മുക്കം: കോഴിക്കോട് -മലപ്പുറം ജില്ലാതിർത്തിയായ പഴം പറമ്പിൽ ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു. വാഴക്കാടിനടുത്ത ഓമാനൂർ സ്വദേശി വിനു, പഴം പറമ്പ് പുൽപറമ്പിൽ അബ്ദുറഹിമാൻ എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം നടന്നത്. ചെങ്കൽ മെഷീന്റെ ഓപ്പറേറ്റര്‍മാരാണ് ഇരുവരും. വലിയ തോതിൽ കൂട്ടിയിട്ട മൺകൂനയിൽ നിന്ന് മണ്ണിടിയുകയും മൺകൂനക്കിടയിലെ കുറ്റൻ കല്ല് തലയിൽ പതിക്കുകയുമായിരുന്നു. ഈ സമയത്ത് 20 ഓളം തൊഴിലാളികൾ ഇവിടെ ജോലിക്കുണ്ടായിരുന്നു. പലരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
അപകടം നടന്ന ഉടൻ തന്നെ ക്വാറിയിലെ ജോലിക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാരും മുക്കം അരീക്കോട്, തിരുവമ്പാടി പോലീസ്, മുക്കം ഫയർഫോഴ്സ് എന്നിവർ നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ ഒരാളെ 10 മണിയോടെയും മറ്റൊരാളെ 10.15 ഓടെയും മണ്ണിനടിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
തിരുവമ്പാടി സിഐ രാജപ്പൻ, മുക്കം എസ്ഐ കെ.ഷാജിദ്, ജനമൈത്രി പോലീസുകാരായ എഎസ്ഐ അസ്സയിൻ, സിപിഒ സുനിൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലാ പഞ്ചായത്തംഗം സി.കെ.കാസിം, ബ്ലോക്ക് പഞ്ചായത്തംഗം ഉണ്ണികൃഷ്ണൻ, കെ.പി.ചന്ദ്രൻ, മുഹമ്മദ് തുടങ്ങായവർ സ്ഥലത്തെത്തി.