മുക്കം: നിപ്പായുടെ ഭീതിയകലും മുമ്പേ വ്യാപിച്ച ഡങ്കിപ്പനിയും മറ്റു പകർച്ചവ്യാധികളുമായി നാട്ടിൽ ഡോക്ടർമാരുടെ സഹായം ഏറെ ആവശ്യമുള്ളപ്പോൾ മുന്നൂറോളം രോഗികൾക്ക് ഒരു ഡോക്ടർ. പകലന്തിയോളം ഒരു ഫാർമസിസ്റ്റ്. അതിനാൽ ഇവിടെയെത്തുന്ന രോഗികൾക്ക് ഡോക്ടറെ കണ്ടു പോകാൻ പറ്റിയാൽ തന്നെയും മഹാഭാഗ്യം. ജില്ലയിലെ കൊടിയത്തൂർ മാക്കൽ ആസ്പത്രിയുടെ ദുരവസ്ഥയാണിത്.
ജില്ലയിൽ നിപ്പ വൈറസ് ബാധിച്ച് ഒരാൾ മരിച്ചത് മലയോര മേഖലയിലെ ഈ പ്രദേശത്തായിരുന്നു ഡങ്കിപ്പനിയും മറ്റു പകർച്ച വ്യാധികളും ഇവിടെ വ്യാപകവുമാണ്. ദിനേന ഇരുനൂറോളം രോഗികളാണ് കൊടിയത്തൂർ മാക്കൽ ആസ്പത്രിയിൽ ചികിത്സ തേടിയെത്തുന്നത്.
ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മൂന്ന് ഡോക്ടർ തസ്തികയുണ്ടെങ്കിലും ഒരു ഡോക്ടർ മാത്രമേ ചികിത്സക്കുള്ളൂ. രണ്ട് മാസങ്ങൾക്ക് മുമ്പ് വരെയുണ്ടായിരുന്ന രണ്ട് ഡോക്ടറുണ്ടായത് ഒരാൾ ലീവിലായതോടെ ജനങ്ങൾ പ്രയാസത്തിലാണ്. ആവശ്യത്തിന് ഡോക്ടറില്ലാത്തതിനാൽ രോഗിയും ഡോക്ടറും തമ്മിൽ സംസാരമൊന്നും നടക്കില്ല.
പെട്ടെന്ന്ചീട്ടു വാങ്ങി മരുന്ന് എഴുതൽ പ്രക്രിയ മാത്രം. ഫാർമസിക്ക് മുമ്പിലും നീണ്ട നിരയാണ് .ഏക ഫാർമസിസ്റ്റ് ഏറെ പാടുപെടുകയാണ്. ഇതിനിടെ മൺസൂൺ കാലത്ത് വൈകിട്ട് ആറു വരെ പ്രവർത്തിക്കാൻ എച്ച്.എം.സി തീരുമാനിച്ചിട്ടുണ്ട്.
ഇതിനും പുറമെ ആർദ്രം പദ്ധതി മുഖേന ഈ പ്രാഥമികാരോഗ്യകേന്ദ്രം ഫാമിലി ഹെൽത്ത് സെന്റർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുമുണ്ട്. അതേ സമയം ഉച്ചവരെയെങ്കിലും ആവശ്യാനുസരണം ഡോക്ടറും ഫാർമസിസ്റ്റും ഉണ്ടായിരുന്നെങ്കിൽ എന്ന അഭ്യർഥനയിലാണ് നാട്ടുകാർ.