മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് എടപ്പറ്റ താമസിക്കുന്ന ശ്രീകാന്തിനും കുടുംബത്തിനും ആശ്വാസമായി മുസ്ലിം ലീഗ്. ശ്രീകാന്തിനെ കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് “രാഷ്ട്രദീപിക’ യോട് പറഞ്ഞു.
ഇന്നലെ “രാഷ്ട്രദീപിക’യിൽ വന്ന കുടുംബത്തിന്റെ ദുരിത വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ബൈത്തുറഹ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരിക്കും വീട് നിർമിച്ച് നൽകുക. ശ്രീകാന്തിന്റെ അമ്മയ്ക്ക് കുടുംബസ്വത്ത് ലഭിക്കുന്നതിനാവശ്യമായ നിയമ സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ജില്ലാ കളക്ടർക്കും മന്ത്രിമാർക്കും കുടുംബത്തിന്റെ അവസ്ഥ അറിയിച്ചു പരാതി നൽകുമെന്നും സി.പി. ചെറിയ മുഹമ്മദ് പറഞ്ഞു. ഇന്നലെയാണ് ശ്രീകാന്തിന്റെയും കുടുംബത്തിനെയും ദുരിത വാർത്ത പ്രസിദ്ധീകരിച്ചത്. ശ്രീകാന്തും ഭാര്യയും അമ്മയും രണ്ടു പിഞ്ചു മക്കളെയും അടങ്ങുന്ന കുടുംബം ടാർപായ കൊണ്ട് മറച്ചുകെട്ടിയ ഒറ്റമുറി കുരയിലാണ് താമസം.
അടുക്കളയും കിടപ്പുമുറിയും പോലും തിരിച്ചറിയാൻ പറ്റാത്ത വിധം ദുരിതാവസ്ഥയിലാണ് ഈ കുടുംബം. വൈദ്യുതി കണക്്ഷൻ പോലും ലഭ്യമല്ലാത്ത ഇവിടെ എട്ടാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന കുട്ടികൾക്ക് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഓൺലൈൻ ക്ലാസുകൾ പോലും അപ്രാപ്യമാണ്.
രാത്രിസമയങ്ങളിൽ മെഴുകുതിരി വെട്ടത്തിലാണ് കുട്ടികൾ പഠനം നടത്തുന്നത്. ഈ ഒരു അവസ്ഥയിൽ നിന്നാണ് കുടുംബത്തിന് മോചനമാവുന്നത്.