വടകര: നൂറുകണക്കിന് യാത്രക്കാര്‍ എത്തിച്ചേരുന്ന മുക്കാളി റെയില്‍വേ സ്റ്റേഷന് അസൗകര്യങ്ങളാല്‍ വീര്‍പ്പ് മുട്ടുന്നു. പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവും മേല്‍ക്കൂരയുടെ അഭാവവുമാണ് യാത്രക്കാര്‍ക്ക് ദുരിതം വിതക്കുന്നത്. പ്ലാറ്റ് ഫോമിന്റെ നീളം വര്‍ധിപ്പിച്ചെങ്കിലും ഉയരക്കുറവിനെ തുടര്‍ന്ന് കയറാനും ഇറങ്ങാനും യാത്രക്കാര്‍ സര്‍ക്കസ് കളിക്കേണ്ട അവസ്ഥ.
പ്രായംചെന്ന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. സ്റ്റേഷന്റെ മുപ്പത് ശതമാനം ഭാഗത്ത് മാത്രമാണ് പ്ലാറ്റ്ഫോമിന് മേല്ക്കൂരയുള്ളു. ഇതുമൂലം മഴയത്തും വെയിലത്തും യാത്രക്കാര്‍ നേരിടുന്ന പ്രയാസം ഏറെയാണ്. പുതുതായി ഇരു ഭാഗങ്ങളിലുമായി നീട്ടിയ പ്ലാറ്റ്ഫോമില്‍ വെളിച്ചമില്ലാത്തതും ബുദ്ധിമുട്ടാണ്. ഇതുകാരണം രാത്രികാലങ്ങളില്‍ സ്റ്റേഷന് പരിസരം മദ്യ-മയക്കുമരുന്ന് ലോബികളുടെ പിടിയിലാണ്.
നിലവില്‍ പത്ത് ട്രെയിനുകളാണ് ഇവിടെ നിര്‍ത്തുന്നത്. ദേശീയ പാതയുടെ സമീപം സ്ഥിതി ചെയ്യുന്ന സ്റ്റേഷനായതിനാല്‍ ദൂര ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് എത്തിച്ചേരാന്‍ എളുപ്പമാണ്. മുക്കാളി റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ് ഫോമിന്റെ ഉയരം കൂട്ടാനും പൂര്‍ണ്ണമായി മേല്‍ക്കൂര സ്ഥാപിക്കാനും നടപടിയെടുക്കണമെന്ന് ടൗണ്‍ വികസന സമിതി ആവശ്യപ്പെട്ടു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയന് അധ്യക്ഷത വഹിച്ചു. എ.ടി.മഹേഷ്, പി.നാണു, റീന രയറോത്ത്, ഉഷ ചാത്തങ്കണ്ടി, പി.ബാബുരാജ്, പ്രദീപ് ചോമ്പാല, ബാലന് മാട്ടാണ്ടി, അശോകന് ചോമ്പാല, കെ.പി.വിജയന്, സി.ഷിമിത്ത്, പി.കെ.രാമചന്ദ്രന്, രാജേന്ദ്രന് അനുപമ എന്നിവര്‍ സംസാരിച്ചു.