മുക്കം: യുവാവിന്നെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം കിണറിൽ തള്ളിയ സംഭവത്തിൽ ദുരൂഹതയേറുന്നു.പരിക്കേറ്റ രമേശിനെ വീട്ടിൽ നിന്ന് ഫോണ് വിളിച്ചിറക്കിയതല്ലന്നാണ് പോലീസ് പറയുന്നത്. അങ്ങിനെയെങ്കിൽ രാത്രി ഒരു മണി സമയത്ത് ഇയാൾ എന്തിന് പുറത്ത് പോയന്ന ചോദ്യമാണ് ബാക്കിയാവുന്നത്.
രമേശ് അന്വേഷണത്തോട് സഹകരിക്കുന്നില്ലന്നും പോലീസ് പറയുന്നു.ഫോണ് വിളിച്ചാണ് ഇയാളെ പുറത്തിറക്കിയതെങ്കിൽ ആ കോൾ പിന്തുടർന്ന് പ്രതിയെ പിടികൂടാമായിരുന്നു.എന്നാൽ അങ്ങിനെ ഒരു ഫോണ് കോൾ വരാത്തതിനാൽ അന്വേഷണ സംഘവും പ്രതിസന്ധിയിലാണ്.ഇയാളുപയോഗിക്കുന്ന ഫോണുകൾ പോലീസ് പരിശോധിച്ചിരുന്നു.
സംഭവ ദിവസം വീട്ടിലെത്തിയ അന്വേഷണ സംഘത്തോട് രമേശിന്റെ വീട്ടുകാർ പറഞ്ഞത് ഒന്നോടെ ആരോ ഫോണ് ചെയ്ത് പുറത്തിറക്കിയതാണെന്നായിരുന്നു. എന്നാൽ ഫോണ് വിളി നടന്നില്ലന്ന് അന്വേഷണ സംഘം തന്നെ പറയുന്പോൾ കള്ളൻ കപ്പലിൽ തന്നെയാണോ എന്ന ചോദ്യമാണ് ബാക്കിയാവുന്നത്.
രമേശ് അന്വേഷണവുമായി സഹകരിച്ചെങ്കിൽ മാത്രമേ പ്രതികളെ കുറിച്ച് പോലീസിന് സൂചന ലഭിക്കൂ.ബുധനാഴ്ച പുലർച്ചെയാണ് പന്നിക്കോട് കാരാളിപറന്പ് സ്വദേശി പാറപ്പുറത്ത് രമേശിനെ കാരാളിപറന്പ് അങ്ങാടിക്ക് സമീപത്തെ കിണറ്റിൽ കണ്ടെത്തിയത്.