കൊല്ലം: ജനങ്ങളുടെ ഹൃദയത്തിൽ തൊട്ട വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷം കൊല്ലം മണ്ഡലത്തിൽ നടത്തിയതെന്ന് എം. മുകേഷ് എംഎൽഎ.
അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ള വിതരണം, ഭവന നിർമാണം, സാംസ്കാരികം, ടൂറിസം എന്നീ മേഖലകളിൽ സമഗ്രവികസനമാണ് നടന്നത്.
ഈ മേഖലകളിൽ 1330 കോടി രൂപ അടങ്കലിലുള്ള വിവിധ പ്രോജക്ടുകൾക്കാണ് കിഫ്ബി മുഖേനെയും സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിതമായും അംഗീകാരം ലഭിച്ചിട്ടുള്ളത്.
പല പദ്ധതികളും നിർവഹണത്തിന്റെ വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ച് വരികയാണെന്നും എംഎൽഎ വ്യക്തമാക്കി.
കൊല്ലം-കുന്നത്തൂർ താലൂക്കുകളെ തമ്മിൽ ബന്ധിപ്പിച്ച് അഷ്ടമുടി കായലിനു കുറുകേ നിർമിക്കുന്ന പെരുമൺ പാലം വർഷങ്ങളായുള്ള ജനങ്ങളുടെ സ്വപ്നസാക്ഷാത്ക്കാരമാണ്.
45 കോടി രൂപയാണ് അടങ്കൽ തുക. 44 കുടുംബങ്ങളിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്ന നടപടികൾ പൂർത്തീകരിച്ച് പാലത്തിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചു. പൈലിംഗ് ജോലികൾ പുരോഗമിക്കുകയാണ്.
കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ഓലയിൽക്കടവ് വരെയുള്ള ആശ്രാമം ലിങ്ക് റോഡിന്റെ മൂന്നാംഘട്ടവികസനം 105 കോടി രൂപ അടങ്കലിൽ ഉള്ളത് 80 ശതമാനം പൂർത്തീകരിച്ചു.
ഇതിന്റെ തുടർച്ചയായി ഓലയിൽക്കടവിൽ നിന്നും തോപ്പിൽക്കടവിൽ ദേശീയപാതയിൽ എത്തിച്ചേരുന്ന പദ്ധതിയാണ് ലിങ്ക് റോഡിന്റെ നാലാംഘട്ടം.
കിഫ്ബിയിൽ നിന്ന് 150 കോടി രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കിഫ്ബിയുടെ സാങ്കേതിക പരിശോധനകൾ പൂർത്തീകരിച്ച് ടെൻഡർ നടപടികളിലേയ്ക്ക് കടക്കുകയാണ്.
തൃക്കടവൂർ, പെരുമൺ, കിളികൊല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി.
ജില്ലാ ആശുപത്രിയുടെയും വിക്ടോറിയ ആശുപത്രിയുടെയും അടിസ്ഥാന സൗകര്യ വികസനത്തിന് മാസ്റ്റർപ്ലാൻ അടിസ്ഥാനപ്പെടുത്തിയുള്ള രണ്ട് പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്.
ജില്ലാ ആശുപത്രിക്ക് 143 കോടി രൂപയുടെയും വിക്ടോറിയ ആശുപത്രിക്ക് 109 കോടി രൂപയുടെയും പദ്ധതികളാണ് നിലവിലുള്ളത്.
ജില്ലാ ആശുപത്രിയുടെ കിഫ്ബി പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
അഞ്ചാലുംമൂട് ഹയർ സെക്കൻഡറി സ്കൂൾ മികവിന്റെ കേന്ദ്രമാകുന്ന പദ്ധതിക്ക് അഞ്ച് കോടി രൂപ ചെലവിൽപണി പൂർത്തീകരിച്ചു. മങ്ങാട് ഹയർസെക്കൻഡറി സ്കൂളിൽ നാലു കോടി രൂപയുടെ പദ്ധതിയും പൂർത്തിയാക്കി.
പനയം ആലുംമൂട് പണയിൽ സ്കൂളിൽ 4.25 കോടി രൂപയുടെ പദ്ധതിയും പൂർത്തിയാക്കി. കൊല്ലം ടൗൺ യുപിഎസ്, ഉളിയക്കോവിൽ ടികെഡിഎംഎച്ച്എസ്എസ് എന്നീ സ്കൂളുകളിലെ കെട്ടിട നിർമാണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും.
കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് രണ്ട് പദ്ധതികളാണ് നടപ്പാക്കുന്നത്. കല്ലട ഞാങ്കടവിൽ നിന്ന് കൊല്ലം നഗരത്തിൽ കുടിവെള്ളം എത്തിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. കൊല്ലം, ഇരവിപുരം മണ്ഡലങ്ങളാണ് പദ്ധതിയുടെ പരിധിയിൽ വരുന്നത്.
പദ്ധതി അടങ്കൽ 235 കോടി രൂപയാണ്. ഒപ്പം കുടിവെള്ള വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന് 37 കോടി രൂപയുടെ മറ്റൊരു പദ്ധതിയും കിഫ്ബി വഴി നടപ്പാക്കുന്നുണ്ട്.
രണ്ട് പദ്ധതികളുടെയും നിർവഹണം പുരോഗമിക്കുന്നു. വിതരണ ശംഖലയുടെയും ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും പണിയും പുരോഗമിക്കുന്നു.
നഗരമേഖലയ്ക്ക് പുറമേ തൃക്കരുവ, പനയം പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഗ്രാമീണ മേഖലയിലെ കുടിവെള്ള വിതരണത്തിന് 54 കോടി രൂപയുടെ പദ്ധതിക്കും ബജറ്റിൽ അംഗീകാരം ലഭിച്ചു.
20 ശതമാനം തുക വകയിരുത്തുകയും ചെയ്തു. ഇതോടെ സന്പൂർണ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്ന മണ്ഡലമായി കൊല്ലം മാറും.
ടൂറിസം വികസന പ്രവർത്തനങ്ങൾക്ക് ആശ്രാമം, കൊല്ലം ബീച്ച്, തങ്കശേരി, അഷ്ടമുടി എന്നിവിടങ്ങളിലായി 23 കോടി രൂപയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കിയത്.
തിരുമുല്ലവാരം അന്താരാഷ്ട്ര തീർഥാടന വിനോദസഞ്ചാരകേന്ദ്രം, തങ്കശേരി പൈതൃക ടൂറിസം പദ്ധതി എന്നിവയ്ക്കായി 20 കോടി രൂപയുടെ പദ്ധതികൾക്കും ബജറ്റിൽ അംഗീകാരം നൽകി. 20 ശതമാനം തുക വകയിരുത്തിയിട്ടുണ്ട്.