മുക്കം: മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രോഗിയുമായി വന്ന ആളോട് ഡോക്ടർ മോശമായി പെരുമാറിയതായി പരാതി. ഇന്നലെയാണ് സിഎച്ച്സിയിൽ ഡോക്ടറും ആംബുലൻസിൽ രോഗിയുമായെത്തിയയാളും തമ്മിൽ വാക്കുതർക്കമുണ്ടായത്. രാവിലെ ഒന്പത് മണിയോടെയാണ് ഒരു സുഹൃത്ത് വിളിച്ചറിയിച്ചതിനെ തുടർന്ന് മുക്കം സ്വദേശിയായ ജലീൽ റോഡരികിൽ കുഴഞ്ഞ് വീണ് കിടക്കുകയായിരുന്ന തമിഴ്നാട് സ്വദേശിയുമായി മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിയത്.
രോഗി വൃത്തിഹീനമായ അവസ്ഥയിലായതിനാൽ ഡോക്ടർ ആംബുലൻസിലെത്തി പരിശോധിക്കുകയായിരുന്നു. തുടർന്ന് ഷുഗർ പരിശോധിക്കാനായി നിർദേശിച്ചതിനെ തുടർന്ന് രോഗിയുമായി പോവുന്ന സമയത്ത് മറ്റൊരു ഡോക്ടർ വിളിച്ചു വരുത്തി അസഭ്യം പറയുകയായിരുന്നുവെന്ന് ജലീൽ പറഞ്ഞു.
ഒ.പി സമയമായ പകൽ ഒന്പത് മുതൽ ആറ് വരെ ആശുപത്രിയിൽ അഡ്മിറ്റില്ലെന്നും ഈ സമയത്ത് രോഗികളെ കിടത്തി ചികിത്സിപ്പിക്കില്ലെന്നും പറഞ്ഞതായി ജലീൽ പറഞ്ഞു. ഡിഎംഒയെ വിവരമറിയിച്ചതായും ഇയാൾ പറഞ്ഞു. അതേസമയം കാര്യങ്ങൾ ചോദിച്ചറിഞ്ഞ തന്നോട് ജലീൽ തട്ടിക്കയറുകയായിരുന്നുവെന്ന് ആരോപണ വിധേയനായ ഡോ. ഷാജി പറഞ്ഞു. ഒപി സമയത്ത് കിടത്തി ചികിത്സിക്കാൻ സൗകര്യമില്ലാത്ത മുക്കം സിഎച്ച്സിയിലേക്ക് രോഗിയെ കൊണ്ടുവരുന്നതിന് പകരം മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നത് രോഗിയുടെ ആരോഗ്യത്തിന് നല്ലതാണെന്നാണ് താൻ പറഞ്ഞത്.
ഇതിന്റെ പേരിൽ തന്നെ തെറി പറയുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്ത ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡോ. ഷാജി പറഞ്ഞു. നല്ല നിലയിൽ പ്രവർത്തിക്കുന്ന സിഎച്ച്സിയെ തകർക്കാനാണ് ചിലരുടെ ശ്രമമെന്നും ഡോക്ടർ പറഞ്ഞു. സംഭവത്തെതുടർന്ന്ആശുപത്രിയിലെ ഡോക്ടർമാർ പത്ത് മിനുട്ടോളം ഒപി ബഹിഷ്ക്കരിച്ചു. രോഗികളുടെ പ്രതിഷേധം ഉയർന്നതോടെ ഡോക്ടർമാർ ബഹിഷ്കരണം അവസാനിപ്പിക്കുകയായിരുന്നു.