തകൾ പ്രചരിച്ചതോടെ തന്നെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ പോലീസിൽ നിന്നും അറിയിപ്പോ നോട്ടീസോ ലഭിച്ചിട്ടില്ലെന്നും വാർത്തകൾ അഭ്യൂഹമാണെന്നായിരുന്നു മുകേഷ് പ്രതികരിച്ചത്.