മുക്കം: മുക്കം നഗരസഭയിൽ കോവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തിൽ മുക്കം കടവ് പാലം വീണ്ടും അടച്ചു.
നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപിന്റെ നേതൃത്വത്തിലാണ് പാലം കയർ കെട്ടി അടച്ചത്.
ബുധനാഴ്ച നഗരസഭാധികൃതർ പാലം അടച്ചിരുന്നങ്കിലും വൈകുന്നേരത്തോടെ കാരശേരി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഇത് പൊളിച്ചു മാറ്റിയിരുന്നു.
ഇതേത്തുടർന്നാണ് ഇന്നലെ രാവിലെ വീണ്ടും പോലീസിന്റെ നിർദേശപ്രകാരം നഗര സഭാധികൃതരെത്തി പാലം അടച്ചത്.
നഗരസഭാ പരിധിയിൽ രോഗ വ്യാപനം അതിരൂക്ഷമാണന്നും ഈയൊരു സാഹചര്യത്തിലാണ് പാലം അടച്ചിരുന്നതെന്നും പ്രജിത പ്രദീപ് പറഞ്ഞു.
ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കടന്ന് പോവാൻ വഴി ഒരുക്കിയിട്ടുണ്ടന്നും അവർ പറഞ്ഞു. സ്ഥലത്ത് പോലീസിനെയും നിയോഗിച്ചിട്ടുണ്ട്.
അതേ സമയം മുക്കം കടവ് പാലത്തിൽ സ്ഥാപിച്ച ബാരിക്കേഡുകൾ പൊളിച്ചുമാറ്റിയ സാഹചര്യത്തിൽ കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ കളക്ടർക്കും മുക്കം പോലീസിലും ദുരന്ത നിവാരണ നിയമപ്രകാരം നടപടിയാവശ്യപ്പെട്ട് പരാതി നൽകിയെന്ന് നഗരസഭ ചെയർമാൻ പി.ടി. ബാബു പറഞ്ഞു.