തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ലൈംഗികാതിക്രമ ആരോപണം നേരിടുന്ന മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണ്ടതില്ലെന്ന് ശശി തരൂര്‍ എംപി. ഏതൊരാള്‍ക്കും നിരപരാധിത്വം തെളിയിക്കാന്‍ അവകാശമുണ്ട്. നിരപരാധിയാണോ അല്ലയോ എന്ന് തെളിയട്ടെ. ബാക്കി ചര്‍ച്ചകള്‍ എന്നിട്ടു പോരേയെന്ന് അദ്ദേഹം പറഞ്ഞു.
ഒരാൾക്കെതിരേ ഒന്നിലധികം പീഡനപരാതികൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഗൗരവത്തോടെ അന്വേഷിക്കേണ്ടതുണ്ട്. സിനിമാമേഖലയിലെ സ്ത്രീകൾക്കെതിരായ പീഡനപരാതികൾ പരിശോധിക്കാൻ ആഭ്യന്തര പരാതിപരിഹാര സമിതികൾ പ്രായോഗികമാവില്ലന്നും തരൂർ കുറ്റപ്പെടുത്തി.
മുകേഷിന്റെ രാജി ആവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് അടക്കം സമരം നടത്തുന്നതിനിടെയാണ് തരൂര്‍ ഈ പ്രസ്താവന നടത്തിയിരിക്കുന്നത്.
അതേസമയം, മുകേഷിനെതിരേ പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍ കളവാണെന്ന് മുകേഷിന്റെ അഭിഭാഷകന് ജിയോ പോള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാന്‍ ശ്രമിക്കും. കേസില്‍ ഹാജരാക്കാന്‍ കഴിയുന്ന തെളിവുകള്‍ സംബന്ധിച്ച് മുകേഷുമായി ചര്‍ച്ച ചെയ്തു. സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും അഭിഭാഷകന് വ്യക്തമാക്കി.