സ്വന്തം ലേഖകൻ
തിരുവനന്തപുരം : അച്ഛനെന്താ ഒളിച്ചുനിൽക്കുകയാണോ എന്നു ചോദിച്ചു മകൻ ശ്രാവണ്‍, മുകേഷിനെ ഓടിവന്നു കെട്ടിപ്പിടിച്ചപ്പോൾ ദൂരെ മാറിനിന്ന അമ്മ സരിത ഒരു നിമിഷം പതറി. അമ്മയും വരൂ എന്ന വിളി കേട്ടതോടെ മസ്കറ്റ് ഹോട്ടലിൽ തിങ്ങിക്കൂടിയവർക്കെല്ലാം ആശ്ചര്യം. സരിതയോടു മാധ്യമ പ്രവർത്തകരുടെ പ്ലീസ് എന്ന വാക്കു കൂടിയായതോടെ വേർപിരിഞ്ഞ താരദമ്പതികളായ മുകേഷും സരിതയും വർഷങ്ങൾക്കു ശേഷം ഒന്നിച്ചു.
കാരണക്കാരനായതു മകൻ ശ്രാവണ്‍. രാജേഷ് നായർ സംവിധാനം ചെയുന്ന കല്യാണം എന്ന സിനിമയുടെ പൂജാവേളയിലാണു മകന്റെ സിനിമാ അരങ്ങേറ്റത്തിനു സാക്ഷ്യം വഹിക്കാൻ മുകേഷും സരിതയും ഒന്നിച്ചത്. സരിത എത്തുമോയെന്നു സംശയിച്ചെങ്കിലും രാവിലെ പത്തു മണിക്കു തന്നെ അവർ മസ്കറ്റ് ഹോട്ടലിലെത്തി. പിന്നെ സിനിമയിൽ കന്നിക്കാരനായ മകന്റെ കൈയും പിടിച്ചു സദസിലുണ്ടായിരുന്ന സിനിമാ പ്രവർത്തകരുടെ അനുഗ്രഹത്തിനായി നിറഞ്ഞ പുഞ്ചിരിയുമായി അവർക്കരികിലെത്തി.
അടുത്ത് മുകേഷ് നിന്നെങ്കിലും സരിത മുഖത്തു നോക്കിയില്ല. ഇതു മനസിലാക്കിയ ശ്രാവണ്‍ അൽപസമയത്തിനു ശേഷം അമ്മയേയും കൂട്ടി അച്ഛൻ മുകേഷിന്റെ അടുത്തേയ്ക്കെത്തി. പിന്നെ കാമറാ ഫ്ളാഷുകളുടെ പൂരമായിരുന്നു. ഇടയ്ക്കു ശ്രാവണ്‍ ഫോട്ടോ സെഷനിൽ നിന്നു ബോധപൂർവം മാറി. പിന്നീടു കണ്ടതു ചിരിച്ചുകൊണ്ടു ചേർന്നു നിൽക്കുന്ന മുകേഷിനേയും സരിതയെയുമാണ്. മുകേഷിന്റെ ഭാര്യ മേതിൽ ദേവികയും പൂജക്കെത്തിയിരുന്നു.
ഡോക്ടറായ ശ്രാവണ്‍ ആദ്യമായി അഭിനയിക്കുന്ന കല്യാണം എന്ന ചിത്രത്തിലെ നായികയും പുതുമുഖമാണ്. ഡബ്മാഷ് വീഡിയോകളിലൂടെ സോഷ്യൽ മീഡിയകളിൽ താരമായ വർഷയാണു നായിക. സാൾട്ട് മാംഗോ ട്രീ, എസ്കേപ്പ് ഫ്രം ഉഗാണ്ട എന്നീ സിനിമകൾ സംവിധാനം ചെയ്തതു രാജേഷ് നായരാണ്. മുകേഷും ശ്രീനിവാസനും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ സിനിമയുടെ സ്വിച്ചോണ്‍ കർമം നിർവഹിച്ചു. മന്ത്രി എ.കെ. ബാലൻ, നടൻ മധു, മുകേഷിന്റെ അമ്മ വിജയകുമാരി, മണിയൻപിള്ള രാജു, ഷാജി കൈലാസ്, കെ. മധു തുടങ്ങിയവരും പങ്കെടുത്തു.