മുക്കം: വർഷങ്ങളായി യുഡിഎഫ് ഭരിച്ചു വരുന്ന മുക്കം സർവീസ് സഹകരണ ബാങ്കിൽ നിയമനവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ അഴിമതി നടക്കുന്നതായി പരാതി. പാർട്ടി പ്രവർത്തകരെ പോലും മുഖവിലക്കെടുക്കാതെ കാലങ്ങളായി ചില ഡയറക്ടർമാരും ജീവനക്കാരും ലക്ഷങ്ങൾ കോഴ വാങ്ങി നിയമനം നടത്തുകയാണന്നാരോപിച്ച് യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം ഭാരവാഹികൾ എഐസിസി പ്രസിഡന്റ് രാഹുൽ ഗാന്ധിക്ക് പരാതി നൽകി.
ഈ മാസംമൂന്നിനാണ് രാഹുൽ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പരാതി അയച്ചിരിക്കുന്നത്. നിയോജക മണ്ഡലം പ്രസി. സജീഷ് മുത്തേരി, വയനാട് പാർലമെന്റ് മണ്ഡലം സെക്രട്ടറി വി.എൻ ജംനാസ്, കെ.പി. സൂഫിയാൻ എന്നിവർ ഒപ്പിട്ട പരാതിയുടെ കോപ്പി രാഷ് ട്രദീപികയ്ക്ക് ലഭിച്ചു.
ബാങ്കിലെ നിയമനങ്ങളിൽ പാർട്ടിക്കുവേണ്ടി അഹോരാത്രം പ്രവർത്തിക്കുന്നവരെ പരിഗണിക്കണമെന്ന് നിരന്തരമായി അഭ്യർത്ഥിച്ചിട്ടും അത് മുഖവിലക്കെടുക്കാതെ കഴിഞ്ഞ വർഷം ഡ്രൈവർ പോസ്റ്റിലേക്കും നീതി സ്റ്റോറിലെ ഫാർമസിസ്റ്റ് തസ്തികയിലേക്കും ലക്ഷങ്ങൾ വാങ്ങി നിയമനങ്ങൾ നടത്തിയതായി പരാതിയിൽ പറയുന്നു.
ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഎം ബാങ്ക് പിടിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ അവരെ ചെറുത്ത് തോൽപ്പിച്ച യുത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നിരവധി കേസുകൾ വന്നപ്പോൾ കേസ് നടത്താൻ പോലും ബാങ്ക് തയ്യാറായില്ലന്നും പരാതിയിൽ പറയുന്നു. നിലവിൽ ബാങ്കിൽ ഒന്പത് തസ്തികകളിലേക്ക് നടക്കുന്ന നിയമനങ്ങളിൽ യൂത്ത് കോൺഗ്രസ് മുക്കം മണ്ഡലം സെക്രട്ടറി ജലീൽ കൂടരഞ്ഞി മണ്ഡലം പ്രസിഡന്റ് നജീബ് കൽപ്പുർ എന്നിവരെ പരിഗണിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പി.വി.അൻവറിന്റെ പാർക്കുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങൾ നടത്തിയ യൂത്ത് കോൺഗ്രസിനെതിരെ പരാതി നൽകിയ സിപിഎം അനുഭാവിയുടെ മകനെ ബാങ്കിൽ നിയമിക്കാൻ നടക്കുന്ന നീക്കം അവസാനിപ്പിക്കണമെന്നും ബാങ്ക് നിയമനങ്ങൾ സുതാര്യമാക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട് .ഡിസിസി പ്രസിഡന്റ് ടി.സിദ്ധീഖ്, എൻ.സുബ്രമണ്യൻ, ബാബു പൈക്കാട്ടിൽ, സി.ജെ.ആന്റണി, ഫിലിപ്പ് പാമ്പാറ, എം.ടി.അഷ്റഫ്, ടി.ടി.സുലൈമാൻ, പി.ടി.ബാലൻ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.