മുക്കം: ബത്തേരി സ്കൂളിൽ വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ മുക്കം നഗരസഭ പരിധിയിലെ സ്കൂളുകളിലെ സുരക്ഷിതത്വവും ശുചിത്വ സംവിധാനങ്ങളും വിലയിരുത്തുന്നതിനായി നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി.
മുത്താലം എൽപി സ്കൂൾ , മുത്തേരി യുപി സ്കൂൾ, വിവേകാനന്ദ വിദ്യനികേതൻ , നീലേശ്വരം ഹയർ സെക്കന്‍ഡറി സ്കൂൾ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ട പരിശോധന നടത്തിയത് .പരിശോധനയിൽ ഗുരുതരമായ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ട മുത്താലം എൽ പി സ്കൂൾ കെട്ടിടത്തിന്റെ അപാകതകൾ ഒരു മാസത്തിനകം പരിഹരിക്കുന്നതിന് മാനേജ്മെന്റിന് കർശന നിർദ്ദേശം നൽകി.
വിവേകാനന്ദ വിദ്യാനികേതൻ സ്കൂളിലെ ക്ലാസിനോട് ചേർന്നുള്ള വിറക് പുര പൊളിച്ച് മറ്റാൻ നിർദ്ദേശം നൽകി.
മുത്തേരി സ്കൂളിനോട് ചേർന്നുള്ള കാട്പിടിച്ച സ്ഥലം വ്യത്തിയാക്കാൻ സ്ഥലം ഉടമക്ക് നിർദേശം നൽകി.നീലേശ്വരം ഹയർ സെക്കന്‍ഡറി സ്കൂളിലെ ഭക്ഷണ മാലിന്യം സംസ്കരിക്കുന്ന എയ്റോബിക് പ്ലാന്റ് പ്രവൃത്തനക്ഷമമാക്കാൻ സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകി.
നഗരസഭ ചെയർമാൻ വി. കുഞ്ഞൻ, സെക്രട്ടറി എൻ.കെ. ഹരീഷ് ,കൗൺസിലർ മുക്കം വിജയൻ ,ഓവർസിയർ സി. രേണുക ,ജെഎച്ച് ഐ ലൂഷൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.