മുക്കം: മുക്കം സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് ജില്ലാ നേതാക്കള്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയെന്ന യൂത്ത് ലീഗ് നേതാവിന്റെ വെളിപ്പെടുത്തല്‍ മുസ്ലീം ലീഗ് നേതൃത്വത്തെ വെട്ടിലാക്കി .ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ കൈപ്പറ്റിയ പണം എന്തു ചെയ്തു എന്നതിനെ സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തിറങ്ങിയതോടെ മുസ്ലിം ലീഗില്‍ ഭിന്നത രൂക്ഷമായി.
യുഡിഎഫ് ഭരണത്തിലുള്ള ബാങ്കില്‍ നടത്തിയ നാല്നിയമനവുമായി ബന്ധപ്പെട്ട് നാല്‍പ്പതര ലക്ഷം മുസ്ലീം ലീഗ് നേതാക്കള്‍ കൈപ്പറ്റിയതായാണ് വിവരം. ഒരു നിയമനത്തിന് 20-25 ലക്ഷം രൂപ വാങ്ങാറെന്നാണ് ആരോപണം. ഇത് കോണ്‍ഗ്രസും ലീഗും പങ്കിട്ടെടുക്കാറാണത്രെ പതിവ്.
ഇപ്രകാരം നാല് പേരെ നിയമിച്ചപ്പോള്‍ ലീഗ് നേതൃത്വം വാങ്ങിയ തുകയാണ് ഇത്. ഈ തുക ലീഗ് ജില്ലാ നേതാക്കളില്‍ പലരും കൈപ്പറ്റിയതായി തെളിവുകള്‍ സഹിതം വെളിപ്പെടുത്തി ഒരു യൂത്ത് ലീഗ് നേതാവ് പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹമാധ്യമ ഗ്രൂപ്പില്‍ നല്കിയ ശബ്ദ സന്ദേശത്തോടെയാണ് നേതാക്കള്‍ നടത്തിയ വെട്ടിപ്പ് അണികള്‍ അറിയുന്നത്.
പാര്‍ട്ടി ഓഫീസ് നിര്‍മ്മാണം ഉള്‍പ്പെടെ കാര്യങ്ങള്‍ പറഞ്ഞാണ് നേതാക്കള്‍ തുക കൈപ്പറ്റിയതെങ്കിലും പാര്‍ട്ടി ഓഫീസ് നിര്‍മാണം ഇപ്പോഴും പാതിവഴിയില്‍ തന്നെയാണെന്നും പിന്നെ നേതാക്കള്‍ കൈപ്പറ്റിയ പണം എവിടെയെന്നുമാണ് അണികളുടെ ചോദ്യം.
ബാങ്കില്‍ നിയമനം നേടിയ നാലു പേരില്‍ നിന്നും ഒരാളില്‍ നിന്നും 11 ലക്ഷം , മറ്റൊരാളില്‍ നിന്നും ഒമ്പതര ലക്ഷം രണ്ടുപേരില്‍ നിന്നും പത്ത് ലക്ഷം എന്നിങ്ങനെ പാര്‍ട്ടി വാങ്ങിയതന്നാണ് ആരോപണം . ജില്ലാ നേതാവ് രണ്ടര ലക്ഷം കൈപ്പറ്റിയതായും കൊടിയത്തൂരിലെ നേതാവ് ഏഴര ലക്ഷം രൂപ കൈപ്പറ്റിയെന്നും പറയുന്നുണ്ട്. ഇതിനെല്ലാം ശക്തമായ തെളിവുണ്ടെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു.
പാര്‍ട്ടി നേതാക്കള്‍ കൈപ്പറ്റിയ പണം എന്തു ചെയ്തു എന്നത് സംബന്ധിച്ച് കമ്മീഷനെ അന്വോഷിക്കണമെന്നും യൂത്ത് ലീഗ് നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.ശബ്ദ സന്ദേശം പുറത്തു വന്നതോടെ നേതൃത്വത്തിനെതിരേ പാര്‍ട്ടിയിലെ ഒരുവിഭാഗം രംഗത്തിറങ്ങിയിരിക്കുകയാണ്.
അതിനിടെ ലീഗ് മുനിസിപ്പല്‍ സെക്രട്ടറിയും ബാങ്ക് ഡയറക്ടര്‍മാരില്‍ ചിലരും കോണ്‍ഗ്രസ് നേതാക്കളായ ബാങ്ക്പ്രസിഡന്റിന്റെയും ഡയറക്ടറായ ഒരാളുടെയും ‘എച്ചില്’ നക്കുകയാണെന്ന് കാണിച്ച് മറ്റൊരു യുത്ത് ലീഗ് നേതാവ് ഫേസ് ബുക്ക് പോസ്റ്റിട്ടതുംവിവാദമായിരിക്കുകയാണ്.