മുക്കം: യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തി കിണറ്റിൽ തള്ളിയ സംഭവം ആസൂത്രിതമെന്ന് പോലീസ്. മുക്കം കാരാളിപറന്പ് പാറപ്പുറത്ത് രമേശിനാണ് കഴിഞ്ഞ ദിവസം കുത്തേറ്റത്. സംഭവത്തിൽ ക്വട്ടേഷൻ ടീമിന്റെ പങ്കും പോലീസ് തള്ളിക്കളയുന്നില്ല. സ്ഥലത്ത് ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സംഭവം ആസൂത്രിതമാണന്ന് പൊലീസ് പറയുന്നത്. സാധാരണ നിലയിൽ സംഭവം നടന്നതായി കരുതുന്ന കാരാളിപറന്പിലേക്ക് ഏത് വാഹനവും വരും എന്നിരിക്കേ വാഹനം അര കിലോമീറ്റർ മാറി നിർത്തിയിട്ട് ഉൗടുവഴിയിലൂടെ നടന്നാണ് സംഘം കാരാളിപറന്പിലെത്തിയത്. സ്ഥലത്ത് മണം പിടിച്ച പോലീസ് നായ ഈ ഉൗടുവഴിയിലൂടെ അര കിലോമീറ്റർ ദൂരം എത്തിയിരുന്നു.
നായയ്ക്ക് മണം പിടിക്കുന്നതിന് കഴിയാതിരിക്കാൻ സ്ഥലത്ത് മുളക് പൊടി വിതറിയ നിലയിലും മലമൂത്ര വിസർജനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ രമേശിനെ തള്ളിയ കിണറിന് സമീപത്ത് നിന്ന് പോലീസിന് ലഭിച്ചതുന്പിൽ മണം പിടിച്ചാണ് നായ കുയ്യിൽ ഭാഗത്തെത്തിയത്. ഇത് കൊണ്ട് തന്നെയാണ് ക്വട്ടേഷൻ സാധ്യത പോലീസ് തള്ളിക്കളയാത്തതും. രമേശിന് ആഡംബരവാഹനങ്ങൾ വാടകക്ക് നൽകുന്ന ഏർപ്പാടും ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമായിരിക്കാം ആക്രമണത്തിന് കാരണമെന്നാണ് സൂചന.സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ഇന്നലെ തന്നെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
രമേശിന്റെ മൊബൈൽ ഫോണിലേക്ക് വന്ന നന്പറുകൾ പിന്തുടർന്നാണ് ചോദ്യം ചെയ്തത്. സംഭവസ്ഥലത്തേക്ക് എത്തിപ്പെടുന്ന തൊട്ടടുത്ത സ്ഥലങ്ങളിലെ സി.സി.ടി വി ക്യാമറകളും പോലീസ് പരിശോധിച്ചു വരികയാണ്.അതിനിടെ പ്രതിയെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് അറിയുന്നത്. രണ്ടുദിവസത്തിനകം പ്രതികൾ പിടിയിലാവുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ജീവിതത്തിനും മരണത്തിനും ഇടയ്ക്ക് ആറു മണിക്കൂർ!
മുക്കം: ശരീരത്തിൽ ഗുരുതരമായ മുറിവുകളേറ്റ് രക്തം വാർന്നൊലിച്ചുകൊണ്ട് രമേശ് കിണറ്റിൽ കിടന്നത് ആറുമണിക്കുർ. അർധരാത്രി ഫോണ് ചെയ്ത് വീട്ടിൽനിന്ന് വിളിച്ചു വരുത്തി കത്തികൊണ്ട്കഴുത്തിലും വയറിലും കുത്തിയും വെട്ടിയും ഗുരുതരമായി പരിക്കേൽപ്പിച്ച് കിണറ്റിൽ തള്ളിയ പന്നിക്കോട് കാരാളിപറന്പ് പാറപ്പുറത്ത് രമേശ് (42) രക്തം വാർന്നൊലിക്കുന്ന നിലയിൽ കിണറ്റിൽ ജീവൻ നിലനിർത്തുകയായിരുന്നു.
കഴിഞ്ഞദിവസം രാത്രി ഒന്നോടെ നടന്നതെന്ന് കരുതുന്ന സംഭവം നടറിയുന്നത് രാവിലെ ഏഴിനാണ്.ഇത്രയും സമയം രമേശ്കിണറ്റിൽ മോട്ടോർ വൈപ്പിൽ അവശനിലയിൽ തൂങ്ങിക്കിടന്നതെങ്ങിനെയെന്ന് ആളുകൾ അത്ഭുതപ്പെടുകയാണ്. വെള്ളത്തിൽ വീണാൽ താണുപോകുമായതിരുന്നു. പുറത്ത് കേൾക്കത്തക്കവിധം ഒരു ശബ്ദം പുറപ്പെടുവിക്കാനായത് വലിയ അനുഗ്രഹമായി. ആ ശബ്ദം പീടികകോലായിലിരിക്കുന്നവർ കേട്ടതാണ് യുവാവിനെ രക്ഷപ്പെടുത്താൻ വഴിതെളിച്ചത്.