കൊച്ചി: നടനും എംഎല്എയുമായ മുകേഷിനെതിരേ മറ്റൊരു ഗുരുതര ആരോപണവുമായി ജൂണിയര് ആര്ട്ടിസ്റ്റ് സന്ധ്യ. തന്റെ സുഹൃത്തായ ഒരു ജൂണിയര് ആര്ട്ടിസ്റ്റിന്റെ വീട്ടിലെത്തിയ മുകേഷ് മോശമായി പെരുമാറിയെന്നും അദ്ദേഹത്തെ അവിടെനിന്ന് അടിച്ച് പുറത്താക്കിയെന്നുമാണ് സന്ധ്യയുടെ വെളിപ്പെടുത്തൽ.
“മുകേഷ് എന്റെ സുഹൃത്തിന്റെ മേല്വിലാസം കണ്ടുപിടിച്ച് അവരുടെ വീട്ടിലെത്തി. സുഹൃത്തിന്റെ അമ്മ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. സുഹൃത്ത് പുറത്തായിരുന്നു. മുകേഷ് അമ്മയോട് വളരെ മോശമായി പെരുമാറിയെന്നാണ് സന്ധ്യ ആരോപിക്കുന്നത്.
കാസ്റ്റിംഗ് കൗച്ചിന് വഴങ്ങാത്തതിന്റെ പേരില് അവസരങ്ങള് നിഷേധിക്കപ്പെട്ടുവെന്ന് സന്ധ്യ പറഞ്ഞു. ലൈംഗിക താല്പര്യങ്ങള്ക്ക് വഴങ്ങിയില്ലെങ്കില് സിനിമയില് അവസരം കിട്ടാത്ത സാഹചര്യമാണുള്ളത്. കാസ്റ്റിംഗ് കൗച്ചിന് വഴങ്ങണമെന്ന് കാസ്റ്റിംഗ് ഡയറക്ടറായ വിച്ചു തന്നോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സന്ധ്യ പറഞ്ഞു.
താന് ഒരു സിനിമയിലാണ് അഭിനയിച്ചിട്ടുള്ളത്. അന്ന് ഒരു ദിവസത്തെ ഷൂട്ടിംഗായിരുന്നു. ലൊക്കേഷനില് പ്രശ്നമൊന്നും നേരിട്ടിട്ടില്ല. എന്നാല് സിനിമാമേഖലയിലെ ആളുകളെ വിളിക്കുമ്പോള് ആദ്യം ചോദിക്കുന്നത് നിങ്ങള് അവൈലബിളാണോ എന്നാണ്. നിങ്ങള് മാരീഡാണോ, നിങ്ങള് ബോള്ഡ് സീന് ചെയ്യാന് തയാറാണോ, എക്സ്പോസ് ചെയ്യുമോ, നിങ്ങള് കോംപ്രമൈസിന് തയാറാണോ എന്നൊക്കെയാണ് ചോദിക്കുന്നത്.
എന്നാല് നോ പറഞ്ഞാല് അതോടെ അവസരം നഷ്ടമാവും. പിന്നെ അവര് വിളിച്ചാല് എടുക്കുകയും ചെയ്യില്ല. പ്രൊഡക്ഷന് എക്സിക്യൂട്ടീവ്സ്, മാനേജര്മാര് ഇവരോടൊക്കെയാണ് താന് ഏറ്റവും കൂടുതല് സംസാരിച്ചിട്ടുള്ളതെന്നും സന്ധ്യ പറഞ്ഞു. മാസങ്ങള്ക്ക് മുമ്പ് കാസ്റ്റിംഗ് ഡയറക്ടറായ വിച്ചുവിനോട് സംസാരിച്ചിരുന്നു. ആദ്യം സംസാരത്തിനിടയില് നിങ്ങളുടെ താല്പര്യമെന്താണെന്ന് ചോദിക്കും. അഭിപ്രായം പറഞ്ഞാല് അപ്പോള് നിങ്ങള്ക്ക് അഭിപ്രായമുണ്ടെങ്കില് നിങ്ങള് വീട്ടിലിരിക്കും എന്നാണ് പറയുക.
അഭിനയ മോഹം കൊണ്ടാണ് സിനിമയിലെത്തയത്. ഞാന് ആകെ ഒരു സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. ‘അമല’ എന്ന ചിത്രത്തില്. അവസരം ലഭിക്കണമെങ്കില് വഴങ്ങണമെന്നാണ് പ്രൊഡക്ഷന് കണ്ട്രോളര് പറഞ്ഞത്. എനിക്ക് അങ്ങനെ അവസരം വേണ്ടെന്ന് പറഞ്ഞു. എന്നാല് ജോലി ഇല്ലാതെ വീട്ടിലിരുന്നോളൂ എന്നാണ് പറഞ്ഞത്. സിനിമ മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞതോടെ അവസരങ്ങള് ഇല്ലാതായി’ സന്ധ്യ വ്യക്തമാക്കി.
ഇതൊരു സാധാരണമായ പ്രശ്നമാണിത്. ഈ മേഖലയിലുള്ള നിരവധി സുഹൃത്തുക്കളുണ്ട്. അവര്ക്കൊക്കെയും ഇത്തരത്തിലുള്ള അനുഭവങ്ങളാണുള്ളത്. എനിക്ക് മാത്രമല്ല, പലര്ക്കും ഇതേ അനുഭവങ്ങളാണുള്ളത്. ഇവിടെ ഒരു സ്ത്രീയും സുരക്ഷിതരല്ല. കൂടെ ആരുമില്ലാതെ പോയാല് സുരക്ഷ ചോദ്യമാണ്. നേരത്തെ, പറഞ്ഞാല് ആരും വിശ്വസിക്കില്ല. ഇപ്പോള് ഹേമ കമ്മിറ്റിയുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് പറയാനുള്ള സാഹചര്യമുണ്ടെന്ന് മനസിലായെന്നും സന്ധ്യ പറയുന്നു.