മുക്കം: സംസ്ഥാനത്ത് ഏറെ വിവാദങ്ങൾക്ക് കാരണമായ കൊച്ചി മംഗലാപുരം ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. പദ്ധതി അടുത്തമാസം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
ഇതോടെ പൈപ്പ് ലൈൻ കടന്ന് പോകുന്ന ഏഴ് ജില്ലയിലെ വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും കുറഞ്ഞ ചെലവിൽ ഇന്ധനം ലഭ്യമാക്കാനും സാധിക്കും.നിലവിൽ പാചകവാതകത്തിന് നൽകുന്ന തുകയുടെ മുന്നിൽ ഒന്ന് മാത്രം നൽകിയാൽ വീടുകളിലും സ്ഥാപനങ്ങളിലും ഇന്ധനം ലഭിക്കും.
പൊതുമേഖലാ സ്ഥാപനമായ ഗെയിൽ നടപ്പാക്കുന്ന കൊച്ചി- മംഗളൂരു വാതകപൈപ്പ് ലൈനിന്റെ 404 കിലോമീറ്ററിൽ അവശേഷിക്കുന്നത് ഏതാനും കിലോമീറ്ററുകൾമാത്രമാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി അന്തിമ പ്രവൃത്തികൾ നടന്നുവരികയാണ്.
നേരത്തെ വലിയ രീതിയിൽ എതിർപ്പുകളും സമരങ്ങളും നടന്ന സ്ഥലങ്ങളിൽ നിർമ്മാണം നിർത്തിവെച്ചിരുന്നു. ഈ പ്രദേശങ്ങളിലെല്ലാം എതിർപ്പ് മാറിയതോടെയാണ് പ്രവൃത്തി ആരംഭിച്ചത്. പുഴക്ക് കുറുകെ പൈപ്പിടുന്ന പ്രവർത്തനങ്ങളും അന്തിമഘട്ടത്തിലായി.
കാസർകോട് ചന്ദ്രഗിരി പുഴയിലൂടെയുള്ള പൈപ്പിടലാണ് ഇനി ശേഷിക്കുന്നത്. ഇത് ആഴ്ചകൾക്കുള്ളിൽ പൂർത്തിയാകും. എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലൂടെയാണ് പൈപ്പ് ലൈൻ കടന്നുപോകുന്നത്.
ഇതിൽ പ്രധാന പൈപ്പ് ലൈൻ ഗെയിലും വീടുകളിലേക്കും മറ്റും വിതരണത്തിനുള്ള ഉപശൃംഖലകൾ ഐഒസിയും അദാനി ഗ്രൂപ്പുമാണ് സ്ഥാപിക്കുന്നത്. കമ്പനികൾക്കും മറ്റും വലിയ അളവിലുള്ള വാതകവിതരണം ഗെയിൽ നിർവഹിക്കും.
വീട്, വാഹനങ്ങൾ എന്നിവയ്ക്കുള്ള വിതരണം മാർച്ചിൽ പൂർണതോതിലാകും. നിലവിൽ കൊച്ചി, തൃശൂർ എന്നിവിടങ്ങളിൽ വാതകം വിതരണം ചെയ്യുന്നുണ്ട്.
2010 ലാണ് വാതക പൈപ്പ് ലൈൻ പദ്ധതിക്ക് രാജ്യത്ത് തുടക്കമായത്. 2012 ജനുവരിയിൽ കൊച്ചി– മംഗലാപുരം , കൊച്ചി-കോയമ്പത്തൂർ-ബംഗളൂരു പദ്ധതിക്കും അനുമതി ലഭിച്ചിചിരുന്നു .
എന്നാൽ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാൻ സാധിച്ചില്ല. പിന്നീട് എൽഡിഎഫ് സർക്കാർ അധികാരത്തിലേറി 2016 ജൂണിലാണ് പദ്ധതിക്ക് ജീവൻവച്ച് നാലുവർഷത്തിനുള്ളിൽ പൂർത്തിയാകുന്നത്.