മുക്കം: യുഡിഎഫ് വിമതന്റെ പിന്തുണയോടെ എൽഡിഎഫ് ഭരിക്കുന്ന മുക്കം നഗരസഭയിൽ ബിജെപി കൗൺസിലർമാരുടെ പിന്തുണയോടെ സിപിഎം ആസൂത്രണ സമിതി പിടിച്ചെടുത്തു.
33 വാർഡുകളുള്ള നഗരസഭയിൽ ഇരുമുന്നണികൾക്കും 15 വീതം കൗൺസിലർമാരും ഒരു സ്വതന്ത്രനും രണ്ട് ബിജെപി അംഗങ്ങളുമാണുള്ളത്.
സ്വതന്ത്രൻ മുഹമ്മദ് അബ്ദുൽ മജീദിന്റെ പിന്തുണയോടെയാണ് നഗരസഭ എൽഡിഎഫ് ഭരിക്കുന്നത്. ഇരുമുന്നണികൾക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ ആസൂത്രണ സമിതി അംഗങ്ങളുടെയും സമിതി വൈസ് ചെയർമാന്റെയും തെരഞ്ഞെടുപ്പ് നീളുകയായിരുന്നു.
അതിനിടെ ഇന്നലത്തെ ഭരണസമിതിയിൽ ആസൂത്രണസമിതി അജണ്ട വരികയായിരുന്നു. 16 പേരുടെ പിന്തുണയുള്ള ഭരണസമിതിയിയെ കൂടാതെ രണ്ട് ബിജെപി അംഗങ്ങളും ആസൂത്രണ സമിതി തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അനുകൂലമായി കൈപൊക്കിയതോടെ ആസൂത്രണ സമിതി ഇടതുമുന്നണിക്ക് അനുകൂലമാവുകയായിരുന്നു.
യുഡിഎഫിന് അനുകൂലമായി 15 പേർ കൈ പൊക്കിയപ്പോൾ എൽഡിഎഫിന് അനുകൂലമായി രണ്ട് ബിജെപി അംഗങ്ങളും സ്വതന്ത്രനുമടക്കം 18 പേർ കൈപൊക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വൈസ് ചെയർമാനെ ഇന്ന് തെരഞ്ഞെടുത്തേക്കും. നഗരസഭ അധ്യക്ഷനായിരിക്കും ആസൂത്രണ സമിതി അധ്യക്ഷൻ. പുറമേ വൈസ് ചെയർമാനും ഉണ്ടാകും.
സ്ഥിരംസമിതി അധ്യക്ഷൻമാരും സെക്രട്ടറിയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആസൂത്രണ സമിതി അംഗങ്ങളായിരിക്കും.
സിപിഎമ്മിന് നാല് അംഗങ്ങളും മുസ്ലിം ലീഗിന് രണ്ടും കോൺഗ്രസ്, വെൽഫെയർ പാർട്ടി, ബിജെപി എന്നിവർക്ക് ഓരോ അംഗങ്ങളുമാണ് സമിതിയിൽ ഉണ്ടായിരിക്കുക.
തെരഞ്ഞെടുപ്പ് വേളയിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണ ഇപ്പോൾ മറനീക്കി പുറത്തു വന്നതായി നഗരസഭ കോൺഗ്രസ് പ്രസിഡന്റ് ടി.ടി സുലൈമാൻ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സി.കെ കാസിം എന്നിവർ ആരോപിച്ചു.