മുക്കം: കോവിഡ് വ്യാപനം അയവില്ലാതെ തുടരുന്നതിനിടയിൽ രോഗ പ്രതിരോധ കവചമൊരുക്കുന്ന ഭാരിച്ച ചുമതല നിർവഹിക്കാൻ പാടുപെടുകയാണ് പ്രാദേശിക ഭരണകൂടങ്ങൾ.
രോഗബാധിതരെ പാർപ്പിക്കാനുള്ള ഡൊമിസിലറി കെയർ സെന്റർ, കോവിഡ് ഫസ്റ്റ് ലൈൻട്രീറ്റ്മറ്റ് സെന്റർ സജ്ജമാക്കേണ്ടതും അതിനകത്ത് കട്ടിലും കിടക്കയും അടക്കം ആവശ്യമായ ഉപകരണങ്ങളെത്തിക്കേണ്ടതും രോഗികളെ എത്തിക്കാനുള്ള വാഹനം കണ്ടെത്തേണ്ടതു മെല്ലാം പ്രാദേശിക ഭരണകൂടങ്ങൾ തന്നെ.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരമേറ്റ ഉടൻ തന്നെയാണ് ഈ ഭരിച്ച ചുമതലകൾ പ്രാദേശിക ഭരണകൂടങ്ങുടെ ചുമതലയിൽ വന്നുപെട്ടത്.
അനുദിനം ഉയർന്നു കൊണ്ടിരിക്കുന്ന രോഗികളുടെ എണ്ണത്തിനനുസരിച്ച് അവരെ ചികിത്സാകേന്ദ്രങ്ങളിൽ എത്തിക്കാനുള്ള ആംബുലൻസുകൾ, ഓക്സിജൻ മുതൽ പൾസ് ഓക്സി മീറ്റർ വരെയുള്ള ഉപകരങ്ങൾ എന്നിവയെല്ലാം ശേഖരിക്കാനാണ് തദ്ദേശ സ്ഥാപനങ്ങൾ വല്ലാതെ പാടുപെടുന്നത്.
പിപിഇ കിറ്റ്, പൾസ് ഓക്സിമീറ്റർ, അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവ വാങ്ങാൻ മുക്കം നഗരസഭ വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയിൽ നിന്ന് സഹായം തേടിയിട്ടുണ്ട്.
നഗരസഭയുടെ മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തന സജ്ജമായി.സഹായമാവശ്യമാവുന്നവർ ഹെൽപ് ഡസ്ക്കുമായി ബന്ധപ്പെടണം. സൗജന്യ ആംബുലൻസ് സർവീസും ആരംഭിച്ചു.
തെരുവുനായ്ക്കൾക്കുള്ള ഭക്ഷണ വിതരണവും തുടങ്ങി. ചെയർമാൻ പി.ടി. ബാബു, കൗൺസിലർമാരായ അശ്വതി സനൂജ്, പി.ജോഷില എന്നിവർ നേതൃത്വം നൽകി.
ഡിവൈഎഫ്ഐ മുക്കം മേഖല കമ്മിറ്റി കോവിഡ് രോഗികൾക്ക് അത്യാവശ്യ ഘട്ടത്തിൽ സഹായമെത്തിക്കാൻ ആരംഭിച്ച “സ്നേഹയാത്ര’ വാഹന സർവീസ് ജില്ലാ സെക്രട്ടറിയറ്റംഗം ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ പ്രവർത്തകർ ആരംഭിച്ച പൊതിച്ചോർ വിതരണം തുടരുന്നുണ്ട്.