തിരുവനന്തപുരം: മുകേഷിനെതിരേ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തതോടെ മുകേഷിന്റെ രാജിക്കായുള്ള ആവശ്യം ശക്തമായി. മുകേഷിനെതിരേയുള്ള ലൈംഗിക പീഡനക്കേസിൽ സിപിഐ ഉച്ചയ്ക്കു ശേഷം നിലപാടു വ്യക്തമാക്കുമെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു. പാർട്ടി നേതൃത്വം ഇതു സംബന്ധിച്ചു കൂടിയാലോചന നടത്തുകയാണ്. ഉച്ചയ്ക്ക് ശേഷം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലപാടു വ്യക്തമാക്കും.
അതേസമയം മുകേഷ് പ്രതിനിധാനം ചെയ്യുന്ന പാർട്ടിയെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുന്ന നിലപാടു സ്വീകരിക്കരുതെന്നും കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നുമാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എന്നാൽ മുകേഷ് രാജിവയ്ക്കണമെന്നാണ് സിപിഐ ദേശീയ നേതാവ് ആനിരാജ ആവശ്യപ്പെട്ടത്.
മുകേഷിനു പദവിയിൽ തുടരാൻ അർഹത നഷ്ടപ്പെട്ടെന്നും എത്രയും പെട്ടെന്ന് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും ആനിരാജ ആവശ്യപ്പെട്ടു. ഇടതുപക്ഷത്തിന്റെ നിലപാട് സ്ത്രീപക്ഷ നിലപാടാണെന്നും അവർ അഭിപ്രായപ്പെട്ടു. അതേസമയം മുകേഷ് പ്രശ്നം സിപിഎം രാഷ്ട്രീയമായും ധാർമികമായും കൈകാര്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുകേഷ് സ്വമേധയാ രാജി വച്ചില്ലെങ്കിൽ മുഖ്യമന്ത്രി മുകേഷിന്റെ രാജി ചോദിച്ചു വാങ്ങണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
എന്നാൽ മുകേഷിനെതിരേ ഉയർന്ന ആരോപണങ്ങളിൽ സിപിഎമ്മും എൽഡിഎഫും ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് മുതിർന്ന സിപിഎം നേതാവ് എം.എ. ബേബി പറഞ്ഞത്. ആദ്യ വിഷയം ഉണ്ടായപ്പോൾ ജനപ്രിയനായ നടനെതിരേ പിണറായി സർക്കാർ നടപടി സ്വീകരിച്ചു. അയാൾ കുറെക്കാലം ജയിലിൽ കഴിഞ്ഞു.
മാധ്യമങ്ങൾ അതൊന്നും കാണിക്കുന്നില്ല. അന്ന് വനിതാ ചലച്ചിത്ര പ്രവർത്തകർ നൽകിയ നിവേദനത്തിലാണ് ഹേമ കമ്മിറ്റി രൂപീകരിച്ചതെന്നും ബേബി പറഞ്ഞു. ഇപ്പോൾ ലോക്സഭയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ എംപിമാർക്കെതിരേ സമാനമായ ആക്ഷേപമുണ്ട്. അവർക്കൊന്നുമെതിരേ കാണിക്കാത്തതാണു കൊല്ലം എംഎൽഎക്കെതിരേ കാണിക്കുന്നതെന്നും ബേബി കൂട്ടിച്ചേർത്തു.
അതേസമയം മുകേഷിന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷവും പ്രതിഷേധം കടുപ്പിച്ചതോടെ വിഷമവൃത്തത്തിലായിരിക്കുകയാണു സിപിഎം നേതൃത്വം. നേരത്തെ പീഡന ആരോപണത്തെ തുടർന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് രാജിവച്ചിരുന്നു. രഞ്ജിത്തിന്റെ രാജിയിലൂടെ വിവാദങ്ങളിൽനിന്നു താത്കാലിക ആശ്വാസം ലഭിച്ചെന്നു കരുതിയ പാർട്ടി നേതൃത്വത്തിനു പുതിയ കുരുക്കായിരിക്കുകയാണു മുകേഷിനെതിരെയുള്ള ആരോപണം.
യുഡിഎഫിലെ രണ്ട് എംഎൽഎമാർക്കെതിരേ ലൈംഗികാരോപണവും ബലാത്സംഗക്കേസും ഉണ്ടായപ്പോൾ കോണ്ഗ്രസ് അവരോട് രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നും ഇപ്പോൾ മുകേഷിന്റെ കാര്യത്തിൽ ആരോപണത്തിന്റെ പേരിൽ രാജി ആവശ്യപ്പെടുന്നത് ഇരട്ടത്താപ്പാണെന്നുമുള്ള ന്യായത്തിൽ കടിച്ചുതൂങ്ങി നിൽക്കുകയാണ് സിപിഎം. ഇപ്പോൾ മുകേഷിനെതിരേ പോലീസ് കേസെടുത്തതോടെ സിപിഎം നേതൃത്വത്തിന്റെ പ്രതികരണത്തിനായി കാതോർക്കുകയാണ് കേരളം.