മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ഗേറ്റുംപടിയിൽ നിന്ന് കണ്ടെത്തിയ ഉടലും ചാലിയം കടൽതീരത്ത് നിന്ന് കണ്ടെത്തിയ കാലുകളും തലയോട്ടിയും ഡിഎൻഎ പരിശോധനയിലൂടെ ഒരാളുടേതാണെന്ന് സ്ഥിരീകരിച്ചതോടെ കൊല നടത്തിയത് അതിവിദഗ്ധമായ പ്രൊഫഷണൽ കൊലയാളിയാണെന്നായിരുന്നു പോലീസ് ആദ്യം ഉറപ്പിച്ചിരുന്നത്. മൃതദേഹം വിവിധ കഷ്ണങ്ങളാക്കി അറുത്തുമാറ്റിയ രീതിയാണ് ഫോറൻസിക് വിദഗ്ധരെ പോലും ഈയൊരു നിഗമനത്തിൽ എത്തിച്ചത്.
അത്ര കൃത്യതയോടെ ആയിരുന്നു പ്രതി എല്ലുകൾ ഒഴിവാക്കി മൃതദേഹം അറുത്തെടുത്തത്. മികച്ച വേട്ടക്കാരനായ പ്രതി ബിര്ജു പന്നിയെ മുറിക്കുന്നത് പോലെയാണ് സര്ജിക്കല് ബ്ലെയ്ഡുകൊണ്ട് ഇസ്മായിലിന്റെ ശരീരം ക്രൂരമായി അറുത്തുമാറ്റിയത്. ഇതാണ് പ്രൊഫഷണൽ കൊലയാളിയാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതാൻ പൊലീസിനെ ആദ്യം പ്രേരിപ്പിച്ചത്.
ഗേറ്റുംപടിയിൽ കണ്ടെത്തിയ ഉടൽ പന്നിയുടേതാണെന്നായിരുന്നു ആദ്യം നാട്ടുകാർ തെറ്റിദ്ധരിച്ചത്. പിന്നീട് വിശദമായി പരിശോധിച്ചപ്പോഴാണ് മനുഷ്യ മൃതദേഹത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞത്. കാട്ടിൽ സ്ഥിരമായി വേട്ടയ്ക്ക് പോയിരുന്ന ബിർജുവിന് സർജിക്കൽ ബ്ലെയ്ഡും സഞ്ചികളും സംഘടുപ്പിക്കുവാൻ ഒരു പ്രയാസവുമുണ്ടായിരുന്നില്ല.
ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരങ്ങൾ അറുത്തു മാറ്റുകയും രക്തം പൂർണമായും വാർന്നൊഴുകിയതിന് ശേഷം ശരീരാവശിഷ്ടങ്ങൾ വിവിധയിടങ്ങളിൽ നിക്ഷേപിക്കുകയുമായിരുന്നു. രക്തം പൂർണമായും ഒഴുക്കിക്കളഞ്ഞശേഷം മൃതദേഹാവശിഷ്ടങ്ങൾ നിക്ഷേപിച്ചത് തെളിവ് നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. കൈകൾ കണ്ടെത്തിയ ഭാഗത്തു നിന്നും 55 കിലോമീറ്റർ അകലെ മുക്കത്ത് ശരീര ഭാഗങ്ങൾ ഉപേക്ഷിച്ചതും ഇതിന്റെ ഭാഗമായായിരുന്നു.
വേട്ടയാടിയ പരിചയമായാണ് ഇത്ര കൃത്യതയോടെ മനുഷ്യ മൃതദേഹം അറുത്തു മാറ്റാനും മറ്റാരുടേയും സഹായമില്ലാതെ വിവിധ ഇടങ്ങളിൽ നിക്ഷേപിക്കാനും പ്രതി ബിര്ജുവിന് തുണയായത്. കൊലപാതക രീതിയും ക്രൂരതയുടെ ആഴവും നോക്കുമ്പോൾ കേസിൽ ഒന്നിലധികം പ്രതികൾ ഉണ്ടാകുമെന്നായിരുന്നു അന്വേഷണസംഘം ആദ്യം മുതൽ തന്നെ കരുതിയിരുന്നത്.
ജില്ലയിലെ രണ്ടു ഭാഗങ്ങളിലായി നിക്ഷേപിച്ച മൃതദേഹാവശിഷ്ടങ്ങളിൽ നിന്നും ഒരു വിവരവും ലഭിക്കാതെ ലോക്കൽ പൊലിസ് ഇരുട്ടിൽ തപ്പുമ്പോഴാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുക്കുന്നത്. മുക്കം, ബേപ്പൂർ പൊലിസ് സ്റ്റേഷനുകളിലായി ഉണ്ടായിരുന്ന നാല് കേസുകൾ മാത്രമായിരുന്നു ക്രൈംബ്രാഞ്ചിന് ലഭിച്ചത്. കൊല്ലപ്പെട്ട ആളെയും പ്രതിയേയും കുറിച്ച് ഒരു വിവരവുമില്ലാതെ ലോക്കൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്ന നിലയിലേക്ക് എത്തിയത്.
വർഷങ്ങൾക്ക് മുന്പ് വണ്ടൂർ സ്റ്റേഷനിൽ മറ്റൊരു കേസിൽ ഇസ്മായിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച വിരലടയാളമാണ് കൊല്ലപ്പെട്ടത് ഇസ്മയിലാണെന്ന കണ്ടെത്തലിലേക്ക് ക്രൈം ബ്രാഞ്ചിനെ എത്തിച്ചത്. ബേപ്പൂർ കടൽതീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മനുഷ്യന്റെ ഒരു കൈയിൽ തുടങ്ങിയ അന്വേഷണം രണ്ട് വർഷത്തിന് ശേഷം ഒരു നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകത്തിലേക്ക് വഴി തുറക്കുകയായിരുന്നു.
പിടിയിലായത് രണ്ടര വർഷം പോലീസിനെ വട്ടം കറക്കിയ “നാട്ടുകാരൻ “
മുക്കം: സംസ്ഥാനമാകെ ചർച്ച ചെയ്ത ഒരു കൊലപാതകത്തിന് ചുരുളഴിഞ്ഞിരിക്കുന്നു. മരിച്ചതാരന്നോ കൊന്നത് ആരന്നോ വ്യക്തമല്ലാതിരുന്ന കേസിലാണ് തീർത്തും ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടിയിരിക്കുന്നത്. പ്രതിയാവട്ടെ മൃതദേഹാവശിഷ്ടം കണ്ടെത്തിയ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഗേറ്റും പടിക്ക് തൊട്ടടുത്ത താമസക്കാരനും.
പക്ഷെ പോലീസിനേയും നാട്ടുകാരെയും കബളിപ്പിച്ച് പ്രതിയായ ബുർജു മുങ്ങി നടന്നത് രണ്ടര വർഷമാണ്. തെളിവില്ലാത്തതിന്റെ പേരിൽ ഒരു വേള ക്രൈംബ്രാഞ്ച് എഴുതിതള്ളാനൊരുങ്ങിയ കേസാണ് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി തന്നെ പറഞ്ഞ പോലെ ദൈവത്തിന്റെ ഒരു കൈ സഹായത്താൽ തെളിഞ്ഞിരിക്കുന്നത്.
2017 ജൂൺ 28 ന് കൈകളും ജൂലൈ ആറിന് മുക്കം കാരശ്ശേരി ഗേറ്റും പടിയിൽനിന്ന് ഉടലും ഓഗസ്റ്റ് 13 ന് തലയോട്ടിയും ലഭിച്ചപ്പോഴും പിടിയിലാവുമെന്ന് ഒരു പക്ഷെ പ്രതിയായ ബിർജു പോലും കരുതിയിരിക്കില്ല. ഒരു സംശയത്തിനും ഇട നൽകാതെ അത്രയ്ക്കും ആസൂത്രിതമായിരുന്നു ബിർജുവിന്റെ നീക്കങ്ങൾ. മലപ്പുറം ജില്ലയിലെ വണ്ടൂർ സ്വദേശിയായിരുന്നിട്ടു കൂടി മരിച്ച ഇസ്മായിലിനെ തിരിച്ചറിയാൻ കഴിയാതിരുന്നതും പ്രതിക്ക് രക്ഷയായി.
വലിയ ഭൂസ്വത്തിന് ഉടമയായ ബിർജുവിന്റെ കുടുംബം ഇതെല്ലാം ദുർവ്യയം ചെയ്യുകയായിരുന്നു. ആഡംബര ജീവിതത്തിന് പണം കണ്ടെത്തുന്നതിന് വേണ്ടി സ്വന്തം അമ്മയെ കൊലപ്പെടുത്തിയ പ്രതി സഹായിയായ ഇസ്മായിലിനെയും ആസൂത്രിതമായി തന്നെ കൊലപ്പെടുത്തിയത് നാട്ടുകാരിലും െഞട്ടലുളവാക്കിയിരിക്കുകയാണ്.
ബിർജുവിന്റെ അമ്മയുടെ മരണം അസ്വാഭാവിക മരണമാണന്ന് നേരത്തെ തന്നെ അയൽവാസികൾ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കൊല നടത്തിയ ശേഷം അമ്മയെ കെട്ടി തൂക്കുകയും രാവിലെ വരെ അതിന് കാവലിരിക്കുകയും ചെയ്ത പ്രതി ഇസ്മായിലിനെ മദ്യം നൽകി കൊലപ്പെടുത്തിയ ശേഷവും പുലരുവോളം കാവലിരിക്കുകയായിരുന്നു.
പുലർച്ചെ അഗസ്ത്യൻ മുഴി പാലത്തിൽ നിന്ന് ചെറിയ ചാക്കുകളിലുണ്ടായിരുന്ന കൈകളും കാലുകളും തലയോട്ടിയും പുഴയിൽ തള്ളിയങ്കിലും വാഹനങ്ങൾ വന്നതിനാൽ ഉടൻ ഭാഗം തള്ളാനായില്ല. ഉടൽ ഭാഗം പിന്നീട് മാലിന്യങ്ങൾ തള്ളുന്ന സ്ഥലത്ത് ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. ഏതായാലും ഏറെ പ്രമാദമായ കേസിന്റെ ചുരുളഴിക്കാനായതിൽ സംസ്ഥാന പോലീസിനും അഭിമാനിക്കാം